യുകെ ജനതയില്‍ വലിയൊരു വിഭാഗം ബെനഫിറ്റുകളെ ആശ്രയിക്കുന്നു. കൂടുതല്‍ ആളുകള്‍ക്ക് ബെനഫിറ്റുകള്‍ കൈമാറാനും ഗവണ്‍മെന്റ് തയാറാണ്. ഉത്കണ്ഠാ പ്രശ്‌നങ്ങളുടെ പേരില്‍ വികലാംഗ ബെനഫിറ്റുകള്‍ കൈപ്പറ്റുന്ന ആളുകളുടെ എണ്ണമാണ് ഇപ്പോള്‍ റെക്കോര്‍ഡ് നേടിയിരിക്കുന്നത്. ലേബറിന് കീഴില്‍ ഓരോ ദിവസവും 250 പേര്‍ക്കെങ്കിലും ഈ ആനുകൂല്യം നല്‍കപ്പെടുന്നു.
ജൂലൈ മാസത്തില്‍ ഉത്കണ്ഠ, മൂഡ് പ്രശ്‌നങ്ങളുടെ പേരില്‍ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ്‌സ് ക്ലെയിം ചെയ്യുന്ന ഏകദേശം 650,000 പേരുണ്ടെന്നാണ് ഏറ്റവും പുതിയ ഗവേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം 44,000 പേരാണ് പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതായത് പ്രതിദിനം 250 പേരെങ്കിലും കീര്‍ സ്റ്റാര്‍മറിന് കീഴില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ തുടങ്ങിയെന്നാണ് കണക്ക്.
ഇതിനിടെ ജോലി ചെയ്യുന്നതിലും ലാഭമാണ് ബെനഫിറ്റ് നേടുന്നതെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് 2026 ആകുന്നതോടെ മിനിമം വേജില്‍ ജോലി ചെയ്യുന്നവരേക്കാള്‍ 2500 പൗണ്ട് വരെ നേട്ടം ലക്ഷണക്കിന് ബെനഫിറ്റ് കൈപ്പറ്റുന്നവര്‍ കൈവരിക്കുമെന്നാണ് കണ്ടെത്തല്‍. ജോലിക്ക് പകരം ബെനഫിറ്റ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണമേറുന്നതാണ് ആശങ്കപ്പെടുത്തുന്നതെന്ന് സിഎസ്‌ജെ പറയുന്നു.