യുകെയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇതിനകം തന്നെ വിവാദമായി കഴിഞ്ഞ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. മറ്റെല്ലാ വിധത്തിലും ഇവരെ തടയാന്‍ പരാജയപ്പെട്ടതോടെയാണ് സ്റ്റാര്‍മറിന് ഈ നീക്കം അനിവാര്യമായി മാറിയത്.
എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിന്റെ പേരില്‍ ഐഡി കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സിവില്‍ ലിബേര്‍ട്ടി ഗ്രൂപ്പുകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പ്രത്യേകിച്ച് പ്രായമായവരും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരും അവശ്യസേവനങ്ങളില്‍ നിന്നും പുറത്താകുമെന്നാണ് മുന്നറിയിപ്പ്. ടോണി ബ്ലെയറും, ഇമ്മാനുവല്‍ മാക്രോണും മുന്നോട്ട് വെയ്ക്കുന്ന ഈ പദ്ധതി കൊണ്ട് അനധികൃത കുടിയേറ്റത്തിന് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ബില്ല്യണ്‍ കണക്കിന് പൗണ്ട് ചെലവിട്ട് ഇത്തരമൊരു സ്‌കീം നടപ്പാക്കുമ്പോള്‍ ഹാക്കര്‍മാര്‍ വ്യക്തഗത വിവരങ്ങള്‍ അടിച്ചുമാറ്റുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അനധികൃത കുടിയേറ്റത്തിന് പകരം സ്വദേശികളെ ബുദ്ധിമുട്ടിപ്പിക്കാനാണ് ഇത് സഹായിക്കുകയെന്ന് നിഗല്‍ ഫരാഗ് ആരോപിച്ചു. ബോട്ടുകള്‍ തടയാന്‍ സഹായിക്കാത്ത വെറും ഗിമ്മിക്ക് മാത്രമാണ് ഇതെന്ന് കെമി ബാഡെനോകും കുറ്റപ്പെടുത്തി.
ജോലി ചെയ്യുന്ന എല്ലാ മുതിര്‍ന്ന ആളുകള്‍ക്കും സ്‌കീം ബാധകമാകുമെന്നാണ് സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്. അതായത് രാജ്യത്ത് ജോലി ചെയ്യാന്‍ അവകാശമുണ്ടെന്ന് തെളിയിക്കാന്‍ ഈ കാര്‍ഡ് കൈവശം വെയ്‌ക്കേണ്ടതായി വരും. ആദ്യ ഘട്ടത്തിന് ശേഷം ഈ കാര്‍ഡ് പൊതുസേവനങ്ങള്‍ ഉപയോഗിക്കുന്നതിനും, എല്ലാവര്‍ക്കും ആവശ്യമുള്ള ഡിജിറ്റല്‍ ഐഡി'യായി മാറുമെന്നും വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊതുജനങ്ങള്‍ക്കിടയില്‍ ഐഡി കാര്‍ഡിന് പിന്തുണ ഏറുന്നുണ്ട്. ഐഡി കാര്‍ഡിന് അനുകൂലമാണ് തന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ കാഴ്ചപ്പാടെന്ന് പുതിയ ഹോം സെക്രട്ടറി ഷബാന മഹ്മൂദും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഡ് നിലവില്‍ വന്നാല്‍ അനധികൃതമായി ജോലി ചെയ്യുന്നത് തടയാനും, കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.
ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ വന്‍തോതില്‍ ഡെലിവെറൂ, ജസ്റ്റ് ഈറ്റ് ഡെലിവെറി ഡ്രൈവര്‍മാരായി ജോലി ചെയ്ത് പതിവായി നിയമലംഘനം നടത്തുന്നുവെന്നാണ് കണ്ടെത്തല്‍.