കുട്ടികളില്ല; 2029 ഓടെ ഇംഗ്ലണ്ടിലെ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന്!
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ 800 പ്രൈമറി സ്‌കൂളുകള്‍ വരെ അടച്ചുപൂട്ടേണ്ടിവരുമെന്ന് എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ്. പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനം വലിയ തോതില്‍ കുറയുകയാണ്. ജനന നിരക്ക് കുറഞ്ഞതു മാത്രമല്ല ലണ്ടനില്‍ നിന്ന് കുടുംബങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്നതും കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലേക്കോ വിദേശത്തേക്കോ മാറ്റുന്നതുമാണ് പ്രവേശനം കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2018-19 അക്കാദമിക് വര്‍ഷത്തില്‍ 4.5 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രൈമറി തലത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിത് 2 ശതമാനമായി കുറഞ്ഞു. 2029 ഓടെ ഇതു 4.24 ദശലക്ഷമായി ഇടിയുമെന്നാണ് കണക്ക്. ഇതു 1.62 ലക്ഷം കുട്ടികളുടെ കുറവിനും ഏകദേശം 800 സ്‌കൂളുകളുടെ അടച്ചുപൂട്ടലിനും കാരണമാകും. സാമ്പത്തിക പ്രതിസന്ധി വരുന്നതോടെ നിരവധി കൗണ്‍സിലുകള്‍ക്ക് സ്‌കൂള്‍ നടത്താന്‍ പ്രയാസമാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ലണ്ടനിലെ സ്‌കൂളുകളാണ് അധികവും പ്രതിസന്ധി നേരിടുന്നത്. 9ഓളം ലോക്കല്‍ അതോറിറ്റികളില്‍ വിദ്യാര്‍ത്ഥി പ്രവേശനം സ്‌കൂളുകളില്‍ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡിന് ശേഷം സാഹചര്യം മാറിയിരിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിന് പകരം സാമ്പത്തിക സഹായം നല്‍കി സര്‍ക്കാര്‍ സ്‌കൂളുകളെ സംരക്ഷിക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.