ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ നേതാവും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവുമായ സര്‍ മെന്‍സീസ് കാംപ്ബെല്‍ (84) അന്തരിച്ചു. 'മിംഗ്' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 2006 മുതല്‍ 2007 വരെ പാര്‍ട്ടിയെ നയിച്ചിരുന്നു . 28 വര്‍ഷം അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നോര്‍ത്ത് ഈസ്റ്റ് ഫൈഫ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.
രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് കായികരംഗത്തും അദ്ദേഹം തിളങ്ങി. 1964-ലെ ടോക്കിയോ ഒളിമ്പിക്സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത അദ്ദേഹം 1967 മുതല്‍ 1974 വരെ ബ്രിട്ടനിലെ 100 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു . 'ദ ഫ്ലയിംഗ് സ്കോട്ട്സ്മാന്‍' എന്നായിരുന്നു ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
ഇറാഖ് യുദ്ധത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015-ല്‍ അദ്ദേഹം ഹൗസ് ഓഫ് ലോഡ്സിലെ അംഗമായി. കഴിഞ്ഞ വര്‍ഷം ഭാര്യ എല്‍സ്പത്ത് അന്തരിച്ചതിനു ശേഷവും, അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നിരുന്നു.