യുകെയിലെ കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. സമീപകാലത്തു വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളില്‍ സ്‌ഫോടനത്മകമായ വളര്‍ച്ച ഉണ്ടായതായി സര്‍വേ പറയുന്നു. അഞ്ചിലൊന്ന് വനിതാ വിദ്യാര്‍ത്ഥികള്‍ ലൈംഗിക അതിക്രമത്തിന് ഇരകളാകുമ്പോള്‍, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കാമ്പസുകളില്‍ അക്രമിക്കപ്പെടാന്‍ മൂന്നിരട്ടി സാധ്യത നേരിടുന്നുവെന്നാണ് കണക്ക്.
യൂണിവേഴ്‌സിറ്റികളില്‍ അനാവശ്യമായ ലൈംഗിക പെരുമാറ്റങ്ങള്‍ വ്യാപകമാണെന്ന് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് കണ്ടെത്തി. 52,000 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇത് സ്ഥിരീകരിച്ചത്. അക്രമണോത്സുകമായ ഓണ്‍ലൈന്‍ ലൈംഗിക വീഡിയോകള്‍ കാണുന്നതാണ് സ്‌ഫോടനത്മകമായ തോതില്‍ കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് കാമ്പയിനര്‍മാര്‍ കുറ്റപ്പെടുത്തി.
ഇംഗ്ലണ്ടിലെ അണ്ടര്‍ഗ്രാജുവേറ്റ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സാമ്പിള്‍ സര്‍വേ സംഘടിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ പോയി തുടങ്ങിയ ശേഷം ലൈംഗിക അപമാനം നേരിട്ടതായി 25 ശതമാനം പേര്‍ വെളിപ്പെടുത്തി. 14 ശതമാനം പേര്‍ക്ക് ലൈംഗിക പീഡനങ്ങളും, അക്രമങ്ങളും നേരിട്ടു.
33 ശതമാനം സ്ത്രീകളാണ് ലൈംഗിക അതിക്രമത്തിന് ഇരകളായത്. 12 ശതമാനം പുരുഷന്‍മാര്‍ക്കും ഇതിന് ഇരകളാകേണ്ടി വന്നു. ലൈംഗിക പീഡനങ്ങള്‍ 19 ശതമാനം സ്ത്രീകളും, 7 ശതമാനം പുരുഷന്‍മാരും നേരിട്ടു. പഠനസമയത്ത് പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ലൈംഗിക അതിക്രമവും, അപമാനങ്ങളും നേരിടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ് വ്യക്തമാകുന്നത്.