മുഖം നഷ്ടപ്പെട്ട് കീര്‍ സ്റ്റാര്‍മര്‍ ലേബര്‍ കോണ്‍ഫറന്‍സ് വേദിയിലേക്ക്; പകുതിയിലേറെ അംഗങ്ങള്‍ കൈയൊഴിഞ്ഞു
പാര്‍ട്ടിയിലും സര്‍ക്കാരിലും തിരിച്ചടി നേരിടുന്ന കീര്‍ സ്റ്റാര്‍മറിന്റെ പ്രധാനമന്ത്രി കസേരയും തുലാസില്‍. ലേബര്‍ പാര്‍ട്ടിയുടെ കോണ്‍ഫറന്‍സ് ആരംഭിക്കവെ പാര്‍ട്ടിയിലെ നിയന്ത്രണം കീര്‍ സ്റ്റാര്‍മറിനു നഷ്ടപ്പെട്ടിരിക്കുകയാണ് പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവായി സ്റ്റാര്‍മര്‍ തുടരേണ്ടതില്ലെന്നാണ് പകുതിയിലേറെ അംഗങ്ങള്‍ ഇപ്പോള്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ലേബര്‍ ലിസ്റ്റിനായി സര്‍വ്വെഷന്‍ നടത്തിയ സര്‍വ്വെയിലാണ് 53% പാര്‍ട്ടി അംഗങ്ങള്‍ സ്റ്റാര്‍മര്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ നേതൃസ്ഥാനത്ത് തുടരേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയത്. 31 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് തുണക്കുന്നത്.
ലിവര്‍പൂളില്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുമ്പോള്‍ സ്റ്റാര്‍മര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളിയുടെ ആഴം ഇതില്‍ നിന്നും വ്യക്തമാണ്.
ലേബര്‍ നേതാവായി മാറാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം പല എംപിമാരും തന്നോട് ഈ ആവശ്യം ഉന്നയിച്ചതായി ബേണ്‍ഹാം തന്നെ വെളിപ്പെടുത്തി.
പ്രധാനമന്ത്രി പദത്തില്‍ സ്റ്റാര്‍മര്‍ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലത്ത് നില്‍ക്കാന്‍ സമയമില്ലാത്ത അവസ്ഥയാണ്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ മുതല്‍ യുഎസ് അംബാസിഡര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ ഉള്‍പ്പെടെ പല അടുപ്പക്കാരും സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.
അതേസമയം, മറ്റൊരു സര്‍വ്വെയില്‍ റിഫോം നേതാവ് നിഗല്‍ ഫരാഗിന് മുന്നില്‍ നം.10ലേക്കുള്ള പാത വ്യക്തമായി തുറന്നുകഴിഞ്ഞെന്നും വ്യക്തമായിട്ടുണ്ട്. മോര്‍ ഇന്‍ കോമണ്‍ റിസേര്‍ച്ച് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി 373 സീറ്റുകള്‍ തൂത്തുവാരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോള്‍ 400ന് അടുത്ത് സീറ്റുകളുള്ള ലേബര്‍ കേവലം 90 എംപിമാരിലേക്ക് ഒതുങ്ങുമെന്നും സൂചിപ്പിക്കുന്നു.