വൂള്‍വിച്ചിലെ മലയാളി യുവതിയുടെ മരണം ലുക്കീമിയ ചികിത്സയ്ക്കിടെ
മലയാളി സമൂഹത്തിനു വേദനയായി വൂള്‍വിച്ചിലെ മലയാളി യുവതിയുടെ മരണം. തൃശൂര്‍ സ്വദേശിനിയായ കാതറിന്‍ ജോര്‍ജ്(29) ആണ് മരണമടഞ്ഞത്. ലുക്കീമിയ ബാധിച്ച് ചികിത്സയിലിരിക്കേയാണ് രണ്ടു ദിവസം മുമ്പ് കാതറിന്‍ മരിച്ചത്. 2024 സെപ്തംബറിലാണ് രോഗം തിരിച്ചറിഞ്ഞത്. സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.
2023ലായിരുന്നു ചങ്ങനാശേരി സ്വദേശിയായ സെബിന്‍ തോമസുമായി കാതറിന്റെ വിവാഹം. ഒരു വര്‍ഷത്തിലേറെ മാത്രം നീണ്ടു നിന്ന ദാമ്പത്യജീവിതം അവസാനിച്ച് കാതറിന്‍ മരണത്തിന് കീഴടങ്ങിയത് പ്രിയപ്പെട്ടവരെയെല്ലാം ദുഃഖത്തിലാഴ്ത്തി.
ചാലക്കുടി സ്വദേശിയായ കാതറീന്‍ എംഎസ് സി പഠന ശേഷം യുകെയിലെ സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഡാറ്റാ സയന്‍സില്‍ മാസ്‌റ്റേഴ്‌സ് പഠനത്തിനായി എത്തി. പഠനം പൂര്‍ത്തിയാക്കി
ഫോസ്റ്റര്‍ പ്ലസ് പാര്‍ട്‌ണേഴ്‌സ് എന്ന സ്ഥാപനത്തില്‍ ഡാറ്റാ അനലിസ്റ്റായി ജോലിയും ലഭിച്ചു. പിന്നാലെയാണ് സെബിന്‍ തോമസുമായുള്ള വിവാഹവും നടന്നത്. തുടര്‍ന്ന് വൂള്‍വ്വിച്ചിലേക്ക് എത്തിയ കാതറീന്‍ ഭര്‍ത്താവിനൊപ്പം ജീവിതം തുടങ്ങി വൈകാതെ അസുഖം തിരിച്ചറിയുകയായിരുന്നു. ചെറുപ്രായത്തിലേ വിയോഗം പ്രിയപ്പെട്ടവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. കാത്തി എന്ന് വീട്ടുകാരും സുഹൃത്തുക്കളും വിളിച്ചിരുന്ന കാതറീന്‍ ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു.