ഈ വാരാന്ത്യത്തില്‍ ബ്രിട്ടനില്‍ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ശരത്ക്കാലത്തെ ആദ്യത്തെ നാമകരണം ചെയ്ത കൊറ്റുങ്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് 5 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 6 മണിവരെ പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ മഴയ്ക്കെതിരെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്. കനത്ത മഴയില്‍ ചില ഗ്രാമപ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകാന്‍ ഇടയുണ്ടെന്നും മെറ്റ് ഓഫീസ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 250 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ ഇടയുണ്ട്. എന്നാല്‍, ഹംബെര്‍ട്ടോ, ഇമെല്‍ഡ കൊടുങ്കാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഈ വാരാന്ത്യത്തില്‍ എത്തുന്നതോടെ ഈ മുന്നറിയിപ്പ് യു കെയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടി വന്നേക്കാം എന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.
ഹംബെര്‍ടോ, ഇമെല്‍ഡ കൊടുങ്കാറ്റുകളുടെ പ്രഭാവം എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും, വെള്ളിയാഴ്ചയോടെ യു കെയില്‍ പരക്കെ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. സ്‌കോട്ട്‌ലാന്‍ഡില്‍ ഇന്ന് മുതല്‍ മഴ ആരംഭിക്കും. ഉയര്‍ന്ന പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴ അനുഭവപ്പെടുക. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.