ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യങ്ങള്‍ രണ്ട് കുട്ടികളില്‍ ഒതുക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് ഒരുങ്ങുന്നു. പകരം ഒരു ടേപ്പര്‍ സിസ്റ്റം കൊണ്ടുവരും. വരുന്ന ബജറ്റില്‍, ഇതിനായി പാര്‍ട്ടി എം പിമാരും മന്ത്രിമാരും ചാന്‍സലര്‍ക്ക് മേല്‍ സമ്മര്‍ദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണിത്. നവംബര്‍ 26 ന് അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും ക്യാപ് എടുത്തുകളഞ്ഞുകൊണ്ടുള്ള ചാന്‍സലറുടെ പ്രഖ്യാപനം ഉണ്ടാവുക എന്നാണ് കരുതുന്നത്.
ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് മൂലം മാതാപിതാക്കള്‍ക്ക്, 2017 ന് ശേഷം ജനിച്ച മൂന്നാമത്തെ കുട്ടിക്കായി യൂണിവേഴ്സല്‍ ക്രെഡിറ്റൊ, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റോ അവകാശപ്പെടാന്‍ കഴിയില്ല. അതിനു പകരമായി, അധിക ബെനെഫിറ്റുകള്‍ മൂന്നോ നാലോ കുട്ടികള്‍ക്കായി പരിമിതപ്പെടുത്താനാണ് റീവ്‌സിന്റെ വകുപ്പ് അലോചിക്കുന്നത്. അതിനു പകരമായി, ആദ്യകുട്ടിക്ക് പരമാവധി ആനുകൂല്യങ്ങളും പിന്നീടുള്ള കുട്ടികള്‍ക്ക് കുറവ് ആനുകൂല്യങ്ങളുമായി ഒരു ടേപ്പര്‍ സിസ്റ്റം കൊണ്ടുവരാനും പദ്ധതിയുണ്ട്.
യൂണിവേഴ്സല്‍ ക്രെഡിറ്റിലുള്ള, തൊഴിലെടുക്കുന്ന മാതാപിതാക്കള്‍ക്കായി മാത്രം ക്യാപ് എടുത്തു കളയുന്ന കാര്യവും പരിഗണനയിലുണ്ട്. ഇത് കൂടുതല്‍ ആളുകളെ തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും എന്നാണ് ഈ നയത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ക്യാപ് എടുത്തു കളയുക വഴി സര്‍ക്കാരിന് പ്രതിവര്‍ഷം 3 ബില്യന്‍ പൗണ്ടിന്റെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.