യുകെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് വളര്‍ച്ചയിലേക്ക് തിരിച്ചുകയറുന്നു. സെപ്റ്റംബറില്‍ യുകെ പ്രോപ്പര്‍ട്ടി വിപണി വളര്‍ച്ച തിരിച്ചുപിടിക്കുകയായിരുന്നു. വീടുകളുടെ ശരാശരി വില 271,995 പൗണ്ടിലെത്തിയതായി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി പറഞ്ഞു. ആഗസ്റ്റില്‍ 0.1% താഴ്ന്ന ശേഷമാണ് ഈ തിരിച്ചുവരവ്. ഇതിന് പുറമെ വാര്‍ഷിക ഭവനവില വളര്‍ച്ച 2.1 ശതമാനത്തില്‍ നിന്നും 2.2 ശതമാനത്തിലേക്കും വര്‍ധിച്ചു.
ഭവനവിപണിയില്‍ ഇപ്പോള്‍ സ്ഥിരത പ്രകടമായിട്ടുണ്ടെന്ന് ബില്‍ഡിംഗ് സൊസൈറ്റി ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. 'ഇപ്പോള്‍ വീട് വാങ്ങാന്‍ അംഗീകരിക്കപ്പെടുന്ന മോര്‍ട്ട്‌ഗേജുകളുടെ എണ്ണം പ്രതിമാസം 65,000 അടുത്ത് എത്തിയിട്ടുണ്ട്. മഹാമാരിക്ക് മുന്‍പുള്ള ശരാശരിക്ക് അടുത്താണ് ഇത്', അദ്ദേഹം പറയുന്നു.
ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും യുകെയില്‍ വീട് വാങ്ങുന്നവര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. തൊഴിലില്ലായ്മ കുറഞ്ഞും, വരുമാനം ആരോഗ്യപരമായ നിലയില്‍ ഉയരുന്നതും, കുടുംബത്തിന്റെ ബാലന്‍സ് ഷീറ്റ് ശക്തമായി തുടരുകയും ചെയ്യുന്നുണ്ട്. ബാങ്ക് റേറ്റ് വീണ്ടും കുറഞ്ഞാല്‍ ഇത് മെച്ചപ്പെടുമെന്ന പ്രതീക്ഷയും റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പങ്കുവെച്ചു.