എയര്‍ ഇന്ത്യ ദുരന്തം: മൃതദേഹാവശിഷ്ടങ്ങള്‍ എത്തിയില്ല, ബ്രിട്ടീഷ് കുടുംബം രംഗത്ത്
ലണ്ടന്‍: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം നടന്ന് നാല് മാസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ ലഭ്യമാക്കാത്തതിനെതിരെ വിമര്‍ശനവുമായി ദുരന്തത്തില്‍ മരണപ്പെട്ട മൂന്ന് ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബങ്ങള്‍ രംഗത്തെത്തി. തങ്ങളെ സഹായിക്കാനും ആവശ്യമായ പിന്തുണ നല്‍കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്.
ഗാറ്റ്വിക്കിലേക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ 242 പേരില്‍ 241 പേര്‍ മരണമടഞ്ഞിരുന്നു. അതില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഈ ആവശ്യം ഉന്നയിക്കുന്നതിനുള്ള ഉദ്ദേശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ പ്രിയപ്പെടവരുടെ ഭൗതികാവശിഷ്ടം പോലും നേരായ രീതിയില്‍ കൈകാര്യം ചെയ്യാത്തതിനെ കുറിച്ച് പ്രധാനമന്ത്രി ശബ്ദമുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അറിയണമെന്നും അവര്‍ ആവശ്യപെടുന്നു.