പരിസ്ഥിതി സൗഹൃദമാകാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് ഇരുട്ടടി നല്‍കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ബജറ്റില്‍ വരുമാനം കണ്ടെത്താന്‍ 1.3 മില്ല്യണ്‍ ഇവി വാഹനഡ്രൈവര്‍മാര്‍ വില കൊടുക്കേണ്ടി വരും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബജറ്റില്‍ ഏതൊക്കെ വിധത്തില്‍ പണം കണ്ടെത്താമെന്ന അന്വേഷണത്തിലാണ് ചാന്‍സലര്‍. ഇതിനുള്ള പോംവഴികള്‍ തേടുമ്പോള്‍ ഇലക്ട്രിക് വാഹന ഉപയോക്താക്കളെയും പിഴിയാനാണ് റേച്ചല്‍ റീവ്‌സിന്റെ പദ്ധതി. ഇലക്ട്രിക് വെഹിക്കിള്‍ ഡ്രൈവര്‍മാരും തങ്ങളുടെ ഓഹരി നികുതിയായി അടയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം ഉള്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
കാറിന്റെ ഭാരം നോക്കിയും, ഓരോ മൈലിനും അനുസരിച്ച് നികുതി ചുമത്താനുമെല്ലാമുള്ള ആലോചനകള്‍ ട്രഷറി ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്. നിലവിലെ 40 മില്ല്യണ്‍ റോഡ് ഉപയോക്താക്കളില്‍ 1.3 മില്ല്യണ്‍ ഡ്രൈവര്‍മാരാണ് ഇവി ഉപയോഗിക്കുന്നത്. ഇവര്‍ക്കാണ് പുതിയ സര്‍ചാര്‍ജ്ജിന്റെ ഭാരം ചുമക്കേണ്ടി വരിക.
ഇവി ഡ്രൈവര്‍മാര്‍ ഫ്യൂവല്‍ ഡ്യൂട്ടി അടയ്ക്കുന്നില്ലെന്നത് പരിഗണിച്ചാണ് സര്‍ചാര്‍ജ്ജിന് നീക്കം നടക്കുന്നത്. അതേസമയം ട്രാഫിക്കിലെ തിരക്കിനും, റോഡുകളില്‍ തേയ്മാനം സംഭവിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ഡ്രൈവര്‍മാരും ഒരു പോലെ സംഭാവന ചെയ്യണമെന്ന നിലയിലാണ് ട്രഷറി ഈ ആലോചന നടത്തുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.
ഏപ്രില്‍ മുതലാണ് ഇവി ഡ്രൈവര്‍മാരില്‍ നിന്നും വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി ഈടാക്കി തുടങ്ങിയത്. ഓരോ വര്‍ഷവും സ്റ്റാന്‍ഡേര്‍ഡ് കാറിന് 195 പൗണ്ടാണ് റോഡ് നികുതി. പെട്രോള്‍, ഡീസല്‍ കാറുകള്‍ വര്‍ഷാവര്‍ഷം 480 പൗണ്ട് ഫ്യൂവല്‍ ഡ്യൂട്ടി നല്‍കുന്നുണ്ട്.
ഈ അസമത്വം തുടരേണ്ടെന്നാണ് മന്ത്രിമാരുടെ നിലപാട്. സ്‌കൂള്‍, ഹോസ്പിറ്റല്‍, എന്നീ പൊതുസേവനങ്ങള്‍ക്കും റോഡുകളിലെ ഗട്ടര്‍ നികത്താനുമാണ് ഫ്യൂവല്‍ ഡ്യൂട്ടി ഉപയോഗിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനു പ്രോത്സാഹനം നല്‍കേണ്ട സര്‍ക്കാര്‍ ഇവി ഡ്രൈവര്‍മാരെ പിഴിയുന്നത് നീതീകരിക്കാവില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.