ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരിലേക്കും റീഫോം യുകെയുടെ 'കടന്നുകയറ്റം'; പിന്തുണ മൂന്നിരട്ടിയായി, ലേബര്‍ പിന്തുണ ഇടിഞ്ഞു
പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചു വന്നിരുന്ന സമൂഹമാണ് യുകെയിലെ ഇന്ത്യക്കാരുടെ. എന്നാല്‍ കീര്‍ സ്റ്റര്‍മര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വലിയ അതൃപ്തിയുളവാക്കിയിരിക്കുകയാണ്. ഫലം വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെയിലേക്ക് അടുക്കുകയാണ് ഇന്ത്യന്‍ സമൂഹവും.
ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരില്‍ നിജല്‍ ഫാരേജ് നയിക്കുന്ന റീഫോം യുകെയ്ക്കുള്ള പിന്തുണ മൂന്ന് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് അധ്യാപകരുടെ സംഘമായ 1928 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കണ്ടെത്തി. ദീപാവലി ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യക്കാരുടെയിടയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4 ശതമാനമായിരുന്ന റീഫോം പാര്‍ട്ടിയ്ക്കുള്ള പിന്തുണ ഇപ്പോള്‍ 13 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
റീഫോം യുകെയോടുള്ള പിന്തുണ ബ്രിട്ടീഷ് ഇന്ത്യന്‍ സമൂഹത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണെങ്കിലും, വളര്‍ച്ചാ നിരക്ക് ദേശീയ തലത്തിലെ ശരാശരിയെക്കാള്‍ വേഗത്തില്‍ വര്‍ധിച്ചിരിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. അതും കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഉണ്ടായിട്ടും.
യുകെയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ ഇന്ത്യന്‍ വംശജര്‍ രാജ്യത്തിന്റെ ഏകദേശം 3 ശതമാനം ജനസംഖ്യയാണ്. ഇതിനുമുമ്പ് ദശകങ്ങളോളം ലേബര്‍ പാര്‍ട്ടിയോടുള്ള കൂറ് നിലനിര്‍ത്തിയിരുന്ന ഇന്ത്യന്‍ വോട്ടര്‍മാര്‍, ഇപ്പോള്‍ സാമൂഹ്യ പുരോഗതിയോടൊപ്പം മറ്റു ബ്രിട്ടീഷ് ജനങ്ങളുമായി സാമ്യമുള്ള നയപ്രാധാന്യങ്ങള്‍ സ്വീകരിക്കാന്‍ തയാറായിരിക്കുകയാണ്. ഹിന്ദു വോട്ടര്‍മാരിലെ സാമൂഹിക പാരമ്പര്യവും ദേശീയതയും ഇവരെ വലതുപക്ഷത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
2021-ല്‍ കാര്‍നെജി എന്‍ഡൗമെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് നടത്തിയ പഠനത്തില്‍, ജെറമി കോര്‍ബിന്റെ കാലത്ത് കശ്മീര്‍ സ്വാതന്ത്ര്യത്തിന് ലേബര്‍ പാര്‍ട്ടി നല്‍കിയ പിന്തുണയാണ് ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാരെ പ്രധാനമായും അകറ്റിയതെന്ന് കണ്ടെത്തിയിരുന്നു. പുതിയ സര്‍വേ പ്രകാരം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടര്‍മാരില്‍ 48 ശതമാനം പേര്‍ ലേബര്‍ പാര്‍ട്ടിക്കും 21 ശതമാനം പേര്‍ കണ്‍സര്‍വേറ്റീവിനും 4 ശതമാനം പേര്‍ റീഫോമിനും വോട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ലേബറിന് 35 ശതമാനം, കണ്‍സര്‍വേറ്റീവിന് 18 ശതമാനം മാത്രമാണ് പിന്തുണ. നയപ്രാധാന്യങ്ങളില്‍ ഉണ്ടായ മാറ്റമാണ് ഈ മാറ്റത്തിന് പിന്നില്‍ എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.