കുര്‍ബാന കഴിഞ്ഞു പള്ളിയില്‍ നിന്ന് മടങ്ങവേ യുകെയില്‍ മലയാളി യുവാവ് സൈക്കിള്‍ അപകടത്തില്‍ മരിച്ചു
യുകെയില്‍ കുര്‍ബാന കഴിഞ്ഞു പള്ളിയില്‍ നിന്ന് മടങ്ങവേ മലയാളി യുവാവ് സൈക്കിള്‍ അപകടത്തില്‍പ്പെട്ടു മരണമടഞ്ഞു. യുകെയിലെ ഹെക്സ്റ്റബിളില്‍ താമസിക്കുന്ന പുത്തന്‍വീട്ടില്‍ ജോഷി സ്റ്റീഫന്‍(42) ആണ് മരണമടഞ്ഞത്.
ഡാര്‍ട്ഫോര്‍ഡിലുള്ള സെന്റ് ആന്‍സ്ലം പള്ളിയില്‍ നിന്നും രണ്ടുദിവസം മുമ്പ് രാത്രി എട്ടുമണിക്കുള്ള കുര്‍ബാനയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോഷിയുടെ സൈക്കിള്‍ അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മലയാളിയാണ്. ബെംഗളൂരു രാമമൂര്‍ത്തി നഗറിലെ സെന്റ് മേരീസ് സിറോ മലബാര്‍ പള്ളി ഇടവകാംഗമാണ്.
എഫ്ഐഎസ് ഗ്ലോബല്‍ എന്ന കമ്പനിയില്‍ കംപ്ലയന്‍സ് അനലിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹെക്സ്റ്റബിളില്‍ താമസിക്കുന്ന ജോഷി ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സെന്റ് മാര്‍ക്ക് മിഷന്‍ ഇടവകാംഗവുമായിരുന്നു.
മാതാപിതാക്കള്‍: സ്റ്റീഫന്‍-മരീന പുത്തന്‍വീട്ടില്‍. സഹോദരന്‍ ജോണി. സംസ്കാരം പിന്നീട്.