ഇംഗ്ലണ്ടില്‍ ഹൈസ്പീഡ് ട്രെയിനില്‍ കത്തി അക്രമണം; 10 പേര്‍ക്ക് കുത്തേറ്റു, ഗുരുതരമായ പരുക്കുകള്‍, 2 പേര്‍ അറസ്റ്റില്‍
ബ്രിട്ടനെ ഞെട്ടിച്ചു ഇംഗ്ലണ്ടില്‍ ഹൈസ്പീഡ് ട്രെയിനില്‍ കത്തി അക്രമണം.പത്ത് പേര്‍ക്ക് കുത്തേറ്റു. കേംബ്രിഡ്ജ്ഷയറില്‍ സഞ്ചരിക്കുകയായിരുന്ന ഹൈസ്പീഡ് ട്രെയിനില്‍ നടന്ന കത്തി ആക്രമണത്തില്‍ ഒന്‍പത് പേരുടേത് അതീവ ഗുരുതരമായ പരുക്കുകള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്തിക്കുത്ത് നടത്തിയെന്ന് സംശയിക്കുന്ന ആളെ പോലീസ് പിടികൂടി. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേംബ്രിഡ്ജ്ഷയറിലെ ഹണ്ടിംഗ്ടണ്‍ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി 7.40-ഓടെ ട്രെയിന്‍ നിര്‍ത്തി. ഇവിടെ വലിയ കത്തിയുമായി നിന്ന ഒരാളെ പോലീസ് ടേസര്‍ ചെയ്ത് വീഴ്ത്തി. പീറ്റര്‍ബറോ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ യാത്ര പുറപ്പെട്ട ശേഷമായിരുന്നു കത്തിക്കുത്ത്.
രണ്ട് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഒന്‍പത് പേരുള്‍പ്പെടെ പത്ത് പേരെ ആശുപത്രിയില്‍ എത്തിച്ചതായും അധികൃതര്‍ പറഞ്ഞു. സായുധ പോലീസ്, പാരാമെഡിക്കുകള്‍, എയര്‍ ആംബുലന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് പോലീസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ സ്‌റ്റേഷനിലേക്ക് കുതിച്ചെത്തി.
ഡോങ്കാസ്റ്ററിനും, ലണ്ടന്‍ കിംഗ്‌സ് ക്രോസിനും ഇടയില്‍ സഞ്ചരിക്കുകയായിരുന്നു ട്രെയിന്‍. പീറ്റര്‍ബറോ സ്‌റ്റേഷന്‍ വിട്ട് പത്ത് മിനിറ്റ് കടക്കുമ്പോഴാണ് അക്രമം ആരംഭിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. യാത്രക്കാര്‍ എമര്‍ജന്‍സി അലാറം മുഴക്കി അപകടസൂചന കൈമാറി.
രക്ഷപ്പെടാനായി ചിതറിയോടിയതോടെ ആളുകള്‍ ആളുകള്‍ക്ക് മുകളിലക്ക് വീണു. ചിലര്‍ക്ക് ടോയ്‌ലെറ്റുകളില്‍ അഭയം തേടേണ്ടിയും വന്നു. ഒരു പ്രതിയെ പോലീസ് ടേസര്‍ ചെയ്ത് വീഴ്ത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം ഗുരുതര വിഷയമാണെന്ന് വ്യക്തമാക്കിയ പോലീസ് കേസ് അന്വേഷണത്തില്‍ ഭീകരവിരുദ്ധ പോലീസും ചേര്‍ന്നതായി അറിയിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അപലപിച്ചു.