ഹരിയാനയിലെ 'സര്‍ക്കാര്‍ വോട്ട് ചോരി' കൊള്ള ആരോപണത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച ബ്രസീലിയന്‍ മോഡല്‍ ലാരിസ രൂക്ഷ പ്രതികരണവുമായി രംഗത്ത്. തന്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വിഡിയോയുമായാണ് ലാരിസ എത്തിയിരിക്കുന്നത്. ലാരിസയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകള്‍ നടന്നുവെന്നാണ് ചിത്രങ്ങള്‍ അടക്കം പങ്കുവെച്ച് രാഹുല്‍ ഗാന്ധി ഇന്നലെ ആരോപണം ഉന്നയിച്ചത്.
ഇന്‍സ്‌റ്റഗ്രാമിലടക്കം ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയന്‍ മോഡലിന്റെ പ്രതികരണം അടങ്ങിയ വിഡിയോ സന്ദേശം എക്സില്‍ പങ്കുവച്ചത്. ഹരിയാനയില്‍ സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ പല പേരുകളിലായിട്ടായിരുന്നു ലാരിസയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകള്‍ നടന്നത്. ഈ 22 പേരുടെയും പേരുകള്‍ക്കൊപ്പം വോട്ടര്‍ പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രമാണുണ്ടായിരുന്നത്.
'എന്റെ ആ പഴയ ചിത്രം അവര്‍ ഇന്ത്യയില്‍ വോട്ടിനായി ഉപയോഗിക്കുന്നു. പരസ്പരം പോരടിക്കാന്‍ അവര്‍ എന്റെ ചിത്രം ഉപയോഗിക്കുന്നു. എന്ത് ഭ്രാന്താണെന്ന് നോക്കൂ..' ലാരിസ പറഞ്ഞു.
തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നും ലാരിസ പറയുന്നു. തന്റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്നും ലാരിസ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ലാരിസ വിഡിയോയില്‍ ചോദിച്ചു.