കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയ കെന്റിലെ നഴ്സ് ആന്‍സി പദ്മകുമാറി (സോണിയ- 46) ന്റെ സംസ്‌കാരം 17ന് തിങ്കളാഴ്ച നടക്കും. രാവിലെ ഒന്‍പതു മണിയ്ക്ക് സ്ട്രൂഡ് ഇംഗ്ലീഷ് മാര്‍ട്ടിയാഴ്‌സ് ചര്‍ച്ചില്‍ കുര്‍ബാനയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പത്തു മണി മുതല്‍ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ചടങ്ങുകളും ഉണ്ടാകും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ജില്ലിംഗ്ഹാമിലെ വൂഡ്‌ലാന്‍ഡ് സെമിത്തേരിയിലാണ് സംസ്‌കാരം. ആന്‍സിയെ അവസാന നോക്കുകാണാന്‍ എത്തുന്ന പുരുഷന്മാര്‍ കറുത്ത വസ്ത്രത്തിലും സ്ത്രീകള്‍ വെളുത്ത വസ്ത്രത്തിലും എത്തണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു.
ആന്‍സിയോടുള്ള ആദരസൂചകമായി പൂക്കള്‍ കൊണ്ടുവരുന്നതിനുപകരം മാക്മില്ലന്‍ കാന്‍സര്‍ സപ്പോര്‍ട്ടിന് സംഭാവനകള്‍ നല്‍കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പള്ളിയില്‍ പാര്‍ക്കിംഗ് സൗകര്യമില്ല. എങ്കിലും, 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിനുള്ളില്‍ അടുത്തുള്ള റോഡുകളില്‍ സൗജന്യ പാര്‍ക്കിംഗ് ലഭ്യമാണ്. പ്രാദേശിക സമൂഹത്തെ പരിഗണിക്കണമെന്നും ഡ്രൈവ് വേകള്‍ തടഞ്ഞുകൊണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സമീപത്തുള്ള ചില പണമടച്ചുള്ള പാര്‍ക്കിംഗ് ഓപ്ഷനുകള്‍ ചുവടെ:
ഗ്രോവ് റോഡ് കാര്‍ പാര്‍ക്ക് - ME2 4BL (0.3 മൈല്‍)
സ്റ്റേഷന്‍ കാര്‍ പാര്‍ക്ക് - ME2 4DR (0.4 മൈല്‍)
ദേവാലയത്തിന്റെ വിലാസം
English Martyrs Church, Strood ME24JA
സെമിത്തേരിയുടെ വിലാസം
Woodlands Cemetery, Gillingham, ME7 2DX
മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശിനിയായ ആന്‍സി കെന്റിലെ മെഡ്വേ എന്‍എച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 2005ല്‍ യുകെയിലെത്തിയ ആന്‍സി, തന്റെ 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ആരോഗ്യരംഗത്ത് വിലപ്പെട്ട സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ആറ് വര്‍ഷമായി ആന്‍സി കാന്‍സര്‍ രോഗബാധിതയായിരുന്നു. ആദ്യഘട്ടത്തില്‍ ചികിത്സയിലൂടെ രോഗമുക്തി നേടിയെങ്കിലും, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന്, ജോലി ചെയ്തിരുന്ന അതേ ആശുപത്രിയില്‍ ചികിത്സ തേടി. മരണസമയത്ത് ഭര്‍ത്താവ് ഡോ. കെ.പി. പത്മകുമാര്‍, മകന്‍ നവീന്‍ എന്നിവരോടൊപ്പം കെന്റിലെ ഗില്ലിങ്ങാമില്‍ താമസിക്കുകയായിരുന്നു ആന്‍സി. ഡോ. പത്മകുമാര്‍ തിരുവനന്തപുരം സ്വദേശിയാണ്.
രോഗം വീണ്ടും ഗുരുതരമായതിനെത്തുടര്‍ന്ന് ആന്‍സിയുടെ മാതാപിതാക്കളായ മുണ്ടഞ്ചിറ ജോണും ലൂസിയും യുകെയിലെത്തിയിരുന്നു. കഴിഞ്ഞ നാലു മാസമായി ഇവര്‍ മകളോടൊപ്പം യുകെയിലുണ്ടായിരുന്നു. ആന്‍സിയുടെ സഹോദരങ്ങളില്‍ ജോണ്‍ മുണ്ടഞ്ചിറ ഗില്ലിങ്ങാമിലും സന്ദീപ് ജോണ്‍ ബാംഗ്ലൂരുമാണ് താമസിക്കുന്നത്.