ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
പ്രതീക്ഷിച്ചതുപോലെ ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായി കുറച്ചു. 2023 തുടക്കത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. പണപ്പെരുപ്പം നിയന്ത്രണത്തിലേക്ക് വരുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ബാങ്ക് വ്യക്തമാക്കി. വ്യാഴാഴ്ച ഒന്‍പത് അംഗങ്ങളുള്ള മോണിറ്ററി പോളിസി കമ്മിറ്റിയില്‍ 5-4 എന്ന ഭൂരിപക്ഷത്തിലാണ് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനമായത്.
പലിശനിരക്കുകള്‍ ക്രമേണ താഴേക്കുള്ള വഴിയിലാണെന്നും, എന്നാല്‍ ഭാവിയിലെ കുറവ് സമ്പദ്‌വ്യവസ്ഥയുടെ നില അനുസരിച്ചായിരിക്കുമെന്നും ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പറഞ്ഞു. അതേസമയം, ചില അംഗങ്ങള്‍ പലിശനിരക്ക് കുറയ്ക്കുന്നതില്‍ ഇപ്പോഴും ജാഗ്രത വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. സേവനമേഖലയിലെ വിലക്കയറ്റവും വേതനവര്‍ധനവും ലക്ഷ്യനിരക്കിന് മുകളിലാണെന്ന ആശങ്കയും ചര്‍ച്ചയായി.
പലിശനിരക്ക് കുറയുന്നതോടെ ഹോം ലോണുകളും ബിസിനസ് വായ്പകളും എടുക്കുന്നവര്‍ക്ക് ആശ്വാസമാകും. എന്നാല്‍, സേവിങ്‌സ് അക്കൗണ്ടുകളിലെ പലിശ കുറയാനും സാധ്യതയുണ്ട്. വര്‍ഷാവസാനത്തോടെ സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായും, പണപ്പെരുപ്പം 2 ശതമാനത്തിന്റെ ലക്ഷ്യത്തിന് അടുത്തെത്തുമെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. ചാന്‍സലര്‍ റേച്ചല്‍ റീവ്സും പലിശക്കുറവ് വായ്പ ബാദ്ധ്യതയുള്ള കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുണകരമാണെന്ന് പ്രതികരിച്ചു.
മാര്‍ച്ച് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. 2025 നവംബര്‍ വരെയുള്ള വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. ഒരു മാസം മുന്‍പ് 3.6 ശതമാനത്തില്‍ നിന്ന ശേഷമാണ് ഈ താഴ്ച. ഭക്ഷ്യവില കുറഞ്ഞതാണ് പ്രധാനമായും പണപ്പെരുപ്പ നിരക്കിനെ സ്വാധീനിച്ചത്. ഇക്കണോമിസ്റ്റുകള്‍ പണപ്പെരുപ്പം കുറയുമെന്ന് പ്രവചിച്ചിരുന്നെങ്കിലും 3.5 ശതമാനം വരെ നിരക്ക് കുറയാമെന്നായിരുന്നു കരുതിയിരുന്നത്.
സമ്മറില്‍ ഉടനീളം ഉയര്‍ന്നുനിന്ന പണപ്പെരുപ്പം ഒക്ടോബറിലാണ് അഞ്ച് മാസത്തിന് ശേഷം ആദ്യമായി താഴ്ന്നത്. നവംബറിലെ റീവ്‌സിന്റെ ബജറ്റ് സമ്മാനിച്ച ആഘാതവും പണപ്പെരുപ്പം താഴാന്‍ ഇടയാക്കി.