കാര്യസ്ഥര്‍ തന്നെ ശബരിമല അയ്യപ്പന്റെ വിലപിടിപ്പുള്ള സകലതും അടിച്ചോണ്ടുപോയതിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം. അത് കേവലം ദ്വാരപാലക ശില്പങ്ങളോ കട്ടിളപ്പാളിയോ മാത്രമല്ല പഞ്ചലോഹ വിഗ്രഹങ്ങളും വിലപിടിപ്പുള്ള പുരാവസ്തു ശേഖരങ്ങളും അടിച്ചു മാറ്റിയതിന്റെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ എന്ന കാവല്‍ക്കാര്‍ തന്നെ 'കള്ളന്മാര്‍ക്കു കഞ്ഞിവച്ചവര്‍' ആയ നാണംകെട്ട കഥകളാണ് പുറത്തുവരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സഖാക്കളായ എം പത്മകുമാറും വാസുവും ആഴ്ചകളായി അകത്താണ്.
'പോറ്റിയെ കേറ്റിയെ.. എന്ന പാരഡിഗാനം കടല്‍കടന്നും വൈറലാകുമ്പോല്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമെന്നാണ് കണ്ടെത്തല്‍. കാലങ്ങളായുള്ള തീവെട്ടിക്കൊള്ള സര്‍ക്കാരിലെ ഉന്നതരിലേയ്ക്കും മന്ത്രിമാരിലേയ്ക്കും എന്ന് എത്തുമെന്നാണ് ഇനി അറിയാനുള്ളത്. ഇത്രയും തന്നെ പുറത്തുവന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആയതുകൊണ്ടാണ്. അയ്യപ്പന്റേയും ശബരിമലയിലെയും സ്വര്‍ണം മാത്രമല്ല അടിച്ചു മാറ്റപ്പെട്ടത്. വിദേശത്തെ മാഫിയയുമായുള്ള പുരാവസ്തുക്കളുടെ ശതകോടികളുടെ ഇടപാടുകള്‍ നടന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. അത് കേവലം സിപിഎമ്മുകാരായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാരിലും ഉദ്യോഗസ്ഥരിലും നില്‍ക്കുന്നതല്ലെന്നു കട്ടായം.
ഏതായാലും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ശബരിമല പുരാവസ്തുക്കടത്തിലേക്കും നീങ്ങുകയാണ്. ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കടത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതായാണ് ഞെട്ടിക്കുന്നമൊഴി. ഇത് വാങ്ങിയിരിക്കുന്നത് തമിഴ്‌നാട് ചെന്നൈ സ്വദേശിയായ ഡി മണിയെന്ന ആളാണെന്നും വ്യവസായി മൊഴി നല്‍കി. ഡി മണിയെ കണ്ടെത്താനും വിശദമായി ചോദ്യം ചെയ്യാനും നീക്കം തുടങ്ങി. 2019-2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി മൊഴി നല്‍കിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ എ പത്മകുമാറും എന്‍ വാസുവുമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വിഗ്രഹക്കടത്തിന് ഇടനില നിന്നത്.
വ്യവസായി പരാമര്‍ശിച്ച ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. 2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്തുവെച്ചായിരുന്നു പണം കൈമാറിയത്. പണം കൈപ്പറ്റുമ്പോള്‍ ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഡി മണി നേരിട്ടെത്തിയായിരുന്നു പണം നല്‍കിയത്. ശബരിമലയുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നതനാണ് പണം വാങ്ങിയതെന്നാണ് വിവരം.
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്നായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തുക്കടത്ത് ആണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തെ അറിയിച്ചത്. ഇത് സംബന്ധിച്ച് തന്റെ കൈയില്‍ തെളിവില്ലെന്നും വ്യവസായി തന്നോട് ഇക്കാര്യം പങ്കുവെയ്ക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വ്യവസായിയെക്കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം എസ്ഐടി ഊര്‍ജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല, തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണം പ്രതികള്‍ തന്നെ എസ്ഐടിക്ക് കൈമാറിയതാണ്.
സ്വര്‍ണം കടത്തിയതിന് റിമാന്റിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ പത്മകുമാര്‍ ഇപ്പോഴും സിപിഎം പത്തനംതിട്ട ജില്ലാകമ്മറ്റി അംഗം ആയി തുടരുന്നു എന്നയിടത്താണ് 'സ്വര്‍ണം കട്ടവരാരപ്പ...; സഖാക്കളാണയ്യപ്പാ' എന്ന വരികള്‍ അര്‍ഥാവത്താകുന്നത്.
എന്തായാലും അയ്യപ്പനോട് ലവലേശം ഭയമോ ബഹുമാനമോ ഭക്തിയോ ഇല്ലാതെ വല്ലാത്തൊരു ചെയ്തായിപ്പോയി ഈ തസ്‌കര വീരരുടേത്...