ഇംഗ്ലണ്ടില്‍ കെയര്‍ സംവിധാനത്തില്‍ വളര്‍ന്നു പിന്നീട് അതില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന യുവാക്കളായ കെയര്‍ ലീവേഴ്സിന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. ഫോസ്റ്റെര്‍ കെയര്‍, റെസിഡന്‍ഷ്യല്‍ ഹോമുകള്‍ അല്ലെങ്കില്‍ ലോക്കല്‍ അതോറിറ്റികളുടെ സംരക്ഷണത്തില്‍ കഴിഞ്ഞ ശേഷം സ്വതന്ത്ര ജീവിതത്തിലേക്ക് കടക്കുന്ന ഇവര്‍ക്ക് 25 വയസ് വരെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25-ാം പിറന്നാള്‍ വരെ സൗജന്യ മരുന്നുകള്‍ (പ്രിസ്ക്രിപ്ഷന്‍), ദന്തചികിത്സ, കണ്ണുപരിശോധനയും കണ്ണട സേവനങ്ങളും ലഭ്യമാകും.
ആരോഗ്യ-സാമൂഹ്യ പരിചരണ വകുപ്പ് (DHSC) പ്രഖ്യാപിച്ച ഈ നടപടി, കെയര്‍ ലീവേഴ്സ് നേരിടുന്ന ഗുരുതരമായ ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കുക ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2025-ല്‍ 17 മുതല്‍ 21 വയസ് വരെ ഏകദേശം 53,230 കെയര്‍ ലീവേഴ്സും, 22 മുതല്‍ 25 വയസ് വരെ 44,430 പേരുമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്.
ആരോഗ്യ രംഗത്തേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കുന്നതിനായി എന്‍എച്ച്എസില്‍ കെയര്‍ ലീവേഴ്സിനായി ശമ്പളമുള്ള ഇന്റേണ്‍ഷിപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. കൂടാതെ എന്‍എച്ച്എസ് ജോലികള്‍ക്കായി ‘ഗ്യാരണ്ടീഡ് ഇന്റര്‍വ്യൂ’ പദ്ധതിയും നടപ്പാക്കും. ഇതിന്റെ ഭാഗമായി ജോലിക്ക് അപേക്ഷിക്കുമ്പോള്‍ കെയര്‍ ലീവര്‍ ആണെന്ന് വ്യക്തമാക്കാനുള്ള പ്രത്യേക ഓപ്ഷന്‍ ഉള്‍പ്പെടുത്തും. ജോലി വിവരണത്തില്‍ പറയുന്ന അടിസ്ഥാന യോഗ്യതകള്‍ നിറവേറ്റുന്നവര്‍ക്ക് മറ്റ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളോടൊപ്പം നിര്‍ബന്ധമായും ഇന്റര്‍വ്യൂവിന് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വൈകല്യമുള്ളവര്‍ക്കുള്ള നിലവിലെ എന്‍എച്ച്എസ് ഇന്റര്‍വ്യൂ നയങ്ങളുടെ മാതൃകയിലാണ് ഈ പദ്ധതി.
കെയറിലുണ്ടായിരുന്ന പുതുതലമുറ നേരിടുന്ന തുടര്‍ച്ചയായ വെല്ലുവിളികള്‍ വലിയ സാമൂഹിക പ്രശ്നമാണന്ന് ആരോഗ്യ-സാമൂഹ്യപരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. കെയറിലുണ്ടായിരുന്നവര്‍ക്ക് അകാലമരണം സംഭവിക്കാനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മുന്‍ കുട്ടികളുടെ സാമൂഹ്യപരിചരണ ഉപദേഷ്ടാവായ ജോശ് മക്അലിസ്റ്ററുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ട്, കെയര്‍ ലീവേഴ്സിന്റെ ആവശ്യങ്ങള്‍ നിയമപരമായി പരിഗണിക്കുന്നതിന് പുതിയ കുട്ടികളുടെ ക്ഷേമ-വിദ്യാഭ്യാസ ബില്ലും സര്‍ക്കാര്‍ കൊണ്ടുവരും. താമസം, മാനസികാരോഗ്യം, തൊഴില്‍ എന്നിവയില്‍ ശക്തമായ പിന്തുണ ഉറപ്പാക്കുന്നതിലൂടെ കെയര്‍ ലീവേഴ്സിന് കൂടുതല്‍ സമത്വപരമായ ജീവിതാവസരങ്ങള്‍ ഒരുക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.