ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
നൈജീരിയയില്‍ ക്രിസ്മസ് ദിനത്തില്‍ അമേരിക്കയുടെ സൈനിക നടപടി. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ താവളങ്ങളില്‍ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സൈനിക നടപടി. സൈനിക നടപടിക്ക് പിന്നാലെ, കൊല്ലപ്പെട്ട ഭീകരര്‍ക്കും ചേര്‍ത്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ആഗോളതലത്തില്‍ ശ്രദ്ധനേടുകയാണ്.
ക്രിസ്മസ് ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഐസ് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം മാരകമായിരുന്നുവെന്നും നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഷങ്ങളായി നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കുകയും അവരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകരര്‍ക്കെതിരെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ താന്‍ നേരിട്ടാണ് ഉത്തരവിട്ടതെന്ന് ട്രംപ് പറഞ്ഞു. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അത് നടപ്പിലാക്കിയെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. തന്റെ ഭരണത്തിന് കീഴില്‍ തീവ്ര ഇസ്ലാമിക ഭീകരത വളരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, കൊല്ലപ്പെട്ട ഭീകരര്‍ക്കും ചേര്‍ത്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നത് ആഗോളതലത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റി.
നൈജീരിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ സൈനിക നടപടി സ്വീകരിച്ചതെന്ന് യുഎസ് ആഫ്രിക്ക കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നൈജീരിയയിലെ സുരക്ഷാ സാഹചര്യം കേവലം ഒരു മതവിഭാഗത്തിനെതിരെ മാത്രമുള്ളതല്ലെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ ഭീകരവാദത്തിന്റെ ഇരകളാകുന്നുണ്ടെന്നും നൈജീരിയന്‍ അധികൃതര്‍ പ്രതികരിച്ചു. ക്രിസ്ത്യാനികള്‍ അവിടെ അസ്തിത്വ ഭീഷണി നേരിടുന്നു എന്ന ട്രംപിന്റെ പ്രസ്താവനയോട് പൂര്‍ണ്ണമായി യോജിക്കുന്നില്ലെങ്കിലും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി സഹകരിക്കുമെന്ന് നൈജീരിയ വ്യക്തമാക്കി. പശ്ചിമാഫ്രിക്കന്‍ മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിര്‍ണ്ണായക സൈനിക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.