യുകെയില്‍ എത്തിയ മലയാളി നഴ്സിന്റെ രണ്ടാം പ്രസവം ആഘോഷമാക്കി ബെല്‍ഫാസ്റ്റിലെ ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആദ്യത്തെ ക്രിസ്മസ് ദിന ശിശു പിറവിയെടുത്തു സമയം 12:24 ആയപ്പോഴാണ്. ജന്മം നല്‍കിയത് ജെസ്ന ആന്റണി എന്ന മലയാളി നഴ്‌സും. ബെല്‍ഫാസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള അള്‍സ്റ്റര്‍ ഹോസ്പിറ്റലിലായിരുന്നു മിറ മിറിയം മനുവിന്റെ ജനനം. മലയാളികളായ മനു മാത്യുവിന്റെയും ജെസ്ന ആന്റണിയുടെയും രണ്ടാമത്തെ കുഞ്ഞ് ആണിത്. പ്രതീക്ഷിച്ചതിലും അല്‍പം മുന്‍പെയായിരുന്നു പ്രസവം എങ്കിലും ക്രിസ്മസ് രാവിലെ ജനനം ആശുപത്രിയിലാകെ ക്രിസ്തുമസ് ദിനാഹ്ലാദം ഇരട്ടിയാക്കി.
ഈ മാസം 29ന് പ്രസവം നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വേദന സഹിക്കാനായതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് ഉടന്‍ സിസേറിയന്‍ വേണ്ടിവരുമെന്നാണ്. അങ്ങനെയാണ് മിറ എന്ന കുഞ്ഞ് ക്രിസ്തുമസ് ദിനത്തോടൊപ്പം തന്നെ ഈ ഭൂമുഖത്തേക്ക് എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവര്‍ നാളെ ആശുപത്രി വിട്ടേക്കും.
കാലിത്തൊഴിത്തില്‍ പിറന്നുവീണ ദൈവപുത്രനെ കാണാന്‍ എത്തിയ മൂന്ന് പണ്ഡിതര്‍ നല്‍കിയ സമ്മാനത്തെ ഓര്‍മ്മിച്ചുകൊണ്ടാണ് കുഞ്ഞിന് മിറ എന്ന് പേരിട്ടത് എന്ന് ജെസ്ന പറയുന്നു. ഡിസംബറിലാണ് കുഞ്ഞ് ജനിക്കുന്നത് എന്നറിഞ്ഞപ്പോള്‍ തന്നെ അത് ഒരു സമ്മാനമായി കരുതി ഈ പേര് നിശ്ചയിച്ചതാണെന്നും ജെസ്ന പറഞ്ഞു. കെയര്‍ അസിസ്റ്റന്റും നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുമായ ജെസ്നയുടെ രണ്ടാമത്തെ കുട്ടിയാണിത്. മൂത്ത മകള്‍ ജനിച്ചത് ഇന്ത്യയിലായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ എത്തുന്നത്.
സൗത്ത് ഈസ്റ്റേണ്‍ ട്രസ്റ്റിലെ ആദ്യ ക്രിസ്തുമസ് ബേബി എന്ന് ആലേഖനം ചെയ്ത ഒരു പ്രത്യേക ബ്ലാങ്കറ്റ് കുഞ്ഞ് മിറയ്ക്ക് ആശുപത്രി അധികൃതര്‍ സമ്മാനമായി നല്‍കി. മിറ ജനിച്ചതിനു പിന്നാലെ, മറ്റൊരു സ്ത്രീയുടെ പ്രസവം കൂടി ക്രിസ്തുമസ് ദിനത്തില്‍ അതേ ആശുപത്രിയില്‍ നടന്നു.
ആഗോള തലത്തില്‍ തന്നെ ഏറ്റവും കുറവ് ജനനങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് ക്രിസ്തുമസ് ദിനം. ഒഴിവു ദിനമായതിനാല്‍ ആ ദിവസത്തേക്ക് സിസേറിയന്‍ പോലുള്ള ശസ്ത്രക്രിയകള്‍ വയ്ക്കില്ല എന്നതാവാം ഒരു കാരണമെന്ന് ഇതിനെ കുറിച്ച് പഠനം നടത്തിയവര്‍ പറയുന്നു. അതുപോലെ, ഡിസംബര്‍ 23, 26, 31 ദിവസങ്ങളിലും പ്രസവങ്ങള്‍ തീരെ കുറവാണ് നടക്കുന്നത്. ഡിസംബര്‍ 25ന് ജനിക്കുന്നതിനുള്ള സാധ്യത വെറും 0.24 ശതമാനമാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ ഉദ്ധരിച്ച് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ചിത്രം കടപ്പാട്