രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ പാലായിലെ 21കാരി ദിയ ബിനു
കോട്ടയം: പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ ആയി 21കാരിയായ ദിയ ബിനുവിനെ തിരഞ്ഞെടുത്തു. ഇതോടെ ആദ്യമായി ജെന്‍ സീ ഭരണത്തിനാണ് പാലാ ഒരുങ്ങുന്നത്. ദിയാ ബിനു പുളിക്കകണ്ടം നഗരമാതാവായി ചുമതലയേറ്റെടുത്തതോടെ മാറുന്നത് ചരിത്രമാണ്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരമാതാവ് എന്ന നേട്ടം ദിയയ്ക്ക് സ്വന്തം. വെള്ളിയാഴ്ചയാണ് പാലാ നഗരസഭയിലെ ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്.
ഒട്ടേറെ നാടകീയതകള്‍ക്കൊടുവില്‍ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു എത്തുമ്പോള്‍ യുവാക്കളുടെ പ്രാതിനിധ്യം എന്ന ആവശ്യമാണ് യാഥാര്‍ഥ്യമാവുന്നത്. അടിസ്ഥാന വികസനത്തില്‍ ഊന്നിയുള്ള മാര്‍ഗരേഖകളുമായാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ചുമതല ഏല്‍ക്കുന്നത് എന്ന് ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.
ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പാലാ നഗരസഭയില്‍ പിന്തുണ വേണ്ടവര്‍ക്ക് മുന്നില്‍ പുളിക്കണ്ടം കുടുംബം മുന്നോട്ടുവച്ചതും ദിയ ബിനുവിനെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന ആവശ്യമായിരുന്നു. ദിയ ചെയര്‍പേഴ്‌സണ്‍ ആയ നഗരസഭ കൗണ്‍സിലില്‍ അച്ഛന്‍ ബിനു പുളിക്കക്കണ്ടവും അച്ഛന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടവും ഒപ്പമുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ദിയാ ബിനു ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ തുടര്‍ വിദ്യാഭ്യാസം നടത്താനുള്ള തീരുമാനത്തിലാണ്. പഠനവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ട് പോവുന്നതിന് തടസവുമുണ്ടാവില്ല.
ഭരണം പിടിക്കാന്‍ മന്ത്രി വിഎന്‍ വാസവന്റെയും സിപിഎം ജില്ലാ സെക്രട്ടറി ടിആര്‍ രഘുനാഥിന്റെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനായി പുളിക്കക്കണ്ടം കുടുംബവുമായി നേതാക്കള്‍ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അധ്യക്ഷസ്ഥാനം സംബന്ധിച്ച ധാരണയിലെത്താന്‍ സാധിക്കാതെ വരികയായിരുന്നു.
ഇതോടെയാണ് പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്തിരിക്കേണ്ടി വന്നത്. ആകെ 26 സീറ്റുകളുള്ള നഗരസഭയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എല്‍ഡിഎഫ് 12 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് 10 സീറ്റുകളും സ്വതന്ത്രര്‍ 4 സീറ്റുകളുമാണ് നേടിയിരുന്നത്. സ്വതന്ത്രരില്‍ 3 പേര്‍ പുളിക്കക്കണ്ടം കുടുംബാംഗങ്ങളും ഒരാള്‍ കോണ്‍ഗ്രസ് വിമതനുമായിരുന്നു. ഇവര്‍ യുഡിഎഫിനെ പിന്തുണച്ചോടെയാണ് ഭരണം അവിടേക്ക് പോയത്. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇവിടുത്തെ ഫലം കേരള കോണ്‍ഗ്രസ് എമ്മിന് ഉള്‍പ്പെടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായി പാലാ നഗരസഭയില്‍ പ്രതിപക്ഷത്തായതിന്റെ ക്ഷീണവും അവര്‍ക്കുണ്ട്.