യുകെയിലെ ആദ്യ വനിതാ ഏഷ്യന്‍ മേയറായ ഇന്ത്യന്‍ വംശജ മഞ്ജുല സൂദ് (80) അന്തരിച്ചു. ലെസ്റ്റര്‍ നഗരസഭയിലെ കൗണ്‍സിലറായും അസിസ്റ്റന്റ് മേയറായും അവര്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. അവരുടെ വിയോഗത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍നിന്ന് അനുസ്മരണങ്ങള്‍ പ്രവഹിക്കുകയാണ്. 'പ്രചോദനമേകുന്ന വ്യക്തിത്വം', 'സമൂഹത്തിന്റെ സമര്‍പ്പിത നേതാവ്' എന്നിങ്ങനെയാണ് സഹപ്രവര്‍ത്തകരും പൊതുജനങ്ങളും മഞ്ജുല സൂദിനെ അനുസ്മരിക്കുന്നത്.
ലെസ്റ്ററിലെ സ്റ്റോണിഗേറ്റ് വാര്‍ഡിനെ പ്രതിനിധീകരിച്ച ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായിരുന്ന മഞ്ജുല സൂദ്, നഗരത്തിന്റെ ആദ്യ വനിതാ ഹിന്ദു കൗണ്‍സിലറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിച്ച അവര്‍, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമുദായ ഐക്യം തുടങ്ങിയ മേഖലകളില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇന്ത്യയില്‍ നിന്ന് 1970- ല്‍ ലെസ്റ്ററിലെത്തിയ മഞ്ജുല സൂദ് പി.എച്ച്.ഡി പഠനത്തിനായാണ് യുകെയിലേക്ക് കുടിയേറിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇരുപത് വര്‍ഷത്തോളം പ്രൈമറി സ്കൂള്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. അധ്യാപികയായും രാഷ്ട്രീയ പ്രവര്‍ത്തകയായും സമൂഹസേവകയായും നയിച്ച ജീവിതമാണ് അവര്‍ക്ക് ബ്രിട്ടീഷ് സമൂഹത്തില്‍ പൊതു സമ്മതി നേടി കൊടുത്തത്.