കുടിയേറ്റ വിരുദ്ധ നിലപാടില്‍ കടുത്ത നിരാശയിലും ആശങ്കയിലുമാണ് എന്‍എച്ച്എസിലെ ഡോക്ടര്‍മാരും നഴ്‌സുമാരും. വംശീയതയും തൊഴിലിടത്തെ പ്രതിസന്ധികളും മൂലം വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും കൂടുതലായി രാജിവയ്ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ കുടിയേറ്റ നയവും ജോലിയിടത്തെ വംശീയതയും പലരിലും നിരാശയുണ്ടാക്കുകയാണ്. യുകെയെ വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യമുണ്ടാകുന്നുവെന്നാണ് അക്കാദമി ഓഫ് മെഡിക്കല്‍ റോയല്‍ കോളജസിന്റെ നേതൃത്വം പറയുന്നത്.
വിദേശ മെഡിക്കല്‍ ജീവനക്കാരുടെ വരവ് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ കാര്യമായ കുറവാണ് കാണുന്നത്. നിലവില്‍ യുകെയിലെ ഡോക്ടര്‍മാരുടെ 42 ശതമാനവും വിദേശ യോഗ്യതയുള്ളവരാണ്. ഇവരുടെ സേവനവും അനിവാര്യമാണ്. രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ആശുപത്രിയിലെ വംശീയ അധിക്ഷേപങ്ങളില്‍ പലരും തുറന്നുപ്രതികരിക്കുകയാണ്. വിദേശ ജീവനക്കാരുടെ സേവനം അനിവാര്യമായ എന്‍എച്ച്എസില്‍ കുടിയേറ്റ വിരുദ്ധ നയം കൊണ്ടുവന്നാല്‍ അത് ആരോഗ്യ മേഖലയ്ക്ക് തന്നെയാണ് നഷ്ടമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുകെയിലെയും, അയര്‍ലണ്ടിലെയും 220,000 ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘമാണ് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്. വിദേശ ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും സംഭാവന ഇല്ലെങ്കില്‍ എന്‍എച്ച്എസ് എളുപ്പത്തില്‍ തകരുമെന്നാണ് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ് ചെയര്‍ ഡോ. ജിയാനെറ്റ് ഡിക്ക്‌സണ്‍ പറഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസ് സുരക്ഷിതമായി നടത്തിക്കൊണ്ട് പോകുന്നതില്‍ ഇവര്‍ സുപ്രധാനമാണ്.
രാഷ്ട്രീയക്കാര്‍ കുടിയേറ്റക്കാരോട് കാണിക്കുന്ന വിദ്വേഷം വിദേശ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അകറ്റുന്നതായി ഡോ. ജിയാനെറ്റ് ഡിക്ക്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എന്‍എച്ച്എസ് സഹജീവനക്കാരില്‍ നിന്നും, രോഗികളില്‍ നിന്നും വിദേശ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരിടേണ്ടി വരുന്ന വംശവെറിയും, ചൂഷണങ്ങളും പ്രശ്‌നമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.