ലണ്ടനില്‍ ജോലി സ്ഥലത്തേയ്ക്ക് പോയ രണ്ടു പത്തനംതിട്ട സ്വദേശിനികള്‍ ഉള്‍പ്പെടെ മൂന്ന് മലയാളി യുവതികള്‍ക്ക് നേരെ വംശീയ ആക്രമണം. യുകെ പൗരയായ ഒരു സ്ത്രീ കത്തിയുമായെത്തി 'ഇന്ത്യന്‍സ്' എന്ന് വിളിച്ചായിരുന്നു ആക്രമണം. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളില്‍ സോബി , പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂര്‍ സ്വദേശി അഷിത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കയറിയ ബസില്‍ വെള്ളക്കാരിയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
അഷിതയുടെ വയറിനു ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് വയറിനു ചവിട്ടേറ്റത്. തുടര്‍ന്ന് കത്തിയുമായി മറ്റുള്ളവര്‍ക്ക് നേരെ തിരിയുകയായിരുന്നു.
പോലീസ് എത്തിയാണ് മൂന്നു പേരെയും ആശുപത്രിയിലാക്കിയത്. യുകെ സമയം ഞായര്‍ രാവിലെ ഏഴരയോടെ യൂവതികള്‍ ക്രോയിഡോണില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
ആക്രമണം നടക്കുന്ന സമയം സോബി നാട്ടിലുള്ള ഭര്‍ത്താവ് ജോണ്‍പോളും മക്കളുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ആക്രമണം കണ്ടു കുട്ടികളും ഭര്‍ത്താവും പേടിച്ചു നിലവിളിച്ചു . സോബി ഇരുന്ന സീറ്റിനു മുമ്പിലാണ് ആദ്യം ആക്രമണം നടത്തിയത്. തടയാന്‍ ശ്രമിക്കുമ്പോഴാണ് സോബിയ്ക്ക് മര്‍ദ്ദനമേറ്റത്. ബസില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് പിന്നീട് അക്രമിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് പൊലീസിന് വിളിക്കുകയായിരുന്നു.
സംഭവം യുകെയിലെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏഷ്യാക്കാര്‍ക്കു നേരെ ഒളിഞ്ഞും തെളിഞ്ഞും പലയിടത്തും ആക്രമണം നടക്കുന്നുണ്ടെങ്കിലും പൊതുഗതാഗത സംവിധാനത്തില്‍ വച്ച് പരസ്യമായ ഇത്തരമൊരു കത്തിയാക്രമണം മലയാളികള്‍ക്ക് നേരെ നടന്നു എന്നതാണ് ഗൗരവകരം.
ബ്രിട്ടനില്‍ വംശീയത വര്‍ദ്ധിക്കുന്നുവെന്ന ആശങ്ക വര്‍ദ്ധിക്കുന്നതിനിടെയാണ് വിദേശ ആരോഗ്യ പ്രവര്‍ത്തകരെ ഞെട്ടിച്ച് അതിക്രമം നടന്നിരിക്കുന്നത്. വംശവെറി രൂക്ഷമാകുകയും, അതിന് എന്‍എച്ച്എസ് ജീവനക്കാര്‍ ഇരയാകുകയും ചെയ്യുന്നത് ഞെട്ടിക്കുന്ന തോതില്‍ വര്‍ദ്ധിക്കുന്നതായും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടയിലാണ് പൊതുസ്ഥലത്ത് വെച്ച് മലയാളി നഴ്‌സുമാര്‍ക്ക് അതിക്രമം നേരിട്ടത്.