യു.കെ.വാര്‍ത്തകള്‍

തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍

അയര്‍ലന്‍ഡില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലൂടെ ഇംഗ്ലണ്ടിലേയ്ക്കും മലയാളികളെ ലക്ഷ്യമിട്ടുള്ള വംശീയ ആക്രമണം വ്യാപിക്കുന്നു. മുമ്പൊക്കെ നാവുകൊണ്ടായിരുന്നു ആക്രമണമെങ്കില്‍ ഇപ്പോഴത് ആയുധത്തിലൂടെയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലണ്ടനില്‍ ജോലി സ്ഥലത്തേയ്ക്ക് പോയ മൂന്ന് മലയാളി യുവതികള്‍ക്ക് നേരെ ഉണ്ടായ വംശീയ ആക്രമണം.

തദ്ദേശ വാസിയായ വെള്ളക്കാരി കത്തിയുമായെത്തി 'ഇന്ത്യന്‍സ്' എന്ന് വിളിച്ചായിരുന്നു ആക്രമണം. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളില്‍ സോബി , പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂര്‍ സ്വദേശി അഷിത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കയറിയ ബസില്‍ സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. അഷിതയുടെ വയറിനു ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് വയറിനു ചവിട്ടേറ്റത്‌. തുടര്‍ന്ന് കത്തിയുമായി മറ്റുള്ളവര്‍ക്ക് നേരെ തിരിയുകയായിരുന്നു. പോലീസ് എത്തിയാണ് മൂന്നു പേരെയും ആശുപത്രിയിലാക്കിയത്.

ആക്രമണം നടക്കുന്ന സമയം സോബി നാട്ടിലുള്ള ഭര്‍ത്താവ് ജോണ്‍പോളും മക്കളുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ആക്രമണം കണ്ടു കുട്ടികളും ഭര്‍ത്താവും പേടിച്ചു നിലവിളിച്ചു . സോബി ഇരുന്ന സീറ്റിനു മുമ്പിലാണ് ആദ്യം ആക്രമണം നടത്തിയത്. തടയാന്‍ ശ്രമിക്കുമ്പോഴാണ് സോബിയ്ക്ക് മര്‍ദ്ദനമേറ്റത്. ബസില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് പിന്നീട് അക്രമിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് പൊലീസിന് വിളിക്കുകയായിരുന്നു.

ഏഷ്യാക്കാര്‍ക്കു നേരെ ഒളിഞ്ഞും തെളിഞ്ഞും പലയിടത്തും ആക്രമണം നടക്കുന്നുണ്ടെങ്കിലും പൊതുഗതാഗത സംവിധാനത്തില്‍ വച്ച് പരസ്യമായ ഇത്തരമൊരു കത്തിയാക്രമണം മലയാളികള്‍ക്ക് നേരെ നടന്നു എന്നതാണ് ഗൗരവകരം.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ ഡെറി കൗണ്ടിയില്‍ സമീപകാലത്തു അക്രമികള്‍ മലയാളി കുടുംബത്തിന്റെ കാറിനു തീയിട്ടിരുന്നു . ലിമാവാഡിയില്‍ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണു കത്തിച്ചത്.
കാര്‍ പൂര്‍ണമായും കത്തി നശിച്ചതായും പൂന്തോട്ടത്തിനും മറ്റും നാശം സംഭവിച്ചതായും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസ് സര്‍വീസ് അറിയിച്ചിരുന്നു.

മലയാളി കുടുംബത്തിന്റെ കാര്‍ കത്തിച്ചതായും അതിനു മുമ്പ് മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകളും കുത്തിപ്പൊട്ടിച്ച സംഭവമുണ്ടായതായും പ്രദേശത്തെ മലയാളികള്‍ പറയുന്നു. കുടിയേറ്റക്കാര്‍ക്കുനേരെയുള്ള സമാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മലയാളി കുടുംബങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ലണ്ടന്‍ഡെറി കൗണ്ടിയില്‍ വിവിധ കേന്ദ്രങ്ങളില്‍ സമീപ കാലത്തു വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ കോളറൈനില്‍ മലയാളികള്‍ക്കു നേരെ അതിക്രമമുണ്ടായതു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു . രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയ യുവാക്കള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

അടുത്തിടെ ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രി റെയില്‍വേ സ്റ്റേഷനില്‍ മലയാളി മധ്യവയസ്സ്‌കനെതിരെ ഒരുപറ്റം യുവാക്കള്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. വൃക്കരോഗിയും ശസ്ത്രക്രിയയ്ക്കു വിധേയനുമായ ഇദ്ദേഹത്തിനു ചികിത്സാ ആവശ്യത്തിന് എത്തുമ്പോഴാണ് ക്രൂരമായ ആക്രണം നേരിടേണ്ടി വന്നത് . ഡൊണഗല്‍ റോഡിലുണ്ടായ ഈ സംഭവത്തെ ഗുരുതരം എന്നാണു പൊലീസും വിശേഷിപ്പിച്ചത്.

ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ ഡൊണഗല്‍ റോഡില്‍ വ്യാപാര സ്ഥാപനത്തിനു നേരെ ആക്രമണം നടത്തുകയും മോഷണവും അഞ്ചിലേറെ വര്‍ണവിവേചന അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ 12 കാരന്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions