യുകെയിലെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ചില ഉപഭോക്താക്കള്‍ക്ക് മറ്റ് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണാനായതായി റിപ്പോര്‍ട്ട്. ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പിന്റെ കീഴിലുള്ള ലോയ്ഡ്‌സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട് ലന്‍ഡ് എന്നീ ബാങ്കുകളുടെ ആപ്പുകളിലാണ് വ്യാഴാഴ്ച രാവിലെ ഈ പ്രശ്നം ഉണ്ടായത്. ആപ്പില്‍ ലോഗിന്‍ ചെയ്തപ്പോള്‍ ചിലര്‍ക്ക് സ്വന്തം അക്കൗണ്ടിന് പകരം മറ്റു ഉപഭോക്താക്കളുടെ പേരുകളും ഇടപാട് വിവരങ്ങളും കാണാന്‍ കഴിഞ്ഞതായി ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ബാങ്ക് ഓഫ് സ്കോട്ട് ലന്‍ഡ് ആപ്പില്‍ ലോഗിന്‍ ചെയ്തപ്പോള്‍ ഏകദേശം 20 മിനിറ്റ് സമയത്തിനിടെ ആറു വ്യത്യസ്ത ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ തനിക്ക് കാണാനായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞത്. ചിലരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പറുകളും ഇടപാട് വിവരങ്ങളും അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ചില അക്കൗണ്ടുകളില്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് നല്‍കുന്ന ബെനിഫിറ്റ് പേയ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളും കാണാനായതായി ആണ് അറിയാന്‍ സാധിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഉപഭോക്താക്കളില്‍ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്തൃവകാശ പ്രവര്‍ത്തകനും മണിസേവിങ് എക്സ്പര്‍ട്ട് സ്ഥാപകനുമായ മാര്‍ട്ടിന്‍ ലൂയിസ് സാമൂഹ്യമാധ്യമങ്ങളില്‍ ആളുകള്‍ മറ്റ് ആളുകളുടെ ഇടപാടുകള്‍ കാണുന്നുവെന്ന സന്ദേശങ്ങള്‍ ലഭിച്ചതായി അറിയിച്ചു.
സംഭവത്തില്‍ ക്ഷമ ചോദിച്ച ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് പ്രശ്നം ഉടന്‍ പരിഹരിച്ചതായും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പറഞ്ഞു. ബ്രിട്ടനിലെ നിരവധി ബാങ്കുകളില്‍ ഐ.ടി. തകരാറുകള്‍ ഉണ്ടായത് ഡിജിറ്റല്‍ ബാങ്കിങ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയരുന്നതിന് കാരണമായിരിക്കുകയാണ്.