യുകെയിലെ വടക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനെ തുടര്‍ന്ന് ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. സ്കോട്ട് ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് മിഡ്‌ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ‘യെല്ലോ’ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വരെ വേഗതയുള്ള കാറ്റും ചിലപ്പോള്‍ 70 മൈല്‍ വരെ എത്തുന്ന ശക്തമായ കാറ്റും ഉണ്ടാകാമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയോടുകൂടിയ തണുത്ത കാറ്റ് ദക്ഷിണ ഭാഗത്തേയ്ക്ക് നീങ്ങുന്നതടോയാണ് ഈ സാഹചര്യം ഉടലെടുക്കുന്നത് .
സ്കോട്ട് ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും രാവിലെയാണ് ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക. ഇതോടെ ഫെറി സര്‍വീസുകള്‍ ഉള്‍പ്പെടെ ചില ഗതാഗത സംവിധാനങ്ങളില്‍ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുണ്ട് . നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് മേഖലകളില്‍ ഉച്ചകഴിഞ്ഞ് കാറ്റ് ശക്തമാകുമെന്നും ഉയരം കൂടിയ വാഹനങ്ങള്‍ക്ക് യാത്രാ ബുദ്ധിമുട്ടാകാമെന്നും അധികൃതര്‍ പറഞ്ഞു. എം6, എ68, എ1 എന്നീ പ്രധാന റോഡുകളില്‍ ഡ്രൈവിംഗ് വെല്ലുവിളിയാകാനിടയുണ്ട്.
അതേസമയം ആഴ്ചാവസാനത്തോടെ ബ്രിട്ടനിലെ മലപ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. സ്കോട്ട് ലന്‍ഡ് ഉള്‍പ്പെടെ വടക്കന്‍ പ്രദേശങ്ങളില്‍ 200 മീറ്റര്‍ ഉയരത്തിന് മുകളിലുള്ള സ്ഥലങ്ങളില്‍ മഞ്ഞ് പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. ചില ഉയര്‍ന്ന മലമേഖലകളില്‍ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞ് അടിയാന്‍ സാധ്യതയുണ്ടെന്നും ശക്തമായ കാറ്റാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നും അധികൃതര്‍ അറിയിച്ചു.