പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തന്റെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തറയിലിടിച്ചു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ്. 31കാരിയായ സാറ അര്‍സലന്‍ ആണ് തന്റെ രണ്ട് മാസം മാത്രം പ്രായമുള്ള ഹര്‍ലീന്‍ ബെയ്ന്‍സ് എന്ന മകളെ ശക്തമായി കുലുക്കുകയും തല തുടര്‍ച്ചയായി മേശയില്‍ അടിക്കുകയുമായിരുന്നു. 2020 ജൂലൈ 23ന് അവരുടേ ബ്ലാക്ക് കണ്‍ട്രിയിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന ആക്രമണത്തില്‍ ഹര്‍ലീന് തലയോട്ടിയിലും മസ്തിഷ്‌കത്തിലും ഗുരുതരമായ പരിക്കേറ്റിരുന്നു.
എന്നിട്ടും, തന്റെ മകളുടെ മരണം ഒരു അപകട മരണമാണെന്ന് അന്വേഷണോദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ അര്‍സലന്‍ ശ്രമിച്ചു. ഇന്നലെ, കവന്‍ട്രി ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ അവര്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. ചുരുങ്ങിയത് 19 വര്‍ഷമെങ്കിലും തടവ് അനുഭവിച്ചാല്‍ മാത്രമെ പരോള്‍ പോലും ലഭിക്കുകയുള്ളു. കുഞ്ഞിനെ കൊല്ലണമെന്ന ഉദ്ദേശ്യം സാറ അര്‍സലന് ഉണ്ടായിരുന്നില്ലെന്നും, പെട്ടെന്നുള്ള ദേഷ്യത്തില്‍ നിയന്ത്രണം വിട്ട് ചെയ്തതാണെന്നും കോടതി നിരീക്ഷിച്ചു.
ഹര്‍ലീമിന്റെ പിതാവും തന്റെ കാമുകനുമായ ഹതീന്ദര്‍ ബയന്‍സിനൊപ്പം ബര്‍മിംഗ്ഹാമിനടുത്തുള്ള വെസ്റ്റ് ബ്രോംവിച്ചിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ ബന്ധം ആടിയുലയുന്ന സമയത്തായിരുന്നു സംഭവം നടന്നത്. കുഞ്ഞിന് നേരെ ആക്രമണമുണ്ടായ ഉടന്‍ ബയന്‍സായിരുന്നു പോലീസില്‍ വിവരമറിയിച്ചത്. കുഞ്ഞ് തന്റെ കൈയ്യില്‍ നിന്നും വീഴുകയായിരുന്നു എന്നായിരുന്നു സാറ ആദ്യം അവകാശപ്പെട്ടത്. പിന്നീട് 2022 ആഗസ്റ്റില്‍ ബയന്‍സ് ആത്മഹത്യ ചെയ്തിരുന്നു. അതിനു ശേഷം സാറ അവകാശപ്പെട്ടത് ബയന്‍സ് തന്നെയും കുഞ്ഞിനെയും ആക്രമിക്കുകയായിരുന്നു എന്നാണ്.