ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണി; യുദ്ധം നീണ്ടാല്‍ പ്രതിസന്ധികളേറെ
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുകെയിലും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണിയും മുന്നിലുണ്ട്.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കുകയും ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ഒന്നടകം ലക്ഷ്യമിടുകയും ഹോര്‍മുസ് കടലിടുക്ക് അടക്കുകയും ചെയ്തതോടെ ഗ്യാസ്- ചരക്കു നീക്കം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.വിലക്കയറ്റം വന്‍ തോതില്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. പാചകവാതക പ്രതിസന്ധിയും രൂക്ഷമാണ്.
സാധാരണ കപ്പല്‍ ചാലുകള്‍ക്ക് പകരമായി ആഫ്രിക്കയിലെ ഗുഡ്‌ഹോപ് മുനമ്പ് വഴി 6000 കിലോമീറ്റര്‍ അധിക യാത്ര ചെയ്താണ് വിതരണക്കാര്‍ രാജ്യത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഗതാഗത നിരക്കു കൂട്ടുന്നതും സാധനങ്ങളെത്തിക്കാന്‍ രണ്ടാഴ്ച വരെ കാലതാമസം നേരിടുകയും ചെയ്യും.
ചെലവ് കൂടുന്നതോടെ ഭക്ഷ്യവിലയും ഉയരും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പലതും ചരക്കു കൂട്ടി വാങ്ങി സംഭരിക്കുമെന്നതിനാല്‍ യുദ്ധം അവസാനിച്ചാല്‍ പോലും വിലക്കയറ്റം കുറച്ചുകാലം കൂടി തുടര്‍ന്നേക്കും.
കടുത്ത ആശങ്കയിലാണ് ലോക രാജ്യങ്ങളിപ്പോള്‍.
ജനങ്ങള്‍ ജീവിത ചെലവുയരുന്നത് മൂലം സമ്മര്‍ദ്ദത്തിലാണ്. പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇന്ധന നികുതി വര്‍ദ്ധനവു ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഡ്രൈവര്‍മാര്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ എണ്ണ വിലയുടെ പോക്ക് എങ്ങനെയാകുമെന്ന് ഇപ്പോള്‍ അറിയില്ലെന്നും സെപ്തംബറിലെ വില എങ്ങനെ നിശ്ചയിക്കാനാകുമെന്നും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എംപിമാരോട് ചോദിച്ചു. ഊര്‍ജ്ജ വില ഉയരുമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ഈ സമയത്ത് ജനത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവുമാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.