ബര്‍മിംഗ്ഹാമില്‍ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന നാല്‍പ്പതിലേറെ കാറുകളുടെ ചില്ലുകള്‍ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചു തകര്‍ത്ത സംഭവത്തില്‍ 28 കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ബാല്‍സല്‍ഹീത്തിലെ മോസ്ലി റോഡിലാണ് സംഭവം നടന്നത്.
ഇരുമ്പു ദണ്ഡുകൊണ്ട് ഒരാള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനങ്ങളുടെ മുന്നിലെ വിന്‍ഡ്ഷീല്‍ഡ്, പിന്‍ഗ്ലാസ്, വശങ്ങളിലെ ചില്ലുകള്‍ എന്നിവ ഇയാള്‍ തകര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇരുമ്പു ദണ്ഡുപയോഗിച്ച് തുടര്‍ച്ചയായി കാറുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന പ്രതിയേയും വാഹനങ്ങളുടെ അലാറങ്ങള്‍ ഒരേ സമയം മുഴങ്ങുന്നതുമാണ് ദൃശ്യത്തിലുള്ളത്.
ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.