അഞ്ജനയ്ക്കു ജന്മനാടിന്റെ വിട; ആന്‍മേരിയ്ക്കു ഇന്ന് യാത്രാമൊഴിയേകും
യുഎസിലെ കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജന ഹരിദാസിനു ജന്മനാടിന്റെ വിട. പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകളായ അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. എംബാം ചെയ്തു നിയമനടപടികള്‍ പൂര്‍ത്തിയാക്കി വിമാനമാര്‍ഗം രാവിലെ 10 മണിയോടെ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ ഭര്‍ത്താവ് വിജേഷിന്റെ വിലങ്ങന്നൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. ഭര്‍ത്താവ് വിജേഷും മകള്‍ വാമികയും ഒപ്പം എത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കു 2 മുതല്‍ പാണഞ്ചേരിയില്‍ അഞ്ജനയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ വലിയ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. വൈകിട്ട് 5നു വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി. പിതൃസഹോദര പുത്രന്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ ചേര്‍ന്നാണു ചിതയ്ക്കു തീ കൊളുത്തിയത്.
കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മറ്റൊരു മലയാളി യുവതിയായ മറ്റത്ത് ആന്‍മേരി മാത്യുവിന്റെ (40) സംസ്കാരം ഇന്ന് നടക്കും. പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പില്‍ പള്ളിയില്‍ രാവിലെ 10ന് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 12ന് സംസ്കാരച്ചടങ്ങുകള്‍ ആരംഭിക്കും. കഴിഞ്ഞ മാസം 28ന് ആയിരുന്നു കൊലപാതകം.
അഞ്ജനയും ആന്‍മേരിയും കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം അനില (32) അറസ്റ്റിലായിരുന്നു. കൊലപാതകങ്ങളുടെ കാരണം സംബന്ധിച്ച അവ്യക്തതയും തുടരുകയാണ്.