ഇന്റര്‍വ്യൂ

എനിക്ക്‌ സിനിമാജീവിതത്തിലെ വിലയേറിയ ഒരു വര്‍ഷം നഷ്‌ടമായി: സുരേഷ് ഗോപി

ചാനല്‍ റിയാലിറ്റി ഷോയുടെ അവതാരകനാവാന്‍ വേണ്ടി സംഘടനാ നിയമങ്ങള്‍ പാലിക്കാന്‍ സിനിമയില്‍ നിന്ന്‌ വിട്ട്‌ നിന്ന തനിക്കു വിലയേറിയ ഒരു വര്‍ഷം നഷ്‌ടമായതായി സുരേഷ് ഗോപി. നിയമത്തിന്‌ മുന്നില്‍ സംഘടനയിലെ എല്ലാ അംഗങ്ങളും സമന്മാരാകേണ്ടതല്ലേ എന്ന് വെള്ളിത്തിരയിലെ ഈ ക്ഷുഭിത നായകന്‍ ചോദിക്കുന്നു.

ഏഷ്യാനെറ്റിലെ 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' എന്ന റിയാലിറ്റി ഷോയുടെ അവതാരകനായതോടെ സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന സുരേഷ്‌ ഗോപിക്ക്‌ സിനിമയില്‍ അയിത്തം കല്‌പിക്കുകയായിരുന്നു. ഗെയിം ഷോയില്‍ അവതാരകനായിരിക്കുന്ന കാലത്തോളം മലയാളത്തില്‍ ഒരു സിനിമയിലും അഭിനയിക്കില്ലെന്ന കരാറില്‍ ഒപ്പു വയ്‌പിച്ച ശേഷമാണ്‌ റിയാലിറ്റി ഷോയുടെ അവതാരകനാകാന്‍ സുരേഷ്‌ഗോപിക്ക്‌ നിര്‍മ്മാതാക്കളുടെ സംഘടന അനുവാദം നല്‌കിയത്‌.

എന്നാല്‍ മറ്റു താരങ്ങള്‍ ഒരു അയിത്തവും കൂടാതെ ചാനലില്‍ പ്രത്യക്ഷ പ്പെടുന്നതിലെ പൊരുത്തക്കേടുകള്‍ ആണ് ഈ ആക്ഷന്‍ കിംഗ്‌ ചൂണ്ടിക്കാട്ടുന്നത്. "നിര്‍മ്മാതാക്കളുടെ തീരുമാനത്തോട്‌ എനിക്ക്‌ എതിരില്ല. അവരുടെ തീരുമാനത്തെ ഞാന്‍ മാനിക്കുന്നു. എന്റെ സിനിമ റിലീസാകുമ്പോള്‍ അതു കാണാന്‍ തീയേറ്ററിലെത്താതെ ഞാനവതാരകനാകുന്ന റിയാലിറ്റി ഷോ കണ്ട്‌ വീട്ടില്‍ ടിവിക്കു മുന്നില്‍ ആളുകള്‍ ചടഞ്ഞു കൂടിയിരുന്നാല്‍ എനിക്കായാലും സഹിക്കില്ല. പക്ഷേ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറായതു മൂലം എനിക്ക്‌ സിനിമാജീവിതത്തിലെ വിലയേറിയ ഒരു വര്‍ഷം നഷ്‌ടമായി"- സുരേഷ്‌ ഗോപി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

"എന്നോട്‌ കടും പിടുത്തം പിടിച്ച സംഘടനകളും നിയമങ്ങളും ഞാന്‍ ചെയ്‌ത അതേ കുറ്റം ചെയ്‌ത മറ്റ്‌ പലരോടും അനുഭാവപൂര്‍ണ്ണമായിട്ടാണ്‌ പെരുമാറുന്നത്‌. നിയമത്തിന്‌ മുന്നില്‍ സംഘടനയിലെ എല്ലാ അംഗങ്ങളും സമന്മാരാകേണ്ടതല്ലേ."- സുരേഷ്‌ ഗോപി ചോദിക്കുന്നു.

സാധാരണ ജനങ്ങളുടെ ജീവിതവുമായി നേരിട്ട്‌ സംവദിക്കുന്നതു കൊണ്ടാണ്‌ താനീ ഗെയിം ഷോയുടെ അവതാരകനാകാന്‍ തയ്യാറായതെന്നും സുരേഷ്‌ ഗോപി പറയുന്നു. ഇതില്‍ അഭിനയമില്ല. പച്ചയായ ജീവിതപ്രശ്‌നങ്ങളാണ്‌. കുഴപ്പക്കാരെ ഒഴിവാക്കാന്‍ കടുത്ത സ്‌ക്രീനിംഗിനു ശേഷം മാത്രമാണ്‌ ഈ ഗെയിം ഷോയിലേക്ക്‌ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷമായി സിനിമയില്‍ നിന്ന്‌ പൂര്‍ണ്ണമായും അകന്ന്‌ നില്‌ക്കുന്ന സുരേഷ്‌ഗോപി ഈ കാലയളവില്‍ അനവധി ഭക്‌തിഗാനങ്ങള്‍ പാടി. സ്വാമി വിവേകാനന്ദന്റെ നൂറ്റി അന്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സുരേഷ്‌ ഗോപിയും രമ്യാ നമ്പീശനും ചേര്‍ന്ന്‌ ഒരു യുഗ്മഗാനം പാടാനൊരുങ്ങുകയാണ്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ഒരു ദേശഭക്‌തി ഗാനമാണ്‌ ഇവരിരുവരും ചേര്‍ന്ന്‌ പാടാന്‍ പോകുന്നത്‌.

വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രഭാഷണത്തിലെ വരികള്‍ ജനമനസുകളെ ഒരുമിപ്പിക്കാന്‍ പോന്ന വികാരമുള്‍ക്കൊള്ളുന്ന ഈ ഗാനത്തിനിടയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. വിവേകാനന്ദന്റെ വിശ്വാസ പ്രമാണങ്ങളോട്‌ കടുത്ത അനുഭാവമുള്ള ആളാണ്‌ താനെന്ന്‌ സുരേഷ്‌ ഗോപി പറയുന്നു. സ്വന്തം ചിന്തകളും വിശ്വാസങ്ങളും കൊണ്ട്‌ മറ്റുള്ളവരിലേക്കും ഊര്‍ജ്‌ജം പ്രസരിപ്പിക്കാന്‍ ചുരുങ്ങിയ ജീവിതകാലം കൊണ്ട്‌ അദ്ദേഹത്തിന്‌ സാധിച്ചുവെന്നും സുരേഷ്‌ ഗോപി അഭിപ്രായപ്പെട്ടു.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ദി കിംഗ്‌ ആന്റ്‌ ദി കമ്മീഷണര്‍ ആണ്‌ സുരേഷ്‌ ഗോപിയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. രഞ്‌ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത ഈ ചിത്രം 2012 മാര്‍ച്ച്‌ 23 നാണ്‌ തീയേറ്ററുകളിലെത്തിയത്‌. എന്നാല്‍ വന്‍ പ്രതീക്ഷകളോടെയെത്തിയ ചിത്രം പരാജയമായിരുന്നു.

ഇപ്പോള്‍ തമിഴിലൂടെ സുരേഷ് ഗോപി തന്റെ വെള്ളിത്തിരയിലെ ഇടവേള ബ്രേക്ക് ചെയ്യുകയാണ്. ഷൂട്ടിംഗ്‌ പുരോഗമിക്കുന്ന വിക്രം നായകനാകുന്ന ശങ്കറിന്റെ 'ഐ' എന്ന ബിഗ്‌ബജറ്റ്‌ തമിഴ്‌ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണ്‌ സുരേഷ്‌ ഗോപി അവതരിപ്പിക്കുന്നത്‌.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions