ഒരു വര്‍ഷത്തിനുമുമ്പ് വിവാഹമോചിതരാകാന്‍ കുടുംബക്കോടതിയില്‍ ഹര്‍ജി നല്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ മംമ്‌ത. കാവ്യമാധവന് ശേഷം ഏറ്റവും പെട്ടെന്ന് ദാമ്പത്യജീവിതം അവസാനിപ്പിച്ച നടിയും മംമ്‌ത തന്നെ. എന്നാല്‍ കാവ്യയും നിഷാലും തമ്മിലുള്ള പ്രശ്നങ്ങള്‍ പാപ്പരാസികള്‍ക്ക് ചര്‍ച്ചയ്ക്കുള്ള വിഷയമായപ്പോള്‍ മംമ്‌ത അതിനിടകൊടുക്കാതെയാണ് നീങ്ങിയത്. വിവാഹം പോലെ തന്നെ വിവാഹമോചനം നേടാനും തങ്ങള്‍ സംയുക്തമായി തീരുമാനിച്ചു എന്നാണു മംമ്‌ത തന്നെ വെളിപ്പെടുത്തിയത്. പൊരുത്തപ്പെടാനാവാത്ത കാര്യങ്ങള്‍ ആണ് തന്റെയും പ്രജിത്തിന്റെയും ജീവിതത്തില്‍ സംഭവിച്ചതെന്നു മംമ്‌ത തന്നെ വെളിപ്പെടുത്തുന്നു.
"എല്ലാ പെണ്‍കുട്ടികള്‍ക്കും വിവാഹജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങളുണ്ടാകും. ഞാനും അത്തരം സ്വപ്‌നങ്ങള്‍ കണ്ടാണ് വിവാഹജീവിതത്തിലേക്ക് കടന്നത്." ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മംമ്‌ത മോഹന്‍ദാസ് പറയുന്നു.
"വിവാഹബന്ധം പിരിയാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല. രണ്ടുപേരും ആലോചിച്ചെടുത്ത തീരുമാനം തന്നെ. രണ്ടുതരത്തിലുള്ള കാഴ്‌ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്നവരാണധികവും. വിവാഹശേഷവും ആ രീതിയില്‍ തന്നെ തുടര്‍ന്നാല്‍ സംഭവിക്കുന്നത് മാത്രമേ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുള്ളൂ".
"കുട്ടിക്കാലം മുതല്‍ പ്രണയിച്ചവരാണ് ഞങ്ങളെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അതൊരു തെറ്റിദ്ധാരണ മാത്രമാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ നല്ല സ്‌നേഹബന്ധം നിലനിന്നിരുന്നുവെന്നതു സത്യം. ഞാനും പ്രജിത്തും പരിചയപ്പെട്ടിട്ട് കുറച്ചുനാള്‍ മാത്രമേ ആയിരുന്നുള്ളൂ. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഞങ്ങളുടെ വിവാഹജീവിതത്തിലേക്ക് നയിച്ചു. ഒന്നിച്ചു ജീവിക്കുമ്പോള്‍ തെറ്റുകളും കുറ്റങ്ങളും മനസിലാക്കും. പരസ്‌പര ബഹുമാനം ഉണ്ടാകും. ഭര്‍ത്താവ്, കുട്ടികള്‍ എന്നിങ്ങനെ ഒരുപാട് സ്വപ്‌നങ്ങള്‍... ജീവിതം നിരാശയാണ് എന്നെന്നും തോന്നിയിട്ടില്ല. അതിനുമുമ്പ് ഞങ്ങള്‍ പിരിഞ്ഞു" -മംമ്‌തയുടെ വാക്കുകള്‍.
"ഞാന്‍ സിനിമയിലേക്ക് തിരിച്ചുവന്നതാണ് വിവാഹബന്ധം തകരാനുള്ള കാരണമെന്നു പറയുന്നവരുണ്ട്. അതൊന്നും ഒരു കാരണമല്ല. പരസ്‌പരം അറിയാനും സ്‌നേഹിക്കാനും കഴിയാത്തതുകൊണ്ട് മാത്രമാണത് സംഭവിച്ചത്. ഒമ്പതുമാസം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു. പിന്നീട് തുടരുന്നതില്‍ അര്‍ത്ഥമില്ലായെന്ന തോന്നലായിരുന്നു മനസില്‍. എനിക്ക് എന്റേതായ കാഴ്‌ചപ്പാടുകളാണ്. ജീവിതത്തെക്കുറിച്ച് മരണം വാതില്‍ക്കല്‍ വന്നു മുട്ടിയപ്പോഴും ഞാന്‍ ഭയന്നിട്ടില്ല. സ്വന്തം തീരുമാനങ്ങള്‍ക്കും ഇഷ്‌ടങ്ങള്‍ക്കും മാത്രം വിലകല്‍പ്പിക്കുന്ന ഒരാളോടൊത്തുള്ള ജീവിതം സന്തോഷം നിറഞ്ഞതായിരിക്കില്ല.പ്രജിത്ത് ആഗ്രഹിക്കുന്ന തരത്തിലാകാന്‍ എനിക്കും സാധിച്ചിട്ടില്ലായിരിക്കാം. പ്രജിത്തിനെ മാത്രം കുറ്റം പറയേണ്ട കാര്യമില്ല. ഞങ്ങളുടെ രണ്ടുപേരുടെയും തെറ്റുകളും കുറ്റങ്ങളും കൊണ്ടാണ്"-മംമ്‌ത പറയുന്നു.
"ഞങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വീട്ടുകാര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല. അവര്‍ക്ക് മുമ്പില്‍ ഞങ്ങളെപ്പോഴും സന്തോഷം നിറഞ്ഞ കുടുംബജീവിതം നയിക്കുന്നവരായിരുന്നു. പ്രജിത്തിന്റെ വീട്ടുകാര്‍ക്ക് ഇപ്പോഴും എന്നെയിഷ്‌ടമാണ്. എനിക്ക് തിരിച്ചും. സിനിമയിലെന്നപോല്‍ ജീവിതത്തിലും അഭിനയിക്കേണ്ടിവരുമ്പോള്‍ മനസും ശരീരവും ഒരുപോലെ വേദനിക്കും. സിനിമയില്ലല്ലോ ജീവിതം. സിനിമയെക്കാളുപരി എന്തെല്ലാമോ ജീവിതത്തിലുണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. വിവാഹം എന്ന ഉടമ്പടിയില്‍ മാത്രമല്ല ഒപ്പുവയ്‌ക്കപ്പെടുന്നത്. പരസ്‌പരസ്‌നേഹം, ബഹുമാനം ഇവയിലും കൂടിയാണ്".
"ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിരാശയൊന്നും തോന്നുന്നില്ല. സിനിമയില്‍ തുടരാനാണാഗ്രഹം. പുതിയ പ്രോജക്‌ടുകള്‍ നിലവിലുണ്ട്. അവയിലഭിനയിക്കണം. ഇപ്പോള്‍ അല്‍പ്പം തിരക്കില്‍ത്തന്നെയാണ്. അതുകൊണ്ട് കഴിഞ്ഞതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. സമയമില്ലായെന്നതാണ് സത്യം. ജീവിതത്തില്‍ പിന്തുണയുമായി എന്റെ കുടുംബം എന്നോടൊപ്പമുണ്ടെന്ന പ്രത്യാശയുണ്ട്. മമ്മിയും ഡാഡിയും ബന്ധുക്കളും നല്‍കുന്ന പിന്തുണയെക്കാളുപരിയായി മറ്റൊന്നുമില്ല. എന്റെ തീരുമാനങ്ങള്‍ തെറ്റാറില്ലായെന്നതുമാത്രമാണാശ്വാസം. എന്റെയും പ്രജിത്തിന്റെയും വിവാഹം തെറ്റായ ഒരു തീരുമാനമായിരുന്നു. അധികം താമസിക്കുംമുമ്പ് ആ തീരുമാനത്തെ തിരുത്താനെനിക്ക് സാധിച്ചു"-മംമ്‌ത ന്യായീകരിക്കുന്നു.