നയന്‍താരയുമായുള്ള പ്രണയ പരാജയത്തിനു ശേഷം മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു പ്രഭുദേവ. നയന്‍സ് വിഷയം ഉണ്ടാക്കിയ ക്ഷീണത്തില്‍ കോളിവുഡില്‍ നിന്നും ബോളിവുഡി ലേയ്ക്ക് ചേക്കേറിയിരിക്കുകയാണ് നടനും ഡാന്‍സറും, സംവിധായകനുമായ പ്രഭു. നയന്‍താര കോളിവുഡില്‍ രണ്ടാം വരവ് നടത്തിയ പശ്ചാത്തലത്തില്‍ മുംബൈയില്‍ തന്നെ പൊറുതി തുടരാന്‍ ആണ് കക്ഷിയുടെ തീരുമാനം. ഇപ്പോള്‍ ഹിന്ദിയില്‍ ചുവടുറപ്പിച്ച പ്രഭു ഹിന്ദി സിനിമാ അനുഭവങ്ങളെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും വളരെക്കാലത്തിനു ശേഷം പ്രതികരിച്ചു.
ഹിന്ദി സിനിമാരംഗത്തെ പ്രശസ്ത താരങ്ങള്‍ നിങ്ങളുടെ സംവിധാന കീഴില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നല്ലോ. ഇതൊരു അഭിമാനമായി കരുതുന്നുണ്ടോ?
ഞാനും ഇതേക്കുറിച്ച് ചിന്തിക്കാറുണ്ട്. അതൊരു അത്ഭുതം തന്നെയാണ്. ഇതോര്‍ക്കുമ്പോള്‍ ഞാന്‍ ഹിന്ദി സിനിമാരംഗത്ത് എത്തിച്ചേരാന്‍ വൈകിപ്പോയെന്ന് തോന്നുകയാണിപ്പോള്‍. പിന്നെ... ഞാന്‍ വലിയ ഒരു സംവിധായകനൊന്നുമല്ല. എന്നെക്കാള്‍ വമ്പന്മാരായ പല സംവിധായകരും ബോംബെയിലുണ്ട്.
ചെന്നൈയില്‍നിന്നും ബോംബെയിലേക്ക് താമസം മാറ്റിയ കാരണം?
കാരണം, ഹിന്ദി സിനിമയുടെ വര്‍ക്കിന് ചെന്നൈ സഹായകരമല്ല എന്ന ഉദ്ദേശത്തോടെയാണ് ഈ മാറ്റം. ഒരു പടം തുടങ്ങുന്നതിന് മുമ്പേ ഒരുപാട് വര്‍ക്കുകളുണ്ട്. നടീനടന്മാരെ നിര്‍ണയം, മേക്കപ്പ് ടെസ്റ്റ്, വസ്ത്രാലങ്കാരത്തിനുള്ള അനുമതി ഇങ്ങനെ ധാരാളം വര്‍ക്കുകള്‍... ഇതൊന്നും ചെന്നൈയില്‍നിന്നും കൊണ്ടുവന്ന് ചെയ്യുക ബുദ്ധിമുട്ടാണ്. പിന്നെ, എന്റെ ജീവിതത്തില്‍ ആസ്മികമായി ചിലതൊക്കെ സംഭവിച്ചുപോയി. അതൊരു സത്യമാണ്. അതേസമയം, ഈ പ്രശ്‌നങ്ങള്‍ എന്റെ തൊഴിലിനെ ബാധിക്കുകയുണ്ടായില്ല. ദൈവാനുഗ്രഹം കൊണ്ടു പുരോഗതിയേ ഉണ്ടായിട്ടുള്ളൂ.
ബോംബെയില്‍ ഏതു ഭാഗത്താണ് താമസിക്കുന്നത്?
ജൂഹു ബീച്ചിലുള്ള ബോണി കപൂറിന്റെ ഒരു പഴയ വാടകവീട്ടില്‍ താമസിക്കുന്നു. വളരെ സന്തോഷത്തോടെയാണ് ബോണി കപൂര്‍ ആ വീട് എനിക്കു തന്നത്.
നിങ്ങളുടെ ദാമ്പത്യജീവിതം മുറിപ്പെട്ടു പോകാന്‍ പാവം നയന്‍താരയാണ് കാരണമെന്ന് ജനം പ്‌രാകുന്നുണ്ടല്ലോ?
അതും തെറ്റായ ധാരണയാണ്. ആരുമാരും ഇതിനു കാരണമായിരുന്നില്ല. ഒരു വിധി അങ്ങനെ എനിക്കുണ്ടായിരുന്നു. അതെനിക്ക് തടുക്കാനായില്ല. ഈ ഒരു സംഭവം മൂലം എനിക്ക് ഒരുപാട് മനഃക്ളേശം സഹിക്കേണ്ടതായി വന്നിട്ടുണ്ട്. മനസാകെ മരവിച്ചു പോയിരുന്നു. പക്ഷേ സംഭവിച്ച ദുരന്തങ്ങളൊക്കെ പിന്നീട് നല്ലതിനായിരുന്നു എന്നെനിക്ക് മനസിലായി. കോട്ടങ്ങള്‍ ഏറെയുണ്ടായിട്ടും ഞാനിപ്പോള്‍ നേട്ടങ്ങളുടെ പട്ടികയിലാണ്. എല്ലാം ദൈവത്തിന്റെ കൃപതന്നെയാണ്. ഞാന്‍ നയന്‍താരയെ ഉപേക്ഷിച്ച് വര്‍ഷം ഒന്നാകുന്നു. ഞാനിപ്പോള്‍ വളരെയേറെ തിരക്കിലാണ്. മാത്രമല്ല ഏകനും. ഈയൊരു ചുറ്റുപാട് എനിക്ക് വളരെ സമാധാനം തരുന്നുണ്ട്.
ഭാര്യ റഹ്മത്തുമായി ഇപ്പോഴുള്ള ബന്ധം?
ഞങ്ങള്‍ തമ്മില്‍ പ്രണയവിവാഹമായിരുന്നു. പക്ഷേ എന്തു നടന്നാലും അത് ദൈവവിധിയെന്നേ ഞാന്‍ കരുതുന്നുള്ളൂ. ഞാനും റഹ്മത്തും തമ്മില്‍ ഇപ്പോള്‍ യാതൊരുവിധ ബന്ധവുമില്ല. അവള്‍ അവളുടെ വഴി, ഞാനെന്റെ വഴി. പിന്നെ ഋഷി രാഘവേന്ദ്ര, ആദിത് എന്നിങ്ങനെ രണ്ട് പുത്രന്മാര്‍ എനിക്കുണ്ട്. അവരുമായി ഞാന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ട്. ഒഴിവുസമയങ്ങളില്‍ അവര്‍ ഇവിടെയെത്തി എന്നോടൊപ്പം കഴിയാറുണ്ട്. വൈകാതെ ഞാനും മക്കളുമായി ഹോങ്കോങ്ങില്‍ പോകാന്‍ തീരുമാനമുണ്ട്.
ഭാവിയില്‍ എന്താണുദ്ദേശം?
യാതൊരുവിധ ഉദ്ദേശങ്ങളും ഇല്ല. ലോകത്ത് ഒരു പെണ്ണിനെയും വിശ്വസിക്കാന്‍ പാടില്ല എന്നാണ് എന്റെ പക്ഷം. പ്രഭുദേവ തന്റെ അനുഭവത്തില്‍ നിന്ന് ഉപദേശിക്കുന്നു.
(കടപ്പാട് മംഗളം)