സിനിമയിലെ കഥാപാത്രങ്ങള്‍ പോലെ ജീവിതത്തിലും റിമ കല്ലിങ്കല്‍ ബോള്‍ഡ് ആണ്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുണ്ട് നടിയ്ക്ക്. സ്ത്രീകള്‍ സുരക്ഷിതത്വത്തിനായി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം കരുത്താര്‍ജ്ജിക്കണമെന്നും സ്ത്രീകള്‍ എന്നും തന്റേടികളായി ഇരിക്കണമെന്നും പറയുകയാണ് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ റിമ.
ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നത് പീഡന വാര്‍ത്തകളാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദം ഉയരുന്ന പശ്ചാത്തലത്തില്‍ തന്നെ പീഡനക്കേസുകളുടെ എണ്ണം വര്‍ധിക്കുന്ന അവസ്ഥ. സ്ത്രീ എന്ന നിലയില്‍ റിമ എത്രമാത്രം ആശങ്കപ്പെടുന്നു നിലവിലെ സാമൂഹ്യ അവസ്ഥയില്‍?
എനിക്ക് പേടി തോന്നുന്നു. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഇപ്പോള്‍ എല്ലായിടത്തും സുരക്ഷിതയാണ്. പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. എല്ലായ്‌പ്പോഴും സുരക്ഷിതമായ ഇടങ്ങളിലാണ് ഞാന്‍. എന്നിട്ടുപോലും എനിക്ക് ഭയമുണ്ട്. ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ റൂമില്‍പ്പോലും കരുതലോടെയാണ് ഞാന്‍ ഇരിക്കുന്നത്. എന്റെ മാത്രം അവസ്ഥയല്ല ഇത്. ഓരോ സ്ത്രീയും സമൂഹത്തില്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. സമാധാനമില്ലാത്ത അവസ്ഥ. ഇങ്ങനെ പറയേണ്ടി വരുന്നതില്‍ എനിക്ക് ലജ്ജ തോന്നുന്നെങ്കിലും പറയാതിരിക്കാനാകില്ല.
ഡല്‍ഹി സംഭവത്തിന് ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തെ പൊതുസമൂഹം ഉണര്‍ന്നിട്ടുണ്ട്. അത് ഒരു പുതിയ തുടക്കത്തിന് നാന്ദിയായി മാറുമെന്ന് വിശ്വസിക്കുന്നുണ്ടോ?
തീര്‍ച്ചയായും ഇത് ഒരു പുതിയ തുടക്കം തന്നെയാണ്. ഡല്‍ഹി സംഭവത്തിന് ശേഷം പൊതുസമൂഹം അവര്‍ക്കാവുന്ന രീതിയില്‍ സ്ത്രീകള്‍ക്കെതിരായി തുടരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. എല്ലാവരും അവര്‍ക്കാവുന്ന തരത്തില്‍ പ്രതികരിക്കുന്നു. സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടേയും മറ്റ് പല ഉപാധികളിലൂടേയും എല്ലാവരും അവര്‍ക്കാവുന്ന തരത്തില്‍ ശബ്ദിച്ച് തുടങ്ങിയിരിക്കുന്നത് ഒരു മാറ്റം തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അത് അവിടെ തന്നെ അവസാനിക്കരുത്. അവിടെ നിന്ന് ഇനി അടുത്ത ഘട്ടത്തിലേക്ക് മാറേണ്ടതിനെക്കുറിച്ച് ചിന്തിക്കണം. എല്ലാവരും അവരവരോട് തന്നെ ചോദിക്കണം ഇത്. ഭരണകൂടവും സര്‍ക്കാരും വേണ്ടത് ചെയ്യും എന്ന് ചിന്തിച്ച് ഇരിക്കരുത്. സ്ത്രീ ശാക്തീകരണം എല്ലാവരുടേയും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഫലപ്രാപ്തിയില്‍ എത്തൂ.
കുടുംബവും വിവാഹവും സ്ത്രീക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന ചിന്തയില്‍ നിന്നും വ്യത്യസ്തമായി സൗഹൃദങ്ങളിലാണ് സ്ത്രീ കൂടുതല്‍ സുരക്ഷിതയെന്ന ചിന്തയുള്ളവരാണ് പുതുതലമുറയിലെ പലരും. ഇക്കാര്യത്തില്‍ റിമയുടെ അഭിപ്രായം.
ആരേയും ആശ്രയിച്ചിട്ടും ആരോടും ചേര്‍ന്ന് നിന്നിട്ടും ആയിരിക്കരുത് സ്ത്രീ സുരക്ഷിതയാകേണ്ടത്. കുടുംബവും വിവാഹവും സൗഹൃദവുമെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ്. സ്ത്രീക്ക് സമൂഹത്തില്‍ ഒറ്റക്ക് കരുത്തോടെ നില്‍ക്കാന്‍ കഴിയണം. സാമ്പത്തികമായി നല്ല നിലയുണ്ടെങ്കില്‍ സ്ത്രീ സുരക്ഷിതയാകുമെന്നാണ് ആദ്യമെല്ലാം ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ ഞാന്‍ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹം ഇവിടെ സുരക്ഷിതയല്ലെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ഓരോ സ്ത്രീയും അവളുടേതായ ഇടം സമൂഹത്തില്‍ കണ്ടെത്തണം. നമ്മളുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ മറ്റുള്ളവര്‍ വരും എന്ന് സ്ത്രീ സമൂഹം ചിന്തിക്കുന്നത് തന്നെ തെറ്റാണ്. ഒന്നിനും ആരേയും ആശ്രയിക്കാതെ നില്‍ക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. മാനസികമായും ശാരീരികമായും ആരുടേയും ചൂഷണത്തിന് വിധേയരാകാന്‍ നിന്നുകൊടുക്കില്ലെന്ന് ഓരോ സ്ത്രീയും സ്വയം തീരുമാനമെടുക്കണം. ചുറ്റിലും അപകടം പതിയിരിപ്പുണ്ട്. ആദ്യമൊക്കെ ഞാന്‍ അപരിചിതരെ കാണുമ്പോള്‍ ഒന്നു പുഞ്ചിക്കാന്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അതിനാകുന്നില്ല. നിലവിലെ സമൂഹ്യസ്ഥിതികളാണ് അതിന് കാരണം.
സ്ത്രീപുരുഷ സമത്വം നമ്മള്‍ എല്ലായിടത്തും പറയുന്നതാണ്. എല്ലാ തൊഴിലിടങ്ങളിലും പുരുഷനൊപ്പം തന്നെ സ്ത്രീകള്‍ കഴിവ് പ്രകടിപ്പിക്കുന്നുമുണ്ട്. എങ്കിലും തൊഴിലിടങ്ങളിലെല്ലാം സ്ത്രീസമൂഹം അവഗണിക്കപ്പെടുകയാണ്.
കഴിവിനസുരിച്ച് മാത്രം എല്ലായിടത്തും പരിഗണന നല്‍കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. എന്നാല്‍ എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുന്ന ഒരു സാമൂഹ്യസ്ഥിതിയില്‍ മാത്രമേ അത് ഫലപ്രദമാകുകയുള്ളൂ. നമ്മുടെ രാജ്യത്ത് അതല്ല സ്ഥിതി, എല്ലായിടത്തും സ്ത്രീ ഇടിച്ചുതാഴ്ത്തപ്പെട്ടുകൊണ്ടിരിക്കയാണ്. ഞാന്‍ സജീവമായ സിനിമാ മേഖലയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഒരേ തൊഴില്‍ ചെയ്യുന്ന സ്ത്രീക്കും പുരുഷനും രണ്ട് പ്രതിഫലമാണ്. ഇക്കാര്യത്തില്‍ എപ്പോഴും എന്റ് നിലപാട് ഞാന്‍ വെളിപ്പെടുത്താറുണ്ട്. ഇവിടെ ഓരോ സ്ത്രീയും അവള്‍ക്ക് അര്‍ഹമായ കാര്യങ്ങള്‍ ലഭിക്കാന്‍ പോരാടേണ്ട അവസ്ഥയാണ് ഉള്ളത്. നീ ഇത് മാത്രമാണ് അര്‍ഹിക്കുന്നത്, ഇതിനപ്പുറത്തേക്ക് നീ ചിന്തിക്കാന്‍ പാടില്ല എന്നാണ് ഓരോ കുടുംബവും പെണ്‍കുട്ടികളോട് ചെറുപ്പം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത്തരം ഒരു ചിന്താഗതി മാറേണ്ടിയിരിക്കുന്നു. പുരുഷനൊപ്പമാണ് സ്ത്രീയുടേയും ഇടം എന്ന് പറഞ്ഞ് തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്, വിദ്യാലയങ്ങളില്‍ നിന്നാണ്.
ആണിനൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളെ തന്റേടികള്‍ എന്ന വിശേഷണമാണ് സമൂഹം കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. ആണ്‍കുട്ടി ചെയ്യുന്ന പ്രവൃത്തികള്‍ പെണ്‍കുട്ടികള്‍ ചെയ്യുമ്പോള്‍ അതില്‍ ഒരു അസ്വഭാവികത കാണാന്‍ ശ്രമിക്കുന്ന സമൂഹം.
തന്റേടി എന്ന വിശേഷണം ഒരു ബഹുമതിയായി എടുക്കണം എന്ന് കരുതുന്ന ആളാണ് ഞാന്‍. ആണിനൊപ്പം പെണ്‍കുട്ടികള്‍ വരരുതെന്ന ചിന്താഗതി ശരിയല്ല. നമ്മുടെ കുടുംബവ്യവസ്ഥയില്‍ നോക്കിയാല്‍ ഇത് വ്യക്തമായി കാണാം. ആണ്‍കുട്ടി അവന്റെ സ്വപ്‌നം തേടി പോകുമ്പോള്‍ അത് ഉത്തമമായി ചിത്രീകരിക്കുകയും എന്നാല്‍ ഇതേ കാര്യം തന്നെ ഒരു പെണ്‍കുട്ടി ചെയ്യുമ്പോള്‍ തെറ്റാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് നമ്മുടെ കുടുംബങ്ങള്‍. മകള്‍ ഞാന്‍ വരച്ച വരയ്ക്ക് അപ്പുറത്തേക്ക് പോകില്ല എന്ന് പറയാനാണ് മാതാപിതാക്കള്‍ ഇഷ്ടപ്പെടുന്നത്. അത് അവളെ ഒരു നിഴലാക്കി മാത്രം മാറ്റുന്നതിന് തുല്യമാണ്. മറിച്ച് എന്റെ മകള്‍ക്ക് അവളുടേതായ സ്വപ്‌നങ്ങളുണ്ടെന്നും അവളുടേതായ ഇഷ്ടങ്ങളുണ്ടെന്നും പറയുന്നിടത്തേക്ക് സമൂഹവും കുടുംബവും മാറി ചിന്തിക്കണം.
സ്ത്രീ പുരുഷ ബന്ധങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നേരം ഇരുട്ടിയാല്‍ എന്തിന് പകലുപോലും സ്ത്രീക്കും പുരുഷനും ഒരുമിച്ച് പുറത്തിറങ്ങിയാല്‍ സദാചാര പോലീസുകാരുടെ ഇടപെടലുകള്‍ ദൃശ്യമാണ്.
ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് പുറത്തിറങ്ങിയാല്‍ അല്ലെങ്കില്‍ അവര്‍ തമ്മില്‍ സാമൂഹിക ചട്ടങ്ങള്‍ക്ക് അപ്പുറത്ത് ഒരു ബന്ധമുണ്ടെങ്കില്‍ അതില്‍ സമൂഹം എന്തിനാണ് വേവലാതിപ്പെടുന്നത്. എന്തിനാണ് രണ്ട് പേരുടെ സ്വകാര്യ കാര്യങ്ങളിലേക്ക് കടന്നുചെല്ലാന്‍ സമൂഹം ഇത്രയധികം തിടുക്കം കാണിക്കുന്നത്. ഇവിടെ ദിനംപ്രതി ഉയരുന്ന പീഡനക്കേസുകളിലും അല്ലെങ്കില്‍ പ്രതികരിക്കേണ്ട കാര്യങ്ങളിലും ശബ്ദമുയര്‍ത്താത്തവരാണ് ഇങ്ങനെ സദാചാര പോലീസിന്റെ വേഷം സ്വമേധയാ ധരിക്കുന്നത്. കളിമണ്ണ് എന്ന ചിത്രത്തിലെ ശ്വേതാമേനോന്റ് പ്രസവരംഗം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെ പരിശോധിക്കാം. സെന്‍സര്‍ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച ശേഷം തിയേറ്ററുകളില്‍ എത്തുന്ന ഒരു ചിത്രത്തെക്കുറിച്ചായിരുന്നു വിവാദം. ഇത്തരം വിവാദം ഉയര്‍ത്തിയവരെല്ലാം സൗമ്യയുടെ കേസിലും ഡല്‍ഹി സംഭവത്തിലും പ്രതികരിക്കുന്നത് കണ്ടിട്ടില്ല. കേവലം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കോലാഹലമായിട്ട് മാത്രമേ ഇതിനെ കാണാനാകൂ. പരസ്പരം ചെളിവാരിയെറിയുകയാണ്. ഇത്തരം കാര്യങ്ങള്‍ എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്.
(കടപ്പാട്: ഇന്ത്യാവിഷന്‍ ലൈവ്)