ഇന്റര്‍വ്യൂ

സിനിമയില്‍ നിന്ന് വരുന്നയാള്‍ക്ക് സീരിയലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്- ശങ്കര്‍


റൊമാന്റിക് നായകനായി, സംവിധായകനായി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ശങ്കര്‍ തന്റെ അടുത്ത സിനിമയ്ക്കുള്ള തയാറെടുപ്പുകളിലാണ്. ഈ മാസം ദുബായിലാണ് ഷൂട്ടിംഗ്. പൂര്‍ണമായും ഒരു പുതുമുഖചിത്രമായിരിക്കുമിത്. വിനുമോഹനെ നായകനാക്കി കേരളോത്സവം എന്ന സിനിമയുമായി ശങ്കര്‍ എത്തി രണ്ടുവര്‍ഷം കഴിഞ്ഞാണ് പുതിയ ചിത്രം വരുന്നത്

സിനിമയില്‍ ന്യൂ ജനറേഷന്‍ യുഗമാണല്ലോ?
കാലഘട്ടമിപ്പോള്‍ മാറിവന്നിരിക്കയാണ്. പണ്ട് സിനിമ കാണണമെങ്കില്‍ തിയറ്ററില്‍ തന്നെ പോകണം. ഇന്നതിന്റെ കാര്യമില്ല. യുവാക്കളുടെ ചിന്താഗതി തന്നെ മാറിവരികയാണ്. മലയാളസിനിമ കറങ്ങിക്കറങ്ങി വിജയം കാണാന്‍ തുടങ്ങിയിട്ടുണ്ട്. ട്രാഫിക് പോലുള്ള സിനിമകള്‍ അതിന്റെ സൂചനയാണ് നമുക്കു തന്നത്. ഇടയ്ക്ക് ടി.വി. സിനിമയ്ക്ക് ഭീഷണിയായപ്പോള്‍ ഇംഗ്ലീഷ് സിനിമകളാണ് അതിനെ ബ്രേക്ക് ചെയ്തത്. അവര്‍ ഡി.ടി.എസ്. പോലുള്ള സാങ്കേതികവിദ്യകളുമായി നേരിട്ടപ്പോള്‍ സിനിമ പിന്നോട്ടുപോയില്ല. ഇപ്പോഴും സാറ്റലൈറ്റ് റൈറ്റുകള്‍ ഉള്ളതുകൊണ്ട് സിനിമകള്‍ നഷ്ടമാവുന്നില്ല. അതുകൊണ്ടാണ് മലയാളസിനിമകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാവുന്നത്. ഒരു ദിവസം അതു നിന്നാല്‍ കാണാം ഇവിടത്തെ അവസ്ഥ.

മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഹീറോ ആയിരുന്നു ശങ്കര്‍?
അങ്ങനെ പറയാമോ എന്നറിയില്ല. എന്തായാലും ഒരുപാടു റൊമാന്റിക് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എണ്‍പതു മുതല്‍ എട്ടുവര്‍ഷക്കാലം ഞാനത് ആസ്വദിക്കുകയായിരുന്നു. അക്കാലയളവില്‍ നൂറോളം സിനിമകളില്‍ അഭിനയിച്ചു. മിക്കവയും ഹിറ്റുകള്‍. അതിലൊന്നും കാര്യമില്ല. അതിനേക്കാളും വലിയ ഭാഗ്യമായി ഞാനിപ്പോഴും കരുതുന്നത് ആദ്യത്തെ രണ്ടു സിനിമകളാണ്. ഒരുതലൈരാഗവും മഞ്ഞില്‍ വിരിഞ്ഞ പൂക്കളും. എന്റെ ഇത്രയും നാളത്തെ കരിയറില്‍ ഓര്‍ത്തുവയ്ക്കാന്‍ ഈ രണ്ടുചിത്രം മാത്രം മതി.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വന്ന വില്ലന്‍ കരിയറിലും ശങ്കറിന് വില്ലനായി മാറിയിരുന്നോ?
ഒരിക്കലുമില്ല. മാത്രമല്ല, മോഹന്‍ലാല്‍ വന്നതിനു ശേഷമാണ് എനിക്കേറ്റവും കൂടുതല്‍ സിനിമകള്‍ കിട്ടിയത്. ലാല്‍ ഏതുവേഷവും അനായാസമായി ചെയ്യും. അതില്‍ കോമഡിയെന്നോ സീരിയസെന്നോ ഉള്ള വ്യത്യാസമില്ല. ലാലിന് ലാലിന്റേതായ കഥാപാത്രങ്ങളാണ് കിട്ടിക്കൊണ്ടിരുന്നത്. ഞങ്ങള്‍ നായകന്‍മാരായും ഒരുപാടു സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ഇതിനിടെ സീരിയലുകളിലും കണ്ടല്ലോ?
സീരിയലുകള്‍ എന്നെ സംബന്ധിച്ചിടത്തോളം സ്‌ട്രെയിനാണ്. സിനിമയില്‍ നിന്ന് വരുന്നയാള്‍ക്ക് സീരിയലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഓവര്‍ എക്‌സ്‌പ്ലോഷനാണ് സീരിയലില്‍ വേണ്ടത്. അതു നമുക്കു പലപ്പോഴും പറ്റില്ല. തുടര്‍ന്നാണ് അതുപേക്ഷിച്ചത്. ഇപ്പോഴൂം സീരിയലില്‍ അഭിനയിക്കാന്‍ ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്. പക്ഷേ താല്‍പര്യമില്ല.

തമിഴിലും മലയാളത്തിലുമായി ഇരുന്നൂറോളം സിനിമകള്‍. എന്നിട്ടും അവാര്‍ഡുകളുടെ കാര്യത്തില്‍ അവഗണിക്കപ്പെട്ടെന്നു പറഞ്ഞാല്‍?
അവാര്‍ഡുകളൊന്നും ലഭിച്ചില്ലെന്നതു സത്യമാണ്. അവാര്‍ഡിനായി എടുക്കുന്ന ക്ലാസ് സിനിമകളിലൊന്നും അഭിനയിച്ചിട്ടുമില്ല. അതില്‍ ഒട്ടും സങ്കടമില്ല. അറുനൂറോളം സിനിമകളില്‍ നായകനായിട്ടും പ്രേംനസീറിന് അവാര്‍ഡ് കിട്ടിയിരുന്നില്ല. പ്രതീക്ഷിക്കാത്തവര്‍ക്ക് കിട്ടുന്നുമുണ്ട്. ആദ്യസിനിമയില്‍ തന്നെ മോനിഷയ്ക്ക് അവാര്‍ഡ് കിട്ടിയിട്ടില്ലേ? ഞാന്‍ അഭിനയിക്കുന്ന കാലഘട്ടത്തില്‍ ചാനലുകള്‍ വളരെ കുറവായിരുന്നു. ഉള്ളവര്‍ക്കു തന്നെ അവാര്‍ഡുകളുമില്ല. ഇപ്പോഴതാണോ സ്ഥിതി? ഇഷ്ടംപോലെ ചാനലുകള്‍. അവര്‍ക്കെല്ലാം അവാര്‍ഡുകള്‍. അന്ന് അഭിനയിച്ച സിനിമകള്‍ ഇന്നായിരുന്നെങ്കില്‍ എന്റെ അലമാര മുഴുവനും പുരസ്‌കാരം കൊണ്ടു നിറഞ്ഞേനെ.

(കടപ്പാട് -മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions