മലയാളികളുടെ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിച്ച് മഞ്ജു വാര്യര്‍ വാര്‍ത്തകളില്‍ വീണ്ടും നിറയുന്നു. മാതൃഭൂമിയുടെ 'സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ 'മാഗസിന് വേണ്ടി മഞ്ജുവിന്റെ ഫോട്ടോ ഷൂട്ടും അഭിമുഖവും നടിയുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നു. മഞ്ജുവാര്യര്‍ വീണ്ടും അഭിനയിക്കുന്നു എന്ന വാര്‍ത്തകേള്‍ക്കാനാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. എന്നാല്‍ ഒന്നും വിട്ടു പറയാന്‍ മഞ്ജു തയാറുമല്ല.
ഈ പ്രസരിപ്പും പ്രകാശവും ചിരിയും കാണുമ്പോള്‍ തോന്നുന്നു മഞ്ജു ഉടന്‍ സിനിമയിലേക്ക് മടങ്ങുമെന്ന്..?
നൃത്തത്തിലേക്കുള്ള മടങ്ങിവരവ് എന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. പക്ഷേ അത് സംഭവിച്ചു. അതൊരു ഇന്‍സ്റ്റിന്‍ക്ട് ആയിരുന്നു. എല്ലാക്കാലത്തും ഇന്‍സ്റ്റിന്‍ക്ടുകളാണ് എന്നെ നിയന്ത്രിക്കാറുള്ളത്. അഭിനയത്തിലേക്ക് വന്നതും കല്യാണം കഴിച്ചതുമെല്ലാം... ഇപ്പോഴിതാ ഞാന്‍പോലുമറിയാതെ നൃത്തം ചെയ്യാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നാണ് വിശ്വാസം.
അഴകും ആത്മവിശ്വാസവും നിറഞ്ഞ ഒരാള്‍ എന്തിനാണ് ഇങ്ങനെ മടിച്ചു നില്‍ക്കുന്നത്?
വേണം എന്ന് തോന്നിയാല്‍ അത് ചെയ്യും. അതാണെന്റെ സ്വഭാവം. സിനിമയുടെ കാര്യവും അങ്ങനെ തന്നെ. ഓരോ സമയത്തും എന്തു തോന്നുമെന്ന് വ്യക്തമായി പറയാനുമാകില്ല. നൃത്തത്തിലേക്ക് മടങ്ങും മുമ്പും മടിച്ചു നിന്നിരുന്നു. വേണമെന്ന് തോന്നി. ചെയ്തു. ഇഷ്ടമുള്ള ഒരു കാര്യം ചെയ്തതിന്റെ സുഖവും ഇപ്പോള്‍ അനുഭവിക്കുന്നു. ജനങ്ങള്‍ അംഗീകരിച്ചതിലുള്ള ആഹ്ലാദവും. ഗുരുവായൂരില്‍ തൊഴാനെത്തുന്നവര്‍ മാത്രമേ എന്റെ അരങ്ങേറ്റം കാണൂ എന്നാണ് കരുതിയത്. പക്ഷേ മേക്കപ്പ് ചെയ്തിറങ്ങിയപ്പോഴേ ജനങ്ങള്‍ പൊതിഞ്ഞു. ആ ആള്‍ക്കൂട്ടം തന്ന എനര്‍ജിയായിരുന്നു യഥാര്‍ഥത്തില്‍ എന്നെ കാത്തത്. ഇതു തന്ന ആത്മവിശ്വാസം ചെറുതല്ല. ചെയ്ത കാര്യം ഫലപ്രാപ്തിയിലെത്തിയല്ലോ എന്ന സംതൃപ്തി.
രണ്ടാമൂഴത്തിലെ പാഞ്ചാലിയായി എം.ടി.വാസുദേവന്‍നായര്‍ വിളിച്ചാല്‍ അഭിനയത്തിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിക്കുമോ?
എന്തും സംഭവിക്കാം. വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്തിച്ചതു പോലെയല്ല ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. പ്രായത്തിന്റെ പക്വതവന്നിട്ടുണ്ട്. ജീവിതത്തെ ഗൗരവത്തോടെ കാണുന്നു. വളരെക്കുറച്ചു കാലമേ ഞാന്‍ അഭിനയിച്ചുള്ളൂ. പക്ഷേ ധാരാളം നല്ല കഥാപാത്രങ്ങളെ കിട്ടി. അത് എന്റെ മിടുക്കല്ല. മലയാളികള്‍ തലയില്‍കൈവച്ച് അനുഗ്രഹിച്ചു. അതെന്റെ ഭാഗ്യം. ആ നല്ലപേര് കളയരുത് എന്നുണ്ട്. ഞാന്‍ രണ്ടാമൂഴം വായിച്ചിട്ടില്ല. അതുകൊണ്ട് അതിലെ പാഞ്ചാലിയെക്കുറിച്ച് അറിയില്ല.