കോട്ടയംകാരിയായ നമിത പ്രമോദ് ആണിപ്പോള്‍ മലയാള സിനിമാലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. നായികയായി രണ്ടേ രണ്ടു ചിത്രങ്ങള്‍ക്കൊണ്ട് തന്നെ യുവനായികമാരുടെ നിരയില്‍ ഈ കൗമാര നായിക സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ ഈ നായിക 'സൗണ്ട്‌തോമ'യിലെ ശ്രീലക്ഷ്മിയിലൂടെ ആദ്യ സൂപ്പര്‍ഹിറ്റ് ആഘോഷിക്കുകയാണ്.
'സൗണ്ട്‌തോമ' തിയേറ്ററില്‍വെച്ച് കണ്ടപ്പോള്‍?
വലിയ സീരിയസ് കഥയൊന്നുമല്ല ചിത്രം പറഞ്ഞത്. സൗണ്ട്‌തോമ കുഴപ്പമില്ലാത്ത, ഫുള്ളി എന്റര്‍ടെയ്‌നറാണ്. കുടുംബങ്ങള്‍ക്ക് ചിരിക്കാനൊക്കെ പറ്റുന്ന സിനിമ. ഞാന്‍ അച്ഛന്റെയും അമ്മയുടെയുംകൂടെ പോയാണ് സൗണ്ട് തോമ കണ്ടത്.
നമിതയുടെ സുഹൃത്തുക്കളൊക്കെ സിനിമ കണ്ടോ?
തിരുവനന്തപുരത്ത് സൗണ്ട് തോമ കാണാന്‍ വന്‍ക്രൗഡായിരുന്നു . അതുകൊണ്ട് ആദ്യത്തെ രണ്ടുദിവസങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. പടം തിയേറ്ററിലെത്തിയ ഞായറാഴ്ചയാണ് അവര്‍ കണ്ടത്. വളരെ എന്റര്‍ടെയ്‌നറായ ചിരിക്കാനുള്ള മൂവിയാണെന്നും ഞാന്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും അവരില്‍നിന്ന് കേട്ടപ്പോഴാണ് സമാധാനമായത്. കാരണം, അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തുറന്നുപറയും.
നമിത നായികയാകുന്ന രണ്ടാമത്തെ സിനിമയാണ് സൗണ്ട് തോമ. ആദ്യസിനിമയില്‍നിന്ന് രണ്ടാമത്തെ സിനിമയിലെത്തിയപ്പോള്‍ അഭിനയം കുറച്ചുകൂടി മെച്ചപ്പെട്ടെന്ന് തോന്നിയോ?
ഓരോ സിനിമ കഴിയുമ്പോഴും ഒരു പോളീഷിങ് നടക്കുന്നതുപോലെയാണ്. ആദ്യസിനിമയില്‍ ചെയ്തതുപോലെയുള്ള കഥാപാത്രമല്ല രണ്ടാമത്തെ സിനിമയില്‍ അവതരിപ്പിച്ചത്. അപ്പോള്‍ ഓരോ സിനിമ ചെയ്യുമ്പോഴും നമ്മള്‍ ഫ്ലെക്‌സിബിളാകുകയും ചെയ്യും.
സൗണ്ട് തോമയിലെ ശ്രീലക്ഷ്മിയെ അവതരിപ്പിക്കുമ്പോള്‍ അഭിനയിക്കാന്‍ പ്രയാസംതോന്നിയ സന്ദര്‍ഭങ്ങള്‍
ഉണ്ടായിരുന്നോ?
ശ്രീലക്ഷ്മി ഒരു നോര്‍മല്‍ കാരക്ടറായതിനാല്‍ നന്നായി എഫേര്‍ട്ടെടുത്ത് അഭിനയിക്കേണ്ട സീനുകള്‍ കുറവായിരുന്നു. സോങ്‌സീനില്‍ ഡാന്‍സ്‌ചെയ്യാനാണ് നന്നായി എഫേര്‍ട്ടെടുക്കേണ്ടി വന്നത്. ബാക്കിയൊക്കെ എനിക്ക് മാനേജ്‌ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ.
നമിത ചിത്രത്തില്‍ നന്നായി ഡാന്‍സ്‌ചെയ്തിട്ടുണ്ടല്ലോ. ഡാന്‍സ് പഠിച്ചിട്ടുള്ള ആളല്ലേ?
ഞാന്‍ വളരെ ചെറുതായപ്പോള്‍ ഡാന്‍സ് പഠിച്ചിട്ടുണ്ടെങ്കിലും പിന്നീട് പ്രാക്ടീസ് ചെയ്യാറില്ല. അതിനുശേഷം ഇപ്പോള്‍ സിനിമയിലാണ് ഡാന്‍സ് ചെയ്യുന്നത്. അതിനാല്‍ ഡാന്‍സ് സ്റ്റെപ്പുകളൊക്കെ ചെയ്യുമ്പോള്‍ കുറച്ച് പ്രയാസം തോന്നിയിരുന്നു. ഇപ്പോള്‍ എല്ലാവരും ഡാന്‍സ് നന്നായി ചെയ്‌തെന്ന് പറയുമ്പോള്‍ ഒത്തിരി സന്തോഷം.
അഭിനയത്തിനൊപ്പം കാമറയ്ക്ക് പിന്നിലും പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് മുമ്പ് പറഞ്ഞിരുന്നു. രണ്ടാമത്തെ സിനിമ ചെയ്തപ്പോള്‍ സിനിമയുടെ മേക്കിങ് കാര്യങ്ങള്‍ കുറച്ചുകൂടി മനസ്സിലായോ?
സൗണ്ട് തോമ ചെയ്യുമ്പോള്‍ കാമറയ്ക്ക് പിറകിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ല. എനിക്കുകിട്ടിയ കഥാപാത്രത്തെ പരമാവധി നന്നായി അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
സെറ്റിലെ രസകരമായ അനുഭവങ്ങള്‍?
സൗണ്ട്‌തോമയെ കുടയെടുത്ത് അടിക്കുന്നതൊക്കെ ചിത്രീകരിച്ചത് ഓര്‍ക്കുമ്പോള്‍ ചിരിവരും. ഒന്നുരണ്ട് പ്രാവശ്യം ദിലീപേട്ടന് ശരിക്കും എന്റെയടുത്തുനിന്ന് അടി കൊണ്ടിട്ടുണ്ടായിരുന്നു.
(കടപ്പാട്- മാതൃഭുമി)