മലയാളത്തില്‍ കോമഡി താരങ്ങളെ അവാഡിനായി പരിഗണിക്കാറില്ലെന്നും കോമേഡിയനായതിന്റെ പേരില്‍ അവാര്‍ഡുകള്‍ നഷ്ടമായ ആളാണ് ജഗതി ശ്രീകുമാറെന്നും നടി കല്‍പ്പന. മലയാളസിനിമയില്‍ കോമഡിക്ക് യാതൊരു വിലയും ഇല്ലാത്ത അവസ്ഥയാണെന്നും കല്‍പ്പന പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബില്‍ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മികച്ച സഹ നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും സ്വീകരിച്ചു തിരിച്ചെത്തിയ അവര്‍.
"ചാര്‍ളി ചാപ്ലിന്‍ കോമഡിയുടെ പേരില്‍ ലോകസിനിമയില്‍ അറിയപ്പെട്ടുവെങ്കില്‍ ജഗതി ശ്രീകുമാറിന് എന്താണ് കിട്ടിയത്? ഭരത് അവാര്‍ഡിന് ജഗതിക്ക് യോഗ്യതയില്ലേ? ഹാസ്യം ആസ്വദിക്കുക, ചിരിച്ചുതള്ളുക അത്രമാത്രം. അവാര്‍ഡ് വരുമ്പോള്‍ അത് മമ്മൂട്ടിക്കോ, മോഹന്‍ലാലിനോ- ഇതാണ് നടക്കുന്നത്.
അത് ശരിയാണെന്ന് എനിയ്ക്ക് തോന്നുന്നില്ല. എന്നുകരുതി പ്രായം കൂടിയതുകൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മറ്റു ഭാഷകളില്‍ ഇവരുടെ അച്ഛനാകാന്‍ പ്രായമുള്ളവര്‍ നായകരായി അഭിനയിക്കുന്നുണ്ട്. നാഗേശ്വരറാവു 84ാം വയസ്സില്‍ 19 കാരിയായ ശ്രീദേവിക്കൊപ്പം ഡാന്‍സുചെയ്തു. രജനീകാന്തിന് എത്രവയസ്സായി. കഥാപാത്രങ്ങള്‍ക്ക് ഈ താരങ്ങള്‍ യോജിക്കുന്നുണ്ടോ എന്നുനോക്കിയാല്‍ മതി"-കല്‍പ്പന പറഞ്ഞു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുംകൊണ്ട് പ്രയോജനമുള്ളതുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ അവരെ വച്ച് പടമെടുക്കുന്നത്.
"ദേശീയ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ ഒരുചാനലിന്റെ പോലും അവാര്‍ഡ് തന്നിട്ടില്ല. കോമഡി ചെയ്യാന്‍ പ്രയാസമാണെന്ന് എല്ലാവരും പറയും. പക്ഷേ കൊമേഡിയന് ഇവിടെ ഒരു വിലയുമില്ല" കല്‍പ്പന പറഞ്ഞു.
"ന്യൂ ജനറേഷന്‍ സിനിമ തീയലിന്റെ ചേരുവയുള്ള സാമ്പാറാണ്. ന്യൂ ജനറേഷന്‍ സിനിമകളിലെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും മറ്റും ശരിയല്ല. ഇതൊക്കെ മുളയിലേനുള്ളണം. ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിച്ചത് തെറ്റാണെന്ന് കല്പന പറഞ്ഞു. സിനിമയില്‍ വരുമ്പോള്‍ അത് മറയോടുകൂടിയേ കാണിക്കൂ എന്നാണ് പ്രതീക്ഷ. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിനു കാരണമാകുന്നതെന്ന അഭിപ്രായം ശരിയല്ലെന്നും കല്‍പ്പന പറഞ്ഞു.
ചെയ്യാന്‍ ആഗ്രഹിക്കുന്ന റോളിനെപ്പറ്റി ചോദിച്ചപ്പോള്‍ തീവ്രവാദിയുടെ വേഷം ഇഷ്ടമുണ്ടെന്നായിരുന്നു മറുപടി. എങ്കില്‍പ്പിന്നെ തീവ്രവാദികളെ കാണുമ്പോള്‍ ആളുകള്‍ ചിരിച്ചുതുടങ്ങുമെന്നായി സദസ്സ്. 'കണ്ടോ, ഈ സമീപനമാണ് മാറേണ്ടത്' കല്പന ചിരിച്ചുകൊണ്ട് പരിഭവിച്ചു
മലയാളസിനിമ നായകകേന്ദ്രീകൃതം തന്നെയാണ്. പുരുഷന് മേല്‍ക്കൈ ലഭിക്കുന്നതാണ് പ്രേക്ഷകന് ഇഷ്ടം. സ്ത്രീകളുടെയും താത്പര്യം അതുതന്നെ. ടി.വി. സീരിയലുകളില്‍ പക്ഷേ മറിച്ചാണ്. പുരുഷന്മാര്‍ എല്ലാം 'പഴ'മാണ്. അമ്മയുംകുഞ്ഞും, മരുമകളെ പീഡിപ്പിക്കുന്ന അമ്മായിയമ്മ എന്നിങ്ങനെയാണ് എല്ലാ കഥകളിലെയും കേന്ദ്രകഥാപാത്രങ്ങള്‍. സിനിമകളിലും സീരിയലുകളിലും അനാവശ്യ പ്രവണതകള്‍ വര്‍ധിച്ചുവരികയാണെന്നും കല്‍പ്പന പറഞ്ഞു.