സംഭവബഹുലമായ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആത്മബന്ധത്തിന്റെ കഥ പറയുന്ന 'ബഡ്ഡി' എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ ബാലചന്ദ്രമേനോന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു. തന്റെ ജീവിതത്തിലെ കഴിഞ്ഞ സംഭവങ്ങളും തിരിച്ചുവരവും വിവരിക്കുകയാണ് അദ്ദേഹം.
റീ എന്‍ട്രിക്ക് ഈ ചിത്രം ('ബഡ്ഡി') തന്നെ തിരഞ്ഞെടുക്കാന്‍ കാരണം?
ഈ തിരിച്ചുവരവ് പ്രേക്ഷകര്‍ക്ക് എന്നിലുള്ള പ്രതീക്ഷകള്‍ ന്യായീകരിക്കുന്ന കഥാപാത്രത്തിലൂടെയാകണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. വീണ്ടും അഭിനയിക്കാന്‍ തയ്യാറായി നിന്ന സമയത്ത് തേടിവന്ന 27-ഓളം ചിത്രങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചത് ഈ കാരണത്താലാണ്. അതില്‍ പലതും എന്റെ ഈ ഇടവേളയെ താത്കാലികമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്ന ചിത്രങ്ങളായിരുന്നു. മറ്റ് ചിലത് ഞാന്‍ ചെയ്ത കഥാപാത്രങ്ങളുടെ ബാക്കിയായിരുന്നു. വെറും ഭര്‍ത്താവ് എന്ന നിലയില്‍ വീണ്ടും വരാന്‍ എനിക്കത്ര താത്പര്യമുണ്ടായിരുന്നില്ല. ഒരു കാരണക്കാരനായ കഥാപാത്രത്തിലുപരി കാര്യക്കാരനായ കഥാപാത്രത്തെയാണ് ഞാന്‍ ആഗ്രഹിച്ചത്. അങ്ങനെയിരിക്കെയാണ് ബഡ്ഡിയുടെ കഥ ഞാന്‍ കേട്ടത്.
ഫോഴ്‌സില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്ന ചെറുപ്പക്കാരന്റെ ചുറുചുറുക്കുള്ള റിട്ടയേര്‍ഡ് ഡി.ജി.പി. ക്യാരക്ടര്‍ എനിക്കുനേരെ നീട്ടിയപ്പോള്‍ അതുതന്നെയാണ് അന്വേഷിച്ച കഥാപാത്രമെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് സംവിധായകന് വാശിയുണ്ടായിരുന്നു. അങ്ങനെയാണ് റിട്ടയേഡ് ഡി.ജി.പി. നമ്പൂതിരിപ്പാട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ തയ്യാറെടുത്തത്.
സൗഹൃദങ്ങളുടെ കഥപറയുന്ന ചിത്രമാണല്ലോ 'ബഡ്ഡി' ?
അതെ, സുഹൃത്ത് എന്ന വാക്കിന്റെ മറ്റൊരു രൂപമാണ് ബഡ്ഡി. ഏപ്രില്‍ 18-ല്‍ ശ്രീനാഥ് സ്‌നേഹപൂര്‍വം എന്നെ വിളിക്കുന്നുണ്ട് 'അളിയാ' എന്ന്. അതിന്റെ മോഡേണ്‍ വേര്‍ഷനാണ് ബഡ്ഡി. യഥാര്‍ഥ ബഡ്ഡി ആരാണെന്നാണ് ചിത്രത്തിലൂടെ സംവിധായകന്‍ രാജ് പ്രഭാവതി മേനോന്‍ പറയുന്നത്.
ഇത് ഒരു രണ്ടാംവരവായി ഫീല്‍ ചെയ്യുന്നുണ്ടോ?
സിനിമയില്‍ സജീവമായ സമയത്തേക്കാള്‍ നൂറിരട്ടി തിരക്കിലായിരുന്നു ഞാന്‍. സംഭവബഹുലമായിരുന്നു ജീവിതം. 'അറിയാത്തവര്‍ അറിയേണ്ടത്' എന്ന പുസ്തകമെഴുതി റിലീസ് ചെയ്തതും എല്‍.എല്‍.ബി. പരീക്ഷ എഴുതി വിജയിച്ചതും മക്കളുടെ വിവാഹം നടത്തിയതും എല്ലാം ഈ കാലത്താണ്. എന്റെ ചിത്രങ്ങള്‍ ചാനലിലൂടെ വരുമ്പോള്‍ എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ വിളിക്കാറുണ്ട്. ഊട്ടിയില്‍ ബഡ്ഡിയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഒരു സ്‌നേഹിതന്‍ എന്നോട് ചോദിച്ചു, അഭിനയിക്കാന്‍ മറന്നോ എന്ന്. ഞാന്‍ പറഞ്ഞു, 'സൈക്കിള്‍ ഒരു തവണ പഠിച്ചാല്‍ മതി വീഴില്ല'. എന്റെ അഭാവത്തില്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ ഉണ്ട്. പല ക്ഷേത്രങ്ങളിലും എനിക്കുവേണ്ടി അര്‍പ്പിച്ച പൂജയുടെ പ്രസാദം എന്റെ അഡ്രസില്‍ വരാറുണ്ട്. ആ സ്‌നേഹത്തിന് മുന്നിലാണ് എന്റെ കണ്ണ് നനയുന്നത്. അവര്‍ക്കാണ് ഈ തിരിച്ചുവരവ് സമര്‍പ്പിക്കുന്നത്.
ഈ രണ്ടാംവരവില്‍ മലയാള സിനിമാലോകം ഏറെ മാറിയിട്ടുണ്ട്. ന്യൂജനറേഷന്‍ ട്രന്റിനെ എങ്ങനെ കാണുന്നു?
പുതിയ തലമുറയുടെ സാഹസികമായ സിനിമാ സമീപനത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. അല്ലെങ്കില്‍ കോണകമുടുത്ത അപ്പൂപ്പനില്‍നിന്ന് മലയാള സിനിമ വളരില്ല. പക്ഷേ, ഇന്നത്തെ ന്യൂജനറേഷന്‍ ദിശാബോധമില്ലാത്ത പട്ടം പോലെയാണ്. ആ സുന്ദരമായ പട്ടം നയിക്കാന്‍ വിവേകമുള്ള നല്ലൊരു കൈ വേണം. അല്ലെങ്കില്‍ അത്തരം കൈകള്‍ അവര്‍ കണ്ടെത്തണം. ഇല്ലെങ്കില്‍ എല്ലാം വെറും ആവേശം മാത്രമാകും.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം - ബാലചന്ദ്രമേനോന്‍. പ്രേക്ഷകര്‍ക്ക് അത്തരമൊരു ചിത്രം ഉടന്‍ പ്രതീക്ഷിക്കാമോ?
മമ്മൂട്ടിയുടെ കൂടെ ഞാന്‍ അഭിനയിച്ച 'കുഞ്ഞനന്തന്റെ കട' പ്രദര്‍ശനത്തിനൊരുങ്ങുന്നുണ്ട്. പിന്നെ നിങ്ങളാഗ്രഹിക്കുന്ന എന്റെ ചിത്രം, അതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു. ഉടന്‍ പ്രതീക്ഷിപ്പിന്‍. എന്തും. എപ്പോഴും സംഭവിക്കാം. ഈ ജീവിതം അങ്ങനെയാണല്ലോ!
(കടപ്പാട്- മാതൃഭുമി)