ഇന്റര്‍വ്യൂ

ഞാന്‍ മരിച്ചെന്നു വാര്‍ത്ത കൊടുത്തിട്ട് ജഡം കാണാന്‍ വന്നയാളാണ് എന്റെ അച്ഛന്‍ : കനക

കഴിഞ്ഞ ദിവസങ്ങളില്‍ തെന്നിന്ത്യയിലെ പ്രമുഖ മാദ്ധ്യമങ്ങളിലെല്ലാം ചര്‍ച്ചാവിഷയം നടി കനകയുടെ മരണമായിരുന്നു. ഒടുവില്‍ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ കനകയ്ക്കു വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വന്നു. മരിച്ചു ജീവിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നടി നല്കിയ അഭിമുഖം.

എന്തായിരുന്നു ഇത്തരമൊരു വാര്‍ത്തയ്ക്കു കാരണമായി കരുതുന്നത്?

ഈ വാര്‍ത്ത വന്നത് എവിടെ നിന്നാണെന്ന് എനിക്കു വ്യക്തമായി അറിയാം. ഇതിനു പിന്നില്‍ എന്റെ അച്ഛന്‍ ദേവദാസ് തന്നെയാണ്.

അച്ഛനെതിരെ മുന്‍പ് കേസ് കൊടുത്തതിന്റെ വൈരാഗ്യമാണോ?

അതേ. അച്ഛനെ എന്നോടും മരിച്ചുപോയ എന്റെ അമ്മയോടുമെല്ലാം വൈരാഗ്യവും ദേഷ്യവും മാത്രമേയുള്ളൂ. സ്‌നേഹം എന്നൊന്ന് ആ മനുഷ്യന്റെ മനസിലില്ല. എന്റെ സ്വത്തു മാത്രമാണ് ലക്ഷ്യം. അതിനു ഞാന്‍ ചത്തുകിട്ടണം. അതിനാണ് പച്ചയായിരിക്കുന്ന ഞാന്‍ മരിച്ചുവെന്ന് തമിഴ് ചാനലില്‍ വാര്‍ത്ത കൊടുപ്പിച്ചതും അതു പിന്നീട് തെന്നിന്ത്യന്‍ മാധ്യമങ്ങളെല്ലാം ഏറ്റുപിടിച്ചതും.

അച്ഛന്‍ പറയുന്നത് കനകയെ ഇഷ്ടമാണെന്നാണല്ലോ?

അത് എന്തിനെന്ന് എനിക്കു നന്നായറിയാം. എന്നെയല്ല, എന്റെ പണത്തെയാണ് അദ്ദേഹം സ്‌നേഹിക്കുന്നത്. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ എന്നെയും അമ്മയെയും ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ തേടി പോയാതാണ് ആ മനുഷ്യന്‍. ഇപ്പോള്‍ വന്നിരിക്കുന്നത് സ്വത്തിനല്ലാതെ പിന്നെന്തിനാണ്?

അച്ഛന്‍ കാണാന്‍ വന്നിരുന്നോ?

മരണ വാര്‍ത്ത കൊടുത്തിട്ട് എന്റെ ജഡം കാണാന്‍ വന്നിരുന്നു. എന്റെ ഗേറ്റ് ഞാന്‍ കൊട്ടിയടച്ചു. ഇനി ഒരിക്കലും ഗേറ്റ് ആ മനുഷ്യനു മുന്നില്‍ തുറക്കില്ല.

കാന്‍സര്‍ ആണെന്നു പ്രചരിപ്പിച്ചതാരാണ്?

സംശയമെന്ത്? ഞാന്‍ വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് കേരളത്തില്‍ പോയത്. പിന്നെ പോയത് അടുത്തിടെ ഒരു സുഹൃത്തിനെ കാണാന്‍ ആലപ്പുഴയില്‍ പോയിരുന്നു. അതിനെയാണ് കാന്‍സര്‍ ചികിത്സയാക്കി ചിത്രീകരിച്ചത്. എനിക്കു കാന്‍സര്‍ എന്നല്ല, പറയത്തക്ക ഒരു അസുഖവുമില്ല.

മരണ വാര്‍ത്ത കൊടുത്ത മാധ്യമങ്ങളോട് എന്തു തോന്നുന്നു?

എനിക്ക് അവരോട് വെറുപ്പില്ല, സ്‌നേഹമോ സഹതാപമോ മാത്രമേയുള്ളൂ. എന്നെ മലയാളികള്‍ ഇപ്പോഴും സ്‌നേഹിക്കുന്നു എന്നു നന്നായി മനസ്‌സിലായത് എന്റെ അകാലത്തിലെ ചരമവാര്‍ത്ത കണ്ടപ്പോഴാണ്. അങ്ങനെയെങ്കിലും എന്നെ അവര്‍ ഓര്‍ത്തതില്‍ സന്തോഷം. എന്നെ ആരും മറന്നില്ലല്ലോ? കോടിക്കണക്കിനു രൂപയ്ക്ക് എനിക്കു മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണ്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തി മരിച്ചുവെന്ന് ചിത്രവും വച്ച് പ്രചരിപ്പിച്ചത് ചെറിയ കാര്യമല്ല. പക്ഷേ, വാര്‍ത്തയ്ക്കു പിന്നില്‍ ആരെന്ന് വ്യക്തമായി അറിയാവുന്നതിനാല്‍ അതിനൊന്നും പോകുന്നില്ല.

സിനിമയില്‍ തിരിച്ചുവരാന്‍ നടത്തിയ കനക തന്നെ ഒപ്പിച്ച കള്ളപ്രചരണമാന്നെന്ന് സിനിമാവൃത്തങ്ങളില്‍ സംസാരമുണ്ടല്ലോ?

(ഈ ചോദ്യം കനകയെ പ്രകോപിപ്പിച്ചു. ദേഷ്യത്തോടെ-) ആര്‍ക്കും എന്തും പറയാം. സിനിമയോട് എനിക്കൊരു താത്പര്യവുമില്ല. അഭിനയിക്കാനായിരുന്നു താത്പര്യമെങ്കില്‍ എനിക്കു സിനിമയില്‍ തന്നെ തുടരാന്‍ അവസരങ്ങളുണ്ടായിരുന്നു. അമ്മ മരിച്ച വേളയില്‍ ഞാന്‍ സ്വയം അഭിനയം അവസാനിപ്പിച്ച് വീട്ടിലൊതുങ്ങുകയായിരുന്നു. അമ്മയുടെ അസാന്നിദ്ധ്യം എന്നെ അത്രമേല്‍ വേദനിപ്പിച്ചിരുന്നു.

വിവാഹ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്?

അതൊരു ക്ലോസ്ഡ് ചാപ്റ്ററാണ്. എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല.

ഒറ്റയ്ക്കാണോ താമസം?

ഒറ്റയ്ക്കല്ല. എനിക്ക് വളര്‍ത്തു പട്ടികളും പൂച്ചകളുമായി 35 പേര്‍ വീട്ടിലുണ്ട്. കൂടാതെ ഒരുപാട് കിളികളെ വളര്‍ത്തുന്നു ഞാന്‍. കൂട്ടിന് ഒരു വേലക്കാരിയുമുണ്ട്. അവരെ വേലക്കാരിയായിട്ടല്ല ഞാന്‍ കാണുന്നത്. അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ ഒറ്റയ്ക്കാകും.

(കടപ്പാട്-വൈഗ ന്യൂസ് ഡോട്ട് കോം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions