ഇന്റര്‍വ്യൂ

എന്നെ കുടുക്കിയത് മുന്‍മന്ത്രിയും സീരിയല്‍ നടിയും- ആദിത്യന്‍

സിനിമയിലും സീരിയലിലുമായി അവസരങ്ങള്‍ കൂടിവരുന്ന ഘട്ടത്തില്‍ തന്നെ വഞ്ചനാക്കേസില്‍ പെടുത്തിയത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് ആദിത്യന്‍ എന്ന ജൂനിയര്‍ ജയന്‍. തന്റെ ഭാര്യയായിരുന്ന സീരിയല്‍ നടിയും അവളെ പിന്തുണയ്ക്കുന്ന മുന്‍ മന്ത്രിയും ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ആദിത്യന്‍ പറയുന്നു. രക്തബന്ധത്തില്‍പെട്ടവര്‍ തന്നെ അതിനു കൂട്ടു നിന്നു.
അന്തരിച്ച നടന്‍ ജയന്റെ സഹോദരന്റെ മകനായ ആദിത്യനെ വിവാഹ വഞ്ചനാക്കേസിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ആദിത്യനിപ്പോള്‍ ജാമ്യത്തിലിറങ്ങിക്കഴിഞ്ഞു.

'അക്കരെയിക്കരെ' എന്ന സീരിയലില്‍ അഭിനയിക്കുന്നകാലത്താണ് മറ്റൊരു പെണ്‍കുട്ടി മനസിലേക്കു കയറിവന്നത്. ചെറിയ ചെറിയ റോളുകളില്‍ മാത്രം അഭിനയിക്കുന്ന അവള്‍ക്ക് 'തുലാഭാരം' സീരിയലിലേക്ക് അവസരം വാങ്ങിച്ചുകൊടുത്തതു ഞാനായിരുന്നു. അതോടെ ഇഷ്ടം കൂടി. പിന്നീട് പ്രണയത്തിന്റെ നാളുകളായിരുന്നു. ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് നേരത്തേതന്നെ അവളോട് പറഞ്ഞിരുന്നു. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു. അപ്പോഴേക്കും കണ്ണൂരിലെ പെണ്‍കുട്ടിയെ പാടെ മറന്നിരുന്നു. എന്നിട്ടും അവരുടെ ബന്ധുവിനെ വിളിച്ചറിയിച്ചു. 2009 നവംബര്‍ 25നായിരുന്നു വിവാഹം. അധികംപേരെ ക്ഷണിച്ചിരുന്നില്ല.
''വിവാഹശേഷം നീ അഭിനയിക്കുന്നതിനോട് എനിക്കു താല്‍പര്യമില്ല.''
വിവാഹത്തിനു മുമ്പുതന്നെ ഇക്കാര്യം അവളോടു പറഞ്ഞിരുന്നു. അവളും അതിനോട് യോജിച്ചു. കമ്മിറ്റ് ചെയ്ത വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതോടെ അഭിനയം പൂര്‍ണമായും നിര്‍ത്തി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ പഠനം പൂര്‍ത്തിയാക്കി പരീക്ഷയെഴുതി.
അഭിനയം നിര്‍ത്തിയതില്‍ അവളുടെ അമ്മയ്ക്കായിരുന്നു എതിര്‍പ്പ്. ഇടയ്ക്ക് ഒരു സിനിമയില്‍ അവസരം വന്നപ്പോള്‍ അവര്‍ അവളെയും എന്നെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു. പക്ഷേ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടില്‍ അവള്‍ ഉറച്ചുനിന്നു. പരീക്ഷയെഴുതി ജയിച്ചപ്പോള്‍ അവളെ വിമന്‍സ് കോളജില്‍ എം.എയ്ക്കു ചേര്‍ത്തു. ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അവളെ ഞാന്‍ കൊല്ലത്തേക്ക് കൊണ്ടുവരും. തിങ്കളാഴ്ച രാവിലെ കോളജില്‍ തിരികെയെത്തിക്കും. അതിനിടയ്ക്ക് ഡാന്‍സ് ക്ലാസിനും ചേര്‍ത്തു. ഹോസ്റ്റലില്‍ അമ്മ വന്നു കാണാന്‍ തുടങ്ങിയതോടെ അവളുടെ നിലപാടില്‍ മാറ്റം വന്നു തുടങ്ങി. ഒരു ദിവസം അതിന്റെ പേരില്‍ ഞങ്ങള്‍ വഴക്കിട്ടു. സീരിയലില്‍ നല്ലൊരു റോളുണ്ടെന്നും അഭിനയിക്കാന്‍ പോകണമെന്നും അവള്‍ വാശിപിടിച്ചു. വേണ്ടെന്നു ഞാനും. അങ്ങനെയാണെങ്കില്‍ ചേട്ടനും അഭിനയിക്കേണ്ടെന്നായിരുന്നു അവളുടെ നിലപാട്.
''ഞാന്‍ അഭിനയിക്കുന്നത് ജീവിക്കാനാണ്. ഇതു നിര്‍ത്തിയാല്‍ വേറെന്തു പണി ചെയ്യും?''
ആ ചോദ്യത്തിന് അവള്‍ക്കുത്തരമില്ല. എന്നിട്ടും അവള്‍ അംഗീകരിച്ചില്ല. ഇതിനിടയില്‍ അവള്‍ അമ്മയുടെ നിര്‍ബന്ധത്താല്‍ താമസം സ്വന്തം വീട്ടിലേക്കു മാറ്റി. ഹോസ്റ്റലില്‍ താമസിച്ചാല്‍ പഠിക്കാന്‍ കഴിയില്ലെന്നാണ് എന്നോടു പറഞ്ഞ ന്യായം. അഭിനയിക്കാന്‍ ഞാന്‍ തടസം നില്‍ക്കുന്നു എന്ന രീതിയില്‍ അവളും അമ്മയും എന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചുതുടങ്ങി.
''അവള്‍ അഭിനയിക്കുന്നതിന് നീയെന്തിനാ തടസം നില്‍ക്കുന്നത്?''
സീരിയലിലെ ചില സംവിധായകര്‍ എന്നോടുചോദിച്ചു. അവളുടെ അമ്മയ്ക്ക് പണം മാത്രമായിരുന്നു ലക്ഷ്യം. അവളെ എന്റെ വീട്ടിലേക്കു വരാന്‍ പോലും അമ്മ സമ്മതിച്ചില്ല. ഗര്‍ഭിണിയായ വിവരം പോലും അവള്‍ പറഞ്ഞില്ല. പിന്നീട് കുറെ ദിവസം കഴിഞ്ഞ് അവളുടെ ബന്ധുവാണ് അബോര്‍ഷന്‍ ചെയ്ത കാര്യം പറഞ്ഞത്. അഭിനയിക്കാന്‍ ഗര്‍ഭം ഒരു തടസമാവരുതല്ലോ എന്നു കരുതിയാവും ഹോമിയോ ഡോക്ടര്‍ കൂടിയായ അമ്മ അവളെ അബോര്‍ഷന് പ്രേരിപ്പിച്ചിട്ടുണ്ടാവുക. അതോടെ ബന്ധം വഷളായി. എന്റെ വാക്കുകള്‍ ലംഘിച്ച് അവള്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. ആ സമയത്താണ് സീരിയലുമായി ബന്ധപ്പെട്ട മറ്റൊരാളുമായി അവള്‍ പ്രണയത്തിലാവുന്നത്. അതോടെ അവള്‍ക്ക് ഡൈവോഴ്‌സ് ആവശ്യമായി. പക്ഷേ ഒപ്പിട്ടുകൊടുക്കാന്‍ ഞാന്‍ തയാറല്ലായിരുന്നു.

ഡൈവോഴ്‌സിനോട് ഞാന്‍ മുഖം തിരിച്ചപ്പോഴാണ് അവളും അമ്മയും മന്ത്രിയെ സമീപിച്ചത്. അന്ന് ആ മന്ത്രി അധികാരമേറ്റ സമയമാണ്. അവരുടെ വാക്കുകേട്ട് മന്ത്രി എന്നെ വിളിച്ചു.
''നിങ്ങളുടെ പേരില്‍ ഒരു പരാതിയുണ്ട്. ഗുണ്ടകളെ വിട്ട് ഭാര്യയെ തല്ലിക്കാന്‍ നോക്കിയെന്നാണ് ആരോപണം. നമുക്കത് ചര്‍ച്ച ചെയ്തു തീര്‍ക്കണം.''
ഞാന്‍ ചര്‍ച്ചയ്ക്ക് പോയില്ല. കാരണം ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കാണെങ്കില്‍ രണ്ടുപേരെയും ഒരുമിച്ചു വിളിക്കണമായിരുന്നു. അവളെ ഇരുത്തിക്കൊണ്ട് എന്നെ ഫോണ്‍ ചെയ്ത് വിരട്ടുന്നത് ശരിയാണോ? വിളിപ്പിച്ചിട്ടും ഞാന്‍ പോകാത്തത് മന്ത്രിയെ ചൊടിപ്പിച്ചു. വീണ്ടും എന്നെ ഭീഷണിപ്പെടുത്തി.
''മര്യാദയ്ക്ക് ഡൈവോഴ്‌സ് പെറ്റീഷനില്‍ ഒപ്പിട്ടുകൊടുത്തേക്കണം. ഇല്ലെങ്കില്‍ 498 എന്നൊരു വകുപ്പുണ്ട്. മറക്കേണ്ട.''
ഞാനത് വകവച്ചില്ല. പക്ഷേ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരുന്നു. മന്ത്രി പറഞ്ഞ വകുപ്പ് ഗാര്‍ഹികപീഡനത്തിന്റേതായിരുന്നു. തന്നെ പീഡിപ്പിച്ചെന്നു കാണിച്ച് അവള്‍ പോലീസില്‍ പരാതി കൊടുത്തു. ഗര്‍ഭിണിയായ എന്റെ സഹോദരിയെയും ഹൃദ്രോഗിയായ അമ്മയെയും കേസില്‍ പ്രതിയാക്കി. എനിക്കൊപ്പം അവരും പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി. ജീവിതത്തിലാദ്യമായി കേസില്‍ കുടുങ്ങിയതില്‍ മനംനൊന്ത് സഹോദരി പിന്നീട് വീട്ടിലേക്കു വന്നതേയില്ല. ഇന്നുവരെ അവളും അളിയനും എന്നോടു മിണ്ടിയിട്ടില്ല.
മന്ത്രിക്ക് എന്നോട് മുമ്പേതന്നെ ദേഷ്യമുണ്ടായിരുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ അയാള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഒരു പ്രൊഡ്യൂസറും ഞാനും തമ്മില്‍ അടിയുണ്ടായപ്പോള്‍ അതില്‍ മന്ത്രി ഇടപെട്ടിരുന്നു. എന്നെ വിളിപ്പിച്ചപ്പോള്‍ ഞാന്‍ പോയില്ല. ആ ദേഷ്യത്തില്‍ അയാളുടെ ഗുണ്ടകള്‍ അമ്മയുടെ ലൊക്കേഷനില്‍ വച്ച് എന്റെ കാര്‍ തല്ലിപ്പൊളിച്ചു. കേസ് കൊടുത്തിട്ടും കാര്യമുണ്ടായില്ല. എനിക്കെതിരേ അയാള്‍ ഫീല്‍ഡില്‍ പലതും പ്രചരിപ്പിച്ചു. അയാള്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങിയതോടെ എനിക്കു പറഞ്ഞുവച്ച റോളുകള്‍ ഇല്ലാതായി. ഞാന്‍ സീരിയലില്‍ നിന്ന് ഔട്ടാവും എന്ന അവസ്ഥവരെ വന്നു. സുഹൃത്തുക്കളായ ചില സംവിധായകര്‍ എന്നെ വിളിച്ചുചോദിച്ചത് ഒരേയൊരു കാര്യമാണ്.
''അയാളുമായുള്ള പ്രശ്‌നങ്ങള്‍ ഒന്നു തീര്‍ത്തുകൂടെ?''
ഉപജീവനം വഴിമുട്ടിയപ്പോള്‍ ഞാനും അമ്മയും മന്ത്രിയെ ചെന്നുകണ്ടു. ചുറ്റും ആശ്രിതവൃന്ദങ്ങള്‍ നില്‍ക്കവെ ഞാന്‍ കാലുപിടിച്ചു കരഞ്ഞു.
''ഉപദ്രവിക്കരുത്. എനിക്കു ജീവിക്കണം.''
അയാള്‍ ക്ഷമിച്ചുകാണണം. പിന്നീടാണ് എനിക്കു റോളുകള്‍ കിട്ടിത്തുടങ്ങിയത്. ഇക്കാര്യം എന്റെ ഭാര്യയ്ക്കുമറിയാം. അതുകൊണ്ടാണ് അവള്‍ മന്ത്രിയെ സമീപിച്ചത്. അവളെക്കൊണ്ടുള്ള മാനസികപീഡനം അതിരുകടന്നപ്പോഴാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. അതോടെയെങ്കിലും പ്രശ്‌നങ്ങള്‍ തീരുമല്ലോ. വീട്ടില്‍ കരുതിവച്ചിരുന്ന ഗുളികകള്‍ ഒന്നിച്ചെടുത്തു വിഴുങ്ങി. സീരിയസായ എന്നെ നാട്ടുകാരാണ് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിലെത്തിച്ചത്. രക്ഷപ്പെടാന്‍ ഇരുപതു ശതമാനം ചാന്‍സേയുള്ളൂവെന്നാണ് ആദ്യദിവസം ഡോക്ടര്‍ പറഞ്ഞത്. പക്ഷേ ഞാന്‍ രക്ഷപ്പെട്ടു.
എന്റെ ഭാര്യയ്ക്കുവേണ്ടി ഒരു ദിവസം മന്ത്രിയുടെ ശിങ്കിടികള്‍ എന്നെ വിളിച്ചു.
''മര്യാദയ്ക്ക് ഒപ്പിട്ടുകൊടുത്തേക്കണം. അല്ലെങ്കില്‍ താന്‍ പല കേസിലും പെടും.''
അന്ന് ഭീഷണിപ്പെടുത്തിയതിന്റെ റെക്കോര്‍ഡ് ഇപ്പോഴും എന്റെ കൈയിലുണ്ട്. പക്ഷേ അമ്മയെയും സഹോദരിയെയും കോടതി കയറ്റി എന്റെ ജീവിതം നശിപ്പിച്ച അവളെ വെറുതേവിടാന്‍ ഞാനൊരുക്കമല്ലായിരുന്നു. ആ സങ്കടവും പേറിയാണ് കഴിഞ്ഞ ജനുവരിയില്‍ അമ്മ മരിച്ചത്.
അപ്രതീക്ഷിതമായ അറസ്റ്റ്
പ്രതീക്ഷിക്കാതെ ഒരു വക്കീല്‍ നോട്ടീസ് വന്നത് കഴിഞ്ഞ വര്‍ഷമാണ്. കണ്ണൂരിലെ പെണ്‍കുട്ടിയുടെ അച്ഛനാണ് പരാതിക്കാരന്‍. വിവാഹനിശ്ചയം നടത്തിയ ശേഷം മറ്റൊരു പെണ്‍കുട്ടിയെ കല്യാണംകഴിച്ചു. ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിച്ച് തിരിച്ചുതരാതെ വഞ്ചിച്ചുവെന്നാണ് കേസ്. പിന്നീട് കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ മന്ത്രിക്കും രാജിവയ്‌ക്കേണ്ടി വന്നു.
അവര്‍ക്ക് ഒരുലക്ഷം രൂപ ചെലവായെന്നതു ശരിയാണ്. പക്ഷേ അതു വിവാഹനിശ്ചയത്തിനു വന്ന ചെലവാണ്. അല്ലാതെ ഞാന്‍ തട്ടിപ്പു നടത്തി വാങ്ങിച്ചതല്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് വക്കീല്‍നോട്ടീസിന് മറുപടിയും അയച്ചു. ഒരുലക്ഷത്തിന് വേണ്ടി ഞാനെന്തിന് അവരെ പറ്റിക്കണം. ഒരാഴ്ച വര്‍ക്കു ചെയ്താല്‍ എനിക്ക് ഒരുലക്ഷം കിട്ടും. മാത്രമല്ല, വിവാഹത്തിനു മുമ്പ് ഒരുലക്ഷം അവരോടു വാങ്ങിച്ചാല്‍ എന്നെക്കുറിച്ച് അവരെന്തു കരുതും? എന്റെ വിലയിടിയില്ലേ?
പിന്നീട് തൃശൂര്‍ ഗസ്റ്റ്ഹൗസില്‍ ഇതു സംബന്ധിച്ച ഒത്തുതീര്‍പ്പു ചര്‍ച്ച വന്നു. ആറേകാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം അങ്കിള്‍ ആവശ്യപ്പെട്ടതോടെ ചര്‍ച്ച പൊളിഞ്ഞു. ഈ സംഭവം കുത്തിപ്പൊക്കിയതിനു പിന്നില്‍ എന്റെ ഭാര്യയാണെന്ന് പിന്നീടാണറിഞ്ഞത്. കണ്ണൂരിലെ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് അവരിപ്പോള്‍ കുടുംബസമേതം ബാംഗ്ലൂരിലാണ് താമസം. ഞങ്ങള്‍ രണ്ടു പക്ഷക്കാരും ആലോചിച്ചാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തത്. അന്നൊന്നും അവര്‍ നഷ്ടപരിഹാരത്തെക്കുറിച്ചോ വഞ്ചനയെക്കുറിച്ചോ പറഞ്ഞിരുന്നില്ല.കഴിഞ്ഞ ജനുവരിയില്‍ അമ്മ മരിച്ചപ്പോള്‍ കണ്ണൂരിലെ അങ്കിള്‍ വിളിച്ച് ഏറെനേരം സംസാരിച്ചിരുന്നു. അവര്‍ക്കെന്നോട് വെറുപ്പുണ്ടെങ്കില്‍ വിളിക്കുമായിരുന്നോ?
കഴിഞ്ഞ ജൂലൈ പത്തിന് ഹര്‍ത്താല്‍ദിനമായിരുന്നൂ. രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ വാതിലിന് ആരോ ശക്തിയായി ഇടിക്കുന്നു. വാതില്‍ തുറന്നപ്പോള്‍ പോലീസ്. ഷോക്കേറ്റ അവസ്ഥയിലായി ഞാന്‍.
''വെറുതെ വന്നതാണ്. നമുക്കൊന്നു സംസാരിക്കണമല്ലോ.''
എസ്.ഐ പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ പുറത്തുനിന്ന നാലു പോലീസുകാര്‍ കൂടി അകത്തേക്കുവന്നു. സംസാരിക്കാമെന്നു പറഞ്ഞപ്പോള്‍ പുറത്തുനിന്നു സംസാരിക്കാമെന്നായി എസ്.ഐ. പോലീസിന്റെ വരവില്‍ എന്തോ പന്തികേടുണ്ടെന്നു തോന്നി.
''കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ആദിത്യനെക്കുറിച്ചൊരു പരാതിയുണ്ടല്ലോ.''എസ്.ഐ സംഭാഷണത്തിനു തുടക്കമിട്ടു. പരാതിയൊക്കെ പരിഹരിച്ചതാണെന്നും ആ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നും പറഞ്ഞപ്പോള്‍ എസ്.ഐ ചിരിച്ചു.
''കല്യാണമൊക്കെ കഴിഞ്ഞു. പക്ഷേ പരാതി അതുപോലെതന്നെ നില്‍ക്കുകയാണ്. നമുക്കൊന്നു കണ്ണൂര്‍ വരെ പോകണം.''എസ്.ഐ പറഞ്ഞു. എനിക്ക് പിറ്റേ ദിവസം സീരിയലിന്റെ വര്‍ക്ക് തുടങ്ങുകയാണ്. അക്കാര്യം പറഞ്ഞെങ്കിലും ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നായി പോലീസ്. കണ്ണൂര്‍ വരെ പോയി സ്‌റ്റേറ്റ്‌മെന്റ് എടുത്തശേഷം തിരിച്ചുവരാമെന്ന ഉറപ്പും നല്‍കി. വീടുപൂട്ടി താക്കോല്‍ അടുത്തവീട്ടില്‍ കൊടുത്ത ശേഷം പോലീസുകാര്‍ക്കൊപ്പം കണ്ണൂര്‍ റജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറില്‍ കയറി. വഴിക്ക് കാറിലുള്ള പോലീസുകാരനെ ആരോ ഫോണില്‍ വിളിക്കുന്നതു കേള്‍ക്കാമായിരുന്നു.
''ങാ. ആദിത്യനിപ്പോള്‍ ഞങ്ങളുടെ കൂടെയുണ്ട്. ഒഫീഷ്യല്‍ നെയിം ജയന്‍ എന്നാണ്.''
രാവിലെ പത്തുമണിയോടെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഒരു മുറിയിലിരുത്തി. അഞ്ചു മിനുട്ടു കഴിഞ്ഞപ്പോഴേക്കും പത്രഫോട്ടോഗ്രാഫര്‍മാരും ചാനലുകാരും കാമറയുമായി അകത്തേക്കിരച്ചുകയറി. ഫ്‌ളാഷുകള്‍ തുരുതുരാ മിന്നി. ഇതൊരു ട്രാപ്പാണെന്ന് എനിക്കുതോന്നിയത് അപ്പോഴാണ്.
ഞാനാകെ തളര്‍ന്നുപോയി. എന്റെ അവസ്ഥയറിയാന്‍ സ്‌റ്റേഷനിലെ ഒരു പോലീസുകാരനെ ഇടയ്ക്കിടെ ആരോ വിളിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം നാലേ മുക്കാലിനാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി റിമാന്‍ഡ് ചെയ്തു. പിറ്റേ ദിവസം എ.പി.പിയില്ലാത്തതിനാല്‍ ജാമ്യം കിട്ടിയില്ല. അടുത്ത ദിവസം രണ്ടാംശനിയാഴ്ച. പിറ്റേന്ന് ഞായര്‍. ജാമ്യം കിട്ടണമെങ്കില്‍ ഇനി തിങ്കളാഴ്ചയാവണമെന്ന സത്യം പിന്നീടാണ് എനിക്കു മനസിലായത്. ദിവസം മനസിലാക്കിത്തന്നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞാന്‍ ജയിലില്‍ ആയതറിഞ്ഞ് സീരിയലുമായി ബന്ധപ്പെട്ട ഒരുപാടുപേര്‍ സഹായവുമായി എത്തി. തിങ്കളാഴ്ച ജാമ്യം കിട്ടി. പിന്നീടാണ് ഞാനറിയുന്നത് ഈ കേസ് കുത്തിപ്പൊക്കിയതിനു പിന്നിലും എന്റെ ഭാര്യയായിരുന്നു എന്ന സത്യം. അവള്‍ മുന്‍മന്ത്രിയുടെ പേരുപറഞ്ഞാണ് പോലീസുകാരുമായി സംസാരിച്ചത്. അവള്‍ക്കു പിന്തുണയുമായി എന്റെ രക്തബന്ധത്തില്‍പെട്ടയാളുമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് എന്റെ ജാമ്യം റദ്ദാക്കാന്‍ വരെ ശ്രമിച്ചു. പക്ഷേ നടന്നില്ല. എന്നെ ജയിലിലാക്കിയശേഷം സീരിയലില്‍ നിന്ന് ഔട്ടാക്കാമെന്നായിരുന്നു എന്റെ ഭാര്യയായ സീരിയല്‍ നടിയുടെ പ്ലാന്‍. അതിനവള്‍ വീണ്ടും മുന്‍മന്ത്രിയുടെ പേര് ഉപയോഗിച്ചു. പക്ഷേ ദൈവം അതു കണ്ടു. ജാമ്യത്തിലിറങ്ങി വീട്ടിലേക്കു വരുന്ന വഴിക്ക് എനിക്കുവന്ന കോള്‍ ജ്ഞാനശീലന്‍ സാറിന്റെ പുതിയ സീരിയലില്‍ റോളുണ്ടെന്ന് പറയാനായിരുന്നൂ. അവളിപ്പോഴും സീരിയലില്‍ അഭിനയിക്കുന്നുണ്ട്. ഞാനിതുവരെ ഡൈവോഴ്‌സ് പെറ്റീഷനില്‍ ഒപ്പിട്ടുകൊടുത്തിട്ടില്ല. ഇങ്ങനെയും പീഡിപ്പിച്ച ഒരുവളോട് ഞാനെന്തിന് കരുണ കാണിക്കണം?
(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions