മലയാളി ഹൗസിലെ വിജയി രാഹുല്‍ ഈശ്വറിനെതിരെ ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്. മലയാളി ഹൗസിലെ സിഗരറ്റ് വലിയും പാരയും കെട്ടിപ്പിടുത്തവും ആളുകളുടെ സ്വഭാവവും ഉള്‍പ്പെടെ കാമറകണ്ണുകള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍ പരസ്യമാക്കുകയാണ് സന്തോഷ്.
മലയാളി ഹൗസിന്റെ ഭാഗമായത് എങ്ങനെയാണ്?
വിവിധ മേഖലകളിലുള്ള വ്യക്തികളെയാണ് മലയാളി ഹൗസിലേക്ക് ക്ഷണിച്ചത്.മീഡിയകളും പുറംലോകവുമായി ബന്ധമില്ലാതെ 100 ദിവസം അവിടെ താമസിച്ച് ആ കെട്ടിടം ഒരു വീടാക്കി മാറ്റണം എന്നാണ് അവര്‍ പറഞ്ഞിരുന്നത്. തിരക്കു പിടിച്ച ജീവിതത്തില്‍ നിന്ന് ഒരു ചെയ്ഞ്ച് വേണം എന്ന് ആഗ്രഹിച്ചാണ് ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. ഞാന്‍ ചെറുപ്പം മുതല്‍ ഒറ്റയ്ക്കു ജീവിച്ച ആളായതുകൊണ്ട് 16 ആളുകള്‍ ഒരു വീട്ടില്‍ താമസിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അവിടൊരു കൂട്ടുകുടുംബത്തിന്റെ അന്തരീക്ഷമായിരിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ അവിടെ എത്തിയതിനു ശേഷം എനിക്കൊരു സംശയം, ഇതെങ്ങനെ മലയാളി ഹൗസാകും? ഇതാണോ മലയാളി സംസ്‌കാരം?
മലയാളി ഹൗസ് ഒരു വീടായി കാണാന്‍ കഴിഞ്ഞോ?
ഹൈദരബാദില്‍ സെറ്റിട്ടാണ് മലയാളി ഹൗസ് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെയുള്ള പകുതി ആള്‍ക്കാരെയും ഞാന്‍ ആദ്യം കാണുകയാണ്. എന്നാലും എല്ലാവരെയും ഒരുപോലെ കാണാനും സ്‌നേഹിക്കാനും ഞാന്‍ ശ്രമിച്ചു. പക്ഷേ ഇതൊരു വീടായി കാണാന്‍ എനിക്ക് കഴിഞ്ഞില്ല. കാരണം അവിടെ എല്ലാ ആഴ്ചകളിലും ഓരോ ആള്‍ക്കാരെ ഔട്ടാക്കും. അതും വീട്ടില്‍ ഉള്ളവര്‍ തന്നെ. നമ്മുടെ മാതാപിതാക്കളെ വീട്ടില്‍ നിന്ന് നമ്മള്‍ ഔട്ടാക്കുമോ, ഇല്ലല്ലോ, അപ്പോള്‍ ഇതിന്റെ അര്‍ത്ഥമെന്താണ്.
മലയാളി ഹൗസില്‍ പങ്കെടുക്കാന്‍ എന്തെല്ലാം ഒരുക്കങ്ങള്‍ ചെയ്തു?
പ്രത്യേകിച്ച് ഒരു തയാറെടുപ്പും എടുത്തില്ല. കാരണം എനിക്ക് അവര്‍ പറഞ്ഞ നിബന്ധനകള്‍ പാലിച്ചു ജീവിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. എന്നാല്‍ രാഹൂല്‍ പലരെയും മുന്‍കൂട്ടി വിളിക്കുകയും സൗഹൃദം ഉണ്ടാക്കുകയും ചെയ്തിരുന്നതായി കേട്ടു. ഞാന്‍ എന്റെ വീട്ടിലും മലയാളി ഹൗസിലും ഒരു പോലെയാണ് പെരുമാറുന്നത്. തയാറെടുപ്പിന്റെ ആവശ്യം എനിക്കില്ല.
സന്തോഷ് എല്ലാവരില്‍ നിന്നും വ്യത്യസ്തനായ ആളാണ്. ഇവിടെയും അങ്ങനെയാണോ?
അതെ എന്നാണ് എന്റെ വിശ്വാസം. സ്വന്തം നിലനില്‍പ്പിനായി മറ്റുള്ളവരോട് സ്‌നേഹം നടിക്കുന്നവരായിരുന്നു അവിടെയുള്ളവര്‍. എന്നാല്‍ ഞാന്‍ അവരെപ്പോലെയല്ല, അവിടെ നല്ല സ്വഭാവമുള്ള ഒന്നോ രണ്ടോ ആള്‍ക്കാരുമായി സൗഹൃദം ഉണ്ടാക്കുകയും ഈ പരിപാടിക്ക് ശേഷവും ആ സൗഹൃദം നിലനിര്‍ത്തുകയും ചെയ്തു.
സന്തോഷിന്റെ കണ്ണിലെ നല്ല ആള്‍ക്കാര്‍ ആരാണ്, അതിനുള്ള കാരണം?
സാഷ, സിന്ദു, സന്ദീപ്. സാഷയെ അവിടെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു. ആ കുട്ടി ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സാഷയോട് ഞാന്‍ കൂടുതലായി അടുത്തത്. ഇവര്‍ക്കു മൂന്നു പേര്‍ക്കും ഒരു പോലെ ഉള്ള ഒരു സ്വഭാവമാണ് എനിക്ക് ഏറെ ഇഷ്ടമായത്. ആര് എന്തു സഹായം ചോദിച്ചാലും പറ്റില്ല എന്നവര്‍ പറയില്ല, അപ്പോള്‍ തന്നെ അതു ചെയ്യും. മറ്റുള്ളവരെ അപേക്ഷിച്ച് പാവം എന്നു പറയാവുന്നത് ഇവരാണ്.
മലയാളി ഹൗസില്‍ സന്തോഷിന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍?
അവിടെയുള്ള പലരുടേയും പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. സിഗരറ്റു വലിയാണ് ഏറ്റവും അരോചകമായി തോന്നിയത്. സിഗരറ്റു കുറ്റികള്‍ ആ വിടിന്റെ മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നതു കാണുമ്പോള്‍ ശ്വാസം മുട്ടും. സ്ത്രീകള്‍ വലിക്കുന്നതു കാണുമ്പോള്‍ തോന്നും ഇങ്ങനെയുള്ളവരാണോ മലയാളി ഹൗസില്‍ വന്നത് എന്ന്. സിഗരറ്റ് വലിക്കുന്നത് തെറ്റാണെന്നു ഞാന്‍ പറയില്ല, എന്നാലും എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു അത്. ഇവര്‍ക്ക് ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സിഗരറ്റ് കിട്ടാന്‍ വൈകിയാല്‍ ടെന്‍ഷനാണ്. ചിലര്‍ വെജിറ്റേറിയന്‍സ് ആണെന്നു പറഞ്ഞു നടക്കുന്നുണ്ട്. യഥാര്‍ത്ഥ വെജിറ്റേറിയന്‍സ് നോണ്‍ വെജിറ്റേറിയന്‍സ് കഴിക്കുന്ന പാത്രത്തില്‍ നിന്ന് കൈയിട്ട് വാരാന്‍ പോകില്ല.
സന്തോഷിനോട് വ്യക്തിപരമായ ദേഷ്യമോ?
രാഹൂലിന് എന്നോട് ചെറിയ ഒരു പിണക്കമുണ്ട്. കാരണം 'നമ്മള്‍തമ്മില്‍' എന്ന പരിപാടിയില്‍ ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടാകുകയും എന്റെ ചോദ്യങ്ങള്‍ക്ക് രാഹൂലിന് മറുപടി പറയാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. അതിന്റെ ദേഷ്യം ചിലപ്പോള്‍ രാഹൂലിന് ഉണ്ടാവും.
മലയാളി ഹൗസില്‍ മലയാള സംസ്‌കാരം ഇല്ലാത്തവരായി തോന്നിയത് ആര്‍ക്കൊക്കെയാണ്?
അങ്ങനെ തോന്നിയ രണ്ടു വ്യക്തികളാണ് തിങ്കളും ഷെറിനും. ഒരു കാര്യവുമില്ലാതെ മനപ്പൂര്‍വ്വം വഴക്കുണ്ടാക്കുന്നവരാണിവര്‍. സ്ത്രീകളോടുള്ള ഷെറിന്റെ സംസാരവും പെരുമാറ്റവും അതിരുവിട്ടതായിരുന്നു. ഷെറിന്‍ വാ തുറക്കുന്നതു തന്നെ ആഹാരം കഴിക്കാനും തെറിപറയാനുമാണ്. ഇതില്‍ നിന്ന് അവരുടെ കള്‍ച്ചര്‍ മനസിലാക്കാന്‍ കഴിയും. തിങ്കളും ഇതുപോലെ തന്നെയാണ്. പക്ഷേ നട്ടെല്ലുള്ള കുട്ടിയാണത്. തിങ്കളിന്റെ വസ്ത്രധാരണം ഒരു മലയാളി പെണ്‍കുട്ടിക്ക് ചേര്‍ന്നതല്ല. ഈ പരിപാടിക്കു ശേഷവും ഇവരോട് ഒരു സൗഹൃദം തുടരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല.
രാഹുല്‍ - റോസ്ലിന്‍ ബന്ധത്തെ എങ്ങനെ കാണുന്നു?
അവര്‍ തമ്മില്‍ പ്രണയമാണോ എന്നൊരു സംശയം എനിക്കുമുണ്ട്.
രാഹുല്‍ വിവാഹിതനല്ലേ?
ആ ചിന്ത അയാള്‍ക്ക് കൂടി വേണ്ടേ?
രാഹുലിനെ പൊതുവെ എങ്ങനെ വിലയിരുത്തുന്നു?
രാഹുലിനോട് ബഹുമാനമായിരുന്നു ആദ്യം. ഇപ്പോള്‍ അതില്ല. ഈ ഷോയുടെ ആദ്യനാളുകളില്‍ രാഹുലിന് അക്ഷിതയോടായിരുന്നു കൂടുതല്‍ അടുപ്പം. രാഹു ലിന്റെ രീതി തികച്ചും വ്യത്യസ്തമാണ്. എല്ലാവരെയും ഒരു പോലെ കൈയിലെടുക്കാനുള്ള തന്ത്രം രാഹുലിനറിയാം. എല്ലാവരുടേയും അടുത്ത് സ്‌നേഹം നടിച്ച് അവരുടെ കൂടെ നില്‍ക്കും. സമയമാകുമ്പോള്‍ അവരെ തട്ടിക്കളയുകയും ചെയ്യും. പലരുടേയും പ്രശ്‌നത്തില്‍ ആവശ്യമില്ലാതെ ഇടപെടുന്നതും അതിനാണ്. റോസ്ലിന്റെ വീട്ടിലേക്കു വിളിച്ചു എന്നു പറഞ്ഞാണ് സ്‌നേഹയെ ആ വീട്ടില്‍ നിന്ന് പുറത്താക്കിയത്. രാഹൂലിനും സ്‌നേഹയ്ക്കും പുറത്തു പോകാന്‍ അവസരം ലഭിച്ചപ്പോള്‍ സ്‌നേഹ വിളിക്കുകയും അത് രാഹൂല്‍ റോസ്ലിനോട് ഉറക്കെ പറഞ്ഞു. അതുകേട്ടാണ് ചാനലുകാര്‍ കാര്യം അറിഞ്ഞത്. അങ്ങനെ രാഹൂല്‍ സ്‌നേഹയെ സ്‌നേഹത്തോടെ പുറത്താക്കി. കാരണം സ്‌നേഹ ഈ ഷോയില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരാള്‍ ആയിരുന്നു. രാഹൂല്‍ കൂടെയുള്ളതുകൊണ്ടാണ് റോസ്ലിന്‍ ഇത്രയും നാള്‍ പിടിച്ചു നിന്നത്. ചിരിച്ചുകൊണ്ട് കഴുത്തറുക്കാന്‍ അറിയാവുന്ന ആളാണ് രാഹൂല്‍.
രാഹുല്‍ ഈശ്വറിന് ശബരിമല തന്ത്രി ആകാനുള്ള യോഗ്യത ഉണ്ടെന്നു തോന്നുന്നുണ്ടോ?
ഒരിക്കലുമില്ല, കാരണം മലയാളി ഹൗസില്‍ പെരുമാറുന്നത് രാഹൂലിന്റെ യഥാര്‍ത്ഥ സ്വഭാവമാണെങ്കില്‍ ഇത്രയും വലിയ സ്ഥാനത്തിരിക്കാനുള്ള യോഗ്യത അവനില്ല. ഒരു ബ്രാഹ്മണന്‍ ബ്രഹ്മ മൂഹൂര്‍ത്തത്തില്‍ ഉണരണം എന്നു പറയാറുണ്ട്. ഇവിടെ ഞാന്‍ അങ്ങനെയൊന്നും പറയുന്നില്ല, എങ്കിലും അവര്‍ ബെല്ലടിക്കുമ്പോള്‍ എങ്കിലും ഉണരാനുള്ള മര്യാദ കാണിക്കണം. ഒരു മനുഷ്യന് ഇത്രയും തരം താഴാന്‍ കഴിയും എന്നു രാഹുല്‍ തെളിയിച്ചു തന്നു. തിങ്കളും രാഹുലും തമ്മില്‍ വഴക്കുണ്ടാക്കുമ്പോള്‍ തിങ്കള്‍ രാഹുലിനെ വിളിക്കാത്ത ചീത്തയൊന്നുമില്ല, അതൊക്കെ കേട്ടിട്ടും ഒരു നാണവുമല്ലാതെ അവന്‍ വീണ്ടും അവളുടെ പിറകെ പോകും. ഇത്ര ചീപ്പായി പെരുമാറുന്ന ഒരാളെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഇനിയും രാഹുല്‍ ശബരിമല തന്ത്രിയായാല്‍ അത്ഭുതമെന്നേ പറയാന്‍ കഴിയൂ.
മലയാളി ഹൗസില്‍ കെട്ടിപ്പിടുത്തം കൂടുതലാണെന്ന് തോന്നിയിട്ടുണ്ടോ?
എനിക്ക് വിഷമം തോന്നിയ ഒരു കാര്യമാണത്. ഒന്നനങ്ങിയാല്‍ കെട്ടിപ്പിടുത്തമാണ് അവിടെ. ഞാന്‍ അവരോട് ചോദിക്കാറുണ്ട് എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന്. അവര്‍ പറഞ്ഞത് ഞങ്ങള്‍ വീട്ടിലും അങ്ങനെ തന്നെയാണ് എന്നാണ്. അതുകേട്ടപ്പോള്‍ വീണ്ടും ഒരു സംശയം ബാക്കിനിന്നു, എന്തുകൊണ്ട് അവിടെ ഒരു ആണും ആണും തമ്മില്‍ കെട്ടിപിടിക്കുന്നില്ല. എന്തെങ്കിലും ഒരു കാര്യം കിട്ടാന്‍ നോക്കിയിരിക്കുകയാണ് പെണ്ണുങ്ങളെ കെട്ടിപ്പിടിക്കാന്‍. അതുമാത്രം അവിടെ ഭംഗിയായി നടക്കുന്നുണ്ട്.
ഈ ഷോയില്‍ പങ്കെടുത്തതില്‍ വ്യക്തിപരമായി നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ഞാന്‍ വെളിയില്‍ വന്നപ്പോള്‍ എല്ലാവരും പറഞ്ഞു"താങ്കളെ കൂടുതലായി മനസിലാക്കാന്‍ കഴിഞ്ഞത് ഈ ഷോയിലൂടെയാണ്. അവിടെ ഉള്ളവരില്‍ വച്ച് കൂടുതല്‍ നല്ല സ്വഭാവം തങ്കള്‍ക്കായിരുന്നു'' എന്നൊക്കെ. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു. എന്നാല്‍ ഇതിലുള്ള കുറച്ചാള്‍ക്കാര്‍ എങ്കിലും പുറത്തിറങ്ങുമ്പോള്‍ തലയില്‍ മുണ്ടിട്ടിറങ്ങണ്ട അവസ്ഥ ആയിരിക്കും.
മലയാളി ഹൗസില്‍ എത്തുന്നതിനു മുമ്പ് ബഹുമാനത്തോടെ കണ്ടിരുന്ന വ്യക്തികളെ ഇപ്പോള്‍ എങ്ങനെ കാണുന്നു?
അതില്‍ കുറച്ചാള്‍ക്കാരെ മാത്രമാണ് നേരത്തെ അറിയുന്നത്. ജി എസ് പ്രദീപിനെയൊക്കെ വളരെ ആദരവോടെ കണ്ടിരുന്നതാണ്. എന്നാല്‍ അതിലൊക്കെ ഒരുപാട് മാറ്റം വന്നു. ചിലപ്പോള്‍ എന്റെ കാഴ്ചപ്പാടിന്റെ പ്രശ്‌നമായിരിക്കും.
(കടപ്പാട്-മംഗളം )