ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളിലൊന്നായിരുന്നു രാജസേനനും ജയറാമും. ഇരുവരും തങ്ങളുടെ കരിയര്‍ അക്കാലത്തു മുന്നോട്ടു കൊണ്ടുപോയതും ഇവരുടെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി തുടങ്ങിയ മേഗാഹിറ്റുകളും അര ഡസനോളം ഹിറ്റുകളും പിറന്ന കൂട്ടുകെട്ടാണിത്. എന്നാല്‍ പിന്നീട് ഇരുവര്‍ക്കും കഷ്ടകാലമായിരുന്നു. രണ്ടുപേര്‍ക്കും തുടരെ പരാജയങ്ങള്‍, വീണ്ടും പരസ്പരം ഒന്നിച്ചപ്പോഴും പരാജയം തന്നെ. രാജസേനന്‍ പരാജയത്തില്‍ ഡസന്‍ പിന്നിട്ടപ്പോള്‍ ജയറാമിന് കുറെ ഹിറ്റ് ചിത്രങ്ങള്‍ കിട്ടി. എന്നാല്‍ പിന്നീട് സേനന്റെ ചിത്രത്തില്‍ ജയറാം അഭിനയിച്ചില്ല. ഇതിന്റെ പേരില്‍ പല അഭിമുഖങ്ങളിലും രാജസേനന്‍ ജയറാമിനെതിരെ ആഞ്ഞടിച്ചിരുന്നു. അതിപ്പോഴും തുടരുകയാണ്.
ജയറാം പിന്നിട്ട വഴികള്‍ മറക്കുകയാണെന്നും തങ്ങള്‍ ഒരുമിച്ചുളള ചിത്രങ്ങള്‍ പുറത്തിറങ്ങാത്തത് ജയറാമിന്റെ ഈഗോ കാരണമാണെന്നും രാജസേനന്‍ ഒരു വെബ് സൈറ്റിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
"ജയറാമിന്റെ കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയ സംവിധായകനാണ് ഞാന്‍. നിരവധി ഹിറ്റുകള്‍ ഞങ്ങളുണ്ടാക്കി. എന്നാലിപ്പോള്‍ ജയറാം മറ്റൊരാളായിരിക്കുന്നു. ഫോണില്‍ സംസാരിച്ചാല്‍പ്പോലും ഒരുമിനിറ്റാവുമ്പോഴേക്കും പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ജയറാം കോള്‍ കട്ടുചെയ്യും. ഞാന്‍ ഡേറ്റ് ചോദിക്കുമോ എന്ന് പേടിച്ചിട്ടാണത്. ജയറാമിനെ വച്ച് സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കാന്‍ എനിക്കിപ്പോഴും കഴിയും. പക്ഷേ,ഞാന്‍ ജയറാമിന്റെ ഡേറ്റ് ചോദിക്കില്ല. ജയറാമിന് ഈഗോ വളര്‍ന്നിരിക്കുന്നു"- രാജസേനന്‍ പറഞ്ഞു.
"അഭിനയിച്ച് എല്ലാ സിനിമകളും പൊട്ടിപ്പൊളിഞ്ഞ ജയറാമിനെ രക്ഷിച്ചത് ഞാന്‍ സംവിധാനം ചെയ്ത കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രമായിരുന്നു. പിന്നെ പന്ത്രണ്ട് വര്‍ഷത്തോളം ഞങ്ങള്‍ നിരവധി ഹിറ്റുകള്‍ ചെയ്തു. ഞങ്ങള്‍ പരസ്പരം എടായെന്നോ പേരോപോലും വിളിക്കാറില്ല. സ്വാമി എന്നാണ് പരസ്പരം വിളിക്കുന്നത്. അത്ര അടുപ്പമായിരുന്നു. എന്റെ സിനിമയ്ക്കായി മറ്റൊരാള്‍ ഡേറ്റ് ചോദിച്ചപ്പോള്‍ രാജസേനന്‍ ചിത്രത്തില്‍ അഭിനയിക്കാം പക്ഷേ, പഴയരീതികള്‍ ശരിയാവില്ല എന്നാണ് ജയറാം പറഞ്ഞത്. ഇതെനിക്ക് വേദനയുണ്ടാക്കി. ഞാന്‍ വയസ്സനോ, അത്ര പഴഞ്ചനോ ആയിട്ടില്ല".
"ജയറാമിനെ ഇന്നത്തെ താരമാക്കി വളര്‍ത്തുന്നതില്‍ എന്റെ ചിത്രങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സംവിധായകനെന്ന നിലയിലുളള എന്റെ വളര്‍ച്ചയില്‍ ജയറാമിന്റെ സ്വാധീനവമുണ്ട്. പക്ഷേ, ഇപ്പോള്‍ അതെല്ലാം ജയറാം മറന്നിരിക്കുന്നു. സിനിമയാണ് എന്റെ പ്രാണന്‍. അതില്‍ നിന്ന് മാറിനില്‍ക്കില്ല. ജയറാം വേണമെങ്കില്‍ ഇനി എന്റെ അടുത്തേക്ക് വരണം, ഒരു സിനിമ ചെയ്യണം എന്നാവശ്യപ്പെട്ട്. അല്ലാത്തപക്ഷം, ഞങ്ങള്‍ ഒരുമിച്ചുളള സിനിമ ഉണ്ടാവില്ല"- രാജസേനന്‍ വ്യക്തമാക്കി.
എന്‍സൈക്ലോപീഡിയ എന്നൊരു സിനിമയാണ് ഇപ്പോള്‍ എന്റെ മനസ്സിലുളളത്. കോമഡിക്ക് പ്രാധാന്യമുളള ചിത്രമാണിത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും രാജസേനന്‍ പറഞ്ഞു.