മലയാളത്തിലെ ചോക്ലേറ്റ് നായകന്‍ എന്ന ഇമേജ് പൊളിച്ചടുക്കി കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത വേഷങ്ങളാല്‍ വിസ്മയം സൃഷ്ടിക്കുകയാണ്. ആരെയും അമ്പരപ്പിക്കുന്ന മേക്കോവര്‍ ആണ് ചാക്കോച്ചന്‍ രണ്ടാം വരവിലൂടെ നേടിയെടുത്തത്. അതിനെക്കുറിച്ച് ചാക്കോച്ചന്‍ തന്നെ വെളിപ്പെടുത്തുന്നു.
രണ്ടാം വരവ് ഇത്രയധികം ആഘോഷിച്ച ഒരു നടന്‍ വേറെയില്ലെന്നു പറയാം. ഇതു പ്രതീക്ഷിച്ചിരുന്നോ?
ഞാന്‍ സിനിമയിലേക്ക് തന്നെ വീണ്ടും വരുമെന്ന് തീര്‍ച്ചയുണ്ടായിരുന്നു. പക്ഷേ ഇത്തരത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരികെയെത്തുമ്പോള്‍ എങ്ങനെയാകും എന്നൊരു ചിന്തയായിരുന്നു മനസ്സില്‍. പക്ഷേ എല്ലാവരും മുമ്പത്തെക്കാള്‍ കൂടുതല്‍ സ്‌നേഹമാണ് നല്‍കിയത്. അതില്‍ സന്തോഷമുണ്ട്.
രണ്ടാം വരവില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഓരോ സിനിമയിലും വ്യത്യസ്തമാണ്.. എന്തെങ്കിലും തയ്യാറെടുപ്പുകള്‍?
അങ്ങനെയില്ല. ട്വന്റി ട്വന്റി എന്ന സിനിമയില്‍ ഒരു ഗാനരംഗത്ത് അല്‍പനേരം മാത്രംഅഭിനയിച്ചുകൊണ്ടാണ് ഞാന്‍ രണ്ടാം വട്ടം സിനിമയിലേക്ക് വരുന്നത്. പിന്നീട് ലോലിപോപ്പ്, സെവന്‍സ്, ഗുലുമാല്‍, മമ്മീ ആന്‍ഡ് മീ എന്നിങ്ങനെ കുറച്ച് ചിത്രങ്ങള്‍. ഇതില്‍ മമ്മീ ആന്‍ഡ് മീ ഉര്‍വശി ചേച്ചിയുടെ സിനിമയായിരുന്നു എന്നു പറയാം. എന്നാല്‍ എല്‍സമ്മ എന്ന ആണ്‍കുട്ടിയായിരുന്നു നായകനെന്ന നിലയില്‍ ഞാന്‍ അഭിനയിച്ച സിനിമ. എന്റെ അന്നേ വരെയുള്ള എല്ലാ ഇമേജും അടിമുടി മാറ്റി മറിച്ചുകൊണ്ടാണ് ലാല്‍ ജോസ് ആ സിനിമയില്‍ എന്നെ അവതരിപ്പിച്ചത്.
അങ്ങനെയൊരു വേഷത്തില്‍ അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നോ?
ഇല്ല. സിന്ധുരാജും ലാല്‍ ജോസും പാലുണ്ണി എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തന്നപ്പോള്‍ത്തന്നെ എനിക്ക് ആ സിനിമയില്‍ പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരു വേഷത്തില്‍ അഭിനയിച്ചത്.
ശരിക്കും ഒരു ബ്രേക്കായത് ഏതു സിനിമയാണ്.?
ട്രാഫിക്. രാജേഷ് പിളള ആദ്യം കഥ പറയാന്‍ വരുമ്പോള്‍ ഒരു പത്രവാര്‍ത്തയാണ് എന്നെ കാണിച്ചു തന്നത്. എന്നിട്ട് ഇതാണ് സിനിമയുടെ കഥ എന്നും പറഞ്ഞു. സത്യത്തില്‍ എനിക്കാദ്യം ഒന്നും മനസ്സിലായില്ല. പിന്നീട് അതിന്റെ തിരക്കഥ എഴുതിയ സഞ്ജയും ബോബിയും കൂടി സിനിമയുടെ പതിനാല് സീനുകള്‍ എഴുതി തയ്യാറാക്കി എന്നെ കാണാന്‍ വന്നു. അത് വായിച്ചപ്പോള്‍ തന്നെ വളരെ പുതുമ തോന്നി. പിന്നെ അവര്‍ ഓരോ പ്രാവശ്യവും എന്നെക്കാണാന്‍ വരുമ്പോള്‍ എഴുതി തീര്‍ത്ത സീന്‍സ് കാണിക്കും. തിരക്കഥ വായിച്ചു പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ ഒരു കാര്യം തീരുമാനിച്ചിരുന്നു. ആ സിനിമയില്‍ ഡോ.എബിയുടേതല്ല, ഏതു റോള്‍ തന്നാലും ഞാന്‍ അഭിനയിക്കുമെന്ന്.
ട്രാഫിക്കില്‍ അല്‍പ്പം വില്ലന്‍ ടച്ചുള്ള കഥാപാത്രമാണ്.?
ശരിയാണ്. ഞാന്‍ പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന ഭാര്യ എന്നെ വഞ്ചിക്കുകയായിരുന്നു എന്നറിയുമ്പോള്‍ അവളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന ഒരു ഭര്‍ത്താവ്. എങ്കിലും പ്രേക്ഷകര്‍ എന്നെ വെറുക്കുന്നില്ല. അത് ആ കഥാപാത്രത്തിന്റെ വിജയമാണ്.
ഇപ്പോള്‍ എങ്ങോട്ടു തിരിഞ്ഞാലും ന്യൂജനറേഷന്‍ സിനിമയെക്കുറിച്ചു മാത്രമാണ് കേള്‍ക്കുന്നത്. സത്യത്തില്‍ ഇങ്ങനെയൊരു വിഭാഗം സിനിമകളുണ്ടോ?
ചെറുപ്പക്കാരായ നിരവധി സംവിധായകരാണ് ഇപ്പോള്‍ മലയാള സിനിമയിലേക്ക് വരുന്നത്. അവര്‍ പറയുന്ന കഥയ്ക്കും അതവതരിപ്പിക്കുന്ന രീതിക്കുമെല്ലാം വളരെ പുതുമയുമുണ്ട്. അവരുടെ ചിന്തകള്‍ പോലും വ്യത്യസ്തമാണ്. ഒരു പക്ഷേ അത് കാലത്തിന്റെ മാറ്റം കൂടിയാവാം. പറയാനുള്ള കാര്യങ്ങള്‍ ഒട്ടും മറച്ചു വയ്ക്കാതെ തങ്ങളുടെ സിനിമകളിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം അവര്‍ കാണിക്കുന്നുണ്ട്. ഇതിനെയാകാം ന്യൂജനറേഷന്‍ സിനിമയെന്നു വിളിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ എപ്പോഴും നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു എനിക്ക് ന്യൂ ജനറേഷനെന്നോ ഓള്‍ഡ് ജനറേഷനെന്നോ വേര്‍തിരിവില്ല.
ബിജുമേനോനുമായും ഒരു ഹിറ്റ് കൂട്ടുകെട്ടായി?
അത് തികച്ചും യാദൃച്ഛികമാണ്. ഓര്‍ഡിനറിയില്‍ ഞങ്ങള്‍ ഹിറ്റായപ്പോള്‍ സീനിയേഴ്‌സ്, റോമന്‍സ്, മല്ലൂ സിംഗ് എന്നിങ്ങനെ വീണ്ടും കുറേ സിനിമകള്‍ കൂടി വന്നു. ആ സിനിമകളും സാമ്പത്തിക വിജയം നേടിയത് സൗഹൃദം കുറച്ചു കൂടി ശക്തമാക്കി. സിനിമയ്ക്കു പുറത്തും ഞാനും ബിജുവും തമ്മിലും ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല സൗഹൃദമാണ്.
ചാക്കോച്ചന്റെ വിവാഹത്തിനു മുമ്പ് അഭിനയിച്ച സിനിമകളില്‍ പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ നായികമാരുമായി അത്ര അടുപ്പം കാട്ടിയിരുന്നില്ല. പക്ഷേ ഇപ്പോള്‍ അത്തരം സീനുകളില്‍ വളരെ സ്വാഭാവികതയോടെ ചാക്കോച്ചന്‍ അഭിനയിക്കുന്നു.?
വിവാഹത്തിനു ശേഷമാണ് ഞാനും പ്രിയയും തമ്മില്‍ യഥാര്‍ത്ഥപ്രണയം തുടങ്ങിയത്. ഒരു പക്ഷേ അതുകൊണ്ടായിരിക്കും. സ്വന്തം ജീവിതത്തില്‍ പ്രണയം അതിന്റെ എല്ലാ തീവ്രതയോടും കൂടി അനുഭവിക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്കത് സിനിമയില്‍ അഭിനയിച്ച് കാണിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല.
ട്രാഫിക്, സ്പാനിഷ് മസാല ഈ സിനിമകളിലെല്ലാം പ്രണയരംഗങ്ങളുണ്ട്. പ്രിയ ഇതൊക്കെ കണ്ടിട്ട് എന്തു പറയും?
പ്രിയ എന്റെ ഭാര്യ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും നല്ലൊരു വിമര്‍ശകയും കൂടിയാണ്. സിനിമയും ജീവിതവും വേറിട്ട് കാണാന്‍ പ്രിയയ്ക്കു കഴിയും. ഞാന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളും പ്രിയ നന്നായി ശ്രദ്ധിച്ചു കാണാറുണ്ട്. അഭിനന്ദനമായാലും വിമര്‍ശനമായാലും പ്രിയ എന്നോട് തുറന്നു പറയാറുണ്ട്.. പ്രണയരംഗങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ പ്രിയയെന്നെ കളിയാക്കാറുണ്ട്. നല്ല ഹ്യൂമര്‍ സെന്‍സുള്ള ആളാണ് കക്ഷി.
പ്രിയ ചാക്കോച്ചന്റെ കൂടെ എല്ലാ ലൊക്കേഷനിലും വരുന്നുണ്ടല്ലോ. ഭാര്യ എപ്പോഴും കൂടെ വേണമെന്ന് നിര്‍ബന്ധമുള്ള ആളാണോ?
ഭാര്യ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍. അല്ലാതെ ഭാര്യ എപ്പോഴും കൂടെ വേണം എന്ന നിര്‍ബന്ധബുദ്ധിയൊന്നും എനിക്കില്ല. തികച്ചും സ്‌നേഹവതിയായ ഭാര്യ. അവള്‍ എപ്പോഴും എന്റെ കൂടെയുണ്ടാവുന്നതില്‍ എന്താണ് തെറ്റ്. വേറെ എങ്ങുമല്ലല്ലോ, ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എന്റെ കൂടെ തന്നെയല്ലേ.
ആരൊക്കെയാണ് സിനിമയിലെ സുഹൃത്തുക്കള്‍?
എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് ജയസൂര്യ, ബിജു മേനോന്‍, ഇന്ദ്രജിത്ത്, അനുപ് മേനോന്‍ എന്നിവരുമായി. ഞങ്ങള്‍ എല്ലാവരും ഫാമിലി വിസിറ്റ് നടത്താറുണ്ട്.
പെണ്‍സുഹൃത്തുക്കള്‍?
കൂടെ അഭിനയിക്കുന്ന മിക്ക നടിമാരുമായും നല്ല ഫ്രണ്ട്ഷിപ്പാണ്. കാവ്യ, ഭാവന, ഭാമ, രമ്യ നമ്പീശന്‍ ഇവരൊക്കെ എന്റെ മാത്രമല്ല പ്രിയയുടേയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.
നല്ലൊരു കുടുംബജീവിതം കിട്ടിയെന്ന് പറഞ്ഞല്ലോ. എങ്ങനെയാണ് അത് സ്വയം ബോദ്ധ്യമായത്?
ഒന്നാമത് എനിക്ക് കുടുംബജീവിതത്തില്‍ അഭിനയിക്കേണ്ടിവരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുന്ന ഭാര്യയാണ് പ്രിയ. ഭാര്യയെ നന്നായി മനസ്സിലാക്കുന്ന ഭര്‍ത്താവാണ് ഞാന്‍. ഒരേ വേവ് ലെംഗ്തില്‍ ചിന്തിക്കാനും ഒരേ മനസ്സോടെ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും പരസ്പരപൂരകമായി പെരുമാറാനും ജീവിക്കാനും ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. എന്റെ മൊബൈല്‍ ഫോണ്‍ മിക്കവാറും അറ്റന്‍ഡ് ചെയ്യുന്നത് പ്രിയയാണ്. അല്ലാതെ അത് എന്റെ ഫോണാണ് എനിക്ക് വരുന്ന കാളുകള്‍ നീ അറിയേണ്ട കാര്യമില്ല എന്ന് ഞാന്‍ പറയാറില്ല. പ്രിയയ്ക്ക് അറ്റന്‍ഡ് ചെയ്യാന്‍ പറ്റാത്ത ആരും എന്നെ വിളിക്കാനുള്ള സാഹചര്യം ഞാന്‍ ഉണ്ടാക്കാറുമില്ല. അത്രമാത്രം പരസ്പര വിശ്വാസമുണ്ട്. എന്റെ ഇ-മെയില്‍ ഐ.ഡി. പോലും ചെക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്. രഹസ്യങ്ങളുടെ ഒരു മറ ഞങ്ങള്‍ക്കിടയിലില്ല.
ചാക്കോച്ചന്റെ ആരാധകരില്‍ സിംഹഭാഗവും സ്ത്രീകളാണെന്നാണ് പൊതുവിലയിരുത്തല്‍. പ്രത്യേകിച്ചും അവിവാഹിതരായ പെണ്‍കുട്ടികള്‍. ചാക്കോച്ചന്‍ വിവാഹം കഴിച്ചതോടെ അത്തരക്കാര്‍ക്ക് പഴയ അടുപ്പമുണ്ടോ?
എന്റെ ആരാധകരില്‍ കൂടുതലും സ്ത്രീകളാണെന്ന് പറയുന്നത് ഞാനല്ല. മാധ്യമങ്ങളാണ്. അതുകൊണ്ട് അവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടോയെന്ന് പറയാനും ഞാന്‍ ആളല്ല. പിന്നെ ആരാധികമാരുണ്ടായിരുന്നത് ശരിയാണ്. അവര്‍ അന്ന് ഏതാണ്ട് എന്റെ അതേ പ്രായക്കാരായിരുന്നു. അവര്‍ എന്നേപ്പോലെ തന്നെ വളര്‍ന്നു. വിവാഹം കഴിച്ച് കുട്ടികളായി. ഇപ്പോള്‍ എന്റെ പ്രായത്തിലെത്തി നില്‍ക്കുകയാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യാപരിക്കുന്ന അവര്‍ ഇപ്പോള്‍ എന്നെപ്പറ്റി ചിന്തിച്ചിരിക്കാനുള്ള ഒരു മാനസികാവസ്ഥയിലാവില്ല. പണ്ട് എനിക്ക് പ്രേമലേഖനങ്ങള്‍ എഴുതിയിരുന്നവരാരും ഇപ്പോള്‍ ആ പ്രായത്തിലില്ല. ആരാധകരേക്കാളുപരി ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കൂടുതല്‍ നന്നായി ചെയ്യാനാണ് എന്റെ ശ്രമം.
(കടപ്പാട്-മംഗളം)