ലണ്ടന്‍: വിസിറ്റിങ് വീസയില്‍ ബ്രിട്ടണിലെത്തുന്ന ഇന്ത്യക്കാര്‍ അടങ്ങുന്ന വിദേശ സന്ദര്‍ശകര്‍ 3000 പൗണ്ടിന്റെ സെക്യൂരിറ്റി ബോണ്ട് കെട്ടിവയ്‌ക്കണമെന്ന വിവാദ തീരുമാനം ഉപേക്ഷിച്ചു. ആഭ്യന്തര മന്ത്രാലയമാണ് സന്ദര്‍ശക വിസയിലെത്തുന്നവര്‍ സെക്യൂരിറ്റി ബോണ്ട് കെട്ടിവെയ്ക്കണമെന്ന തീരുമാനം ഉപേക്ഷിച്ചതായി അറിയിച്ചത്. ഉപപ്രധാനമന്ത്രി നിക് ക്ലെഗ്ഗ് അടക്കമുള്ളവര്‍ പദ്ധതിക്കെതിരെ രംഗത്തുവന്നതോടെയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ഹോം സെക്രട്ടറി തെരേസ മെയ് യാണ് ബ്രിട്ടണില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ പോലും മൂവായിരം പൗണ്ടിന്‍റെ ബോണ്ട് കെട്ടിവെയ്ക്കണമെന്ന തീരുമാനമെടുത്തത്. ഇത് ഈ നവംബറില്‍തന്നെ നടപ്പിലാക്കാനും പദ്ധതിയുണ്ടായിരുന്നു. ബ്രിട്ടണില്‍ സന്ദര്‍ശക വിസയിലെത്തി ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ബ്രിട്ടണ്‍ തയ്യാറെടുത്തത്.
ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശകര്‍ 3000 പൗണ്ടിന്റെ ബോണ്ട് കെട്ടിവയ്‌ക്കണമെന്ന നിബന്ധനയ്‌ക്കെതിരേ വാണിജ്യ സെക്രട്ടറി വിന്‍സ് കേബിള്‍ പര്യമായി രംഗത്തെത്തിയിരുന്നു. യാഥാസ്‌ഥിതിക പാര്‍ട്ടി നേതൃത്വം നല്‍കുന്ന കൂട്ടുകക്ഷി സര്‍ക്കാരില്‍ പങ്കാളിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണു കേബിള്‍. തീരുമാനത്തിനെതിരേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കടുത്ത പ്രതികരണമാണു ലഭിക്കുന്നതെന്നു അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യ, പാകിസ്‌താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ആറു മാസ വിസയിലെത്തുന്നവര്‍ 3000 പൗണ്ട് ബോണ്ട് നല്‍കണമെന്ന നിര്‍ദേശം വലിയ വിവാദമായിരുന്നു.ഈ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കു തീരുമാനം തിരിച്ചടിയാകുമെന്നു കേബിള്‍ അഭിപ്രായപ്പെട്ടിരുന്നു
നേരത്തെ വിവാദ കുടിയേറ്റനിയമം നടപ്പിലാക്കുന്നതിനു മുന്നോടിയായി ബ്രിട്ടണ്‍ ഇന്ത്യയുടെ അഭിപ്രായം തേടിയിരുന്നു. പരിഷ്‌കരിച്ച കുടിയേറ്റനിയമം സംബന്ധിച്ച് ബ്രിട്ടനിലെ പാര്‍ലമെന്‍ററി സമിതിയാണ് ഇന്ത്യയുടെ അഭിപ്രായം തേടിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഇന്ത്യന്‍ വംശജനായ ലേബര്‍ പാര്‍ട്ടി എം.പി കെയ്ത് വാസ് അധ്യക്ഷനായ സമിതിയാണ് അഭിപ്രായം ചോദിച്ച് കത്തയച്ചത്.
ബ്രിട്ടനിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍കര്‍ 3000 പൗണ്ട് (2,71,000 രൂപ) കെട്ടിവെക്കണമെന്നാണ് പരിഷ്‌കരിച്ച കുടിയേറ്റ നിയമത്തിലെ പ്രധാന ശുപാര്‍ശ. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും തുക കെട്ടിവെക്കണമെന്നാണ് നിര്‍ദേശം. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിസ കാലാവധി കഴിഞ്ഞും മടങ്ങിപ്പോകാത്ത സ്ഥിതിയുണ്ടെന്നും ഇതൊഴിവാക്കാനാണ് ബോണ്ട് നിര്‍ബന്ധമാക്കിയതെന്നുമായിരുന്നു ബ്രിട്ടന്റെ വിശദീകരണം.
സമാനമായ കത്ത്, നിയമം ബാധകമായ രാജ്യങ്ങള്‍ക്കും ബ്രിട്ടന്‍ അയച്ചിരുന്നു. പുതിയ നിയമം വര്‍ണവിവേചനത്തിന് തുല്യമാണെന്നാണ് നൈജീരിയ മറുപടി നല്കിയത്. അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ വിഷയം ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുന്‍കരുതല്‍ ആവശ്യമുള്ളവര്‍ മാത്രമേ തുക കെട്ടിവെക്കേണ്ടതുള്ളൂവെന്നും അടുത്തവര്‍ഷം അവസാനം ഇത് പുനഃപരിശോധിക്കുമെന്നുമാണ് ബ്രിട്ടന്‍ അന്ന് പറഞ്ഞത്.
മലയാളികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു വിവാദ നിര്‍ദേശം. നൂറുകണക്കിന് മലയാളികള്‍ തങ്ങളുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും ആറുമാസത്തെ വിസിറ്റിങ് വീസയില്‍ യു.കെ.യില്‍ കൊണ്ടു വരുന്നുണ്ട്. പുതിയ നിയമം നടപ്പാക്കിയാല്‍ മലയാളികള്‍ക്ക് മാതാപിതാക്കളെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാകും. നിലവില്‍ 7600 രൂപയാണ് വിസിറ്റി വീസ ലഭിക്കുന്നതിനുള്ള ഫീസ്. അപ്പനെയും അമ്മയെയും യു.കെ.യില്‍ വിസിറ്റ് വീസയില്‍ കൊണ്ടുവരാന്‍ ഏതാണ്ട് 15200 രൂപ മതി. എന്നാല്‍ ഈ തുകക്ക് ഒപ്പം ഒരു വീസക്ക് മൂവായിരം പൗണ്ട് വീതം കെട്ടിവെക്കണമെന്ന നിയമം വന്നാല്‍ ഇടത്തരക്കാര്‍ക്ക് വിസിറ്റിങ്ങ് വീസക്ക് അപേക്ഷിക്കാന്‍ കഴിയാതെ വരും. സമ്പന്നര്‍ക്ക് മാത്രമേ വിസിറ്റിങ് വീസയില്‍ പോലും വരാന്‍ കഴിയൂ എന്ന സാഹചര്യമാകും വരിക. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവരാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരിക.
യു.കെ.യിലുള്ള മക്കള്‍ നാട്ടില്‍ ഒറ്റക്ക് താമസിക്കുന്ന മാതാപിതാക്കളെ ഇടക്കിടെ വിസിറ്റിങ് വീസയില്‍ കൊണ്ടുവരാറുണ്ട്. വീസ ഫീസ് മാത്രമാണ് ഇപ്പോള്‍ അതിനുള്ള ചെലവ്. ബോണ്ട് തുക കെട്ടിവെക്കണമെന്ന നിര്‍ദേശം വന്നാല്‍ നല്ലൊരു ശതമാനം മലയാളികള്‍ക്കും മാതാപിതാക്കളെ കൊണ്ടുവരാന്‍ ബുദ്ധിമുട്ട് വരും. ആറുമാസത്തെ വിസിറ്റിങ് വീസയില്‍ എത്തുന്നവര്‍ വീസ കാലാവധിക്ക് ശേഷം തങ്ങിയാല്‍ ബോണ്ട് തുക നഷ്ടപ്പെടും. വീസ കാലാവധിക്കുള്ളില്‍ മടങ്ങിയാല്‍ തുക തിരിച്ചു ലഭിക്കും എന്നിങ്ങനെയായിരുന്നു നിബന്ധന.
നിലവില്‍ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങള്‍ വിസിറ്റിഗ് വിസയിലെത്തുന്നവര്‍ക്ക് സെക്യൂരിറ്റി ബോണ്ടുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബ്രിട്ടണും ആ പാത പിന്തുടരാന്‍ തന്നെയായിരുന്നു തീരുമാനം. ബ്രിട്ടണിലേക്കുള്ള കുടിയേറ്റം തടയുന്നതിന് അഞ്ചുവര്‍ഷം മുമ്പ് ലേബര്‍ പാര്‍ട്ടി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നു നിയമമായിരുന്നു സെക്യൂരിറ്റി ബോണ്ട്.