ഇന്റര്‍വ്യൂ

മുകേഷുമായി പ്രണയത്തിലായിരുന്നില്ല- മേതില്‍ ദേവിക



അടുത്തിടെ കേരളത്തില്‍ ഏറെ ചര്‍ച്ച വിഷയമായ വിവാഹമായിരുന്നു നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയുടെയും. ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തതും അതിനെതിരെ മുകേഷിന്റെ മുന്‍ ഭാര്യ സരിത രംഗത്തുവന്നതും വലിയ വാര്‍ത്തയായിരുന്നു. ദേവികയുടെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവാഹം താല്പ്പര്യമില്ലായിരുന്നു എന്ന് വരെ കഥകള്‍ പ്രചരിച്ചു. ഒക്‌ടോബര്‍ 24-ന് രാവിലെ 9-ന് എറണാകുളത്തെ മരടിലുള്ള മുകേഷിന്റെ വസതിയില്‍ പ്രത്യേകം സജ്ജമാക്കിയ വിവാഹമണ്ഡപത്തിലാണ് മുകേഷ് ദേവികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മുകേഷിന്റെയും ദേവികയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിനു സാക്ഷ്യം വഹിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് മേതില്‍ ദേവിക ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലൂടെ മനസു തുറന്നു.


മുകേഷുമായി ദേവിക നേരത്തെ പ്രണയത്തിലായിരുന്നോ?

ഞങ്ങള്‍ പ്രണയത്തിലായിരുന്നില്ല. എല്ലാവരെയും പോലെ സിനിമാ നടന്‍ എന്ന പരിചയമാണ് എനിക്കുള്ളത്. ഞാനൊരു നര്‍ത്തകിയാണ്. മുകേഷേട്ടനെ വിവാഹം കഴിക്കുമെന്ന് ഞാനൊരിക്കലും സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല.


മുകേഷ് കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കുമ്പോള്‍ ദേവിക ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നല്ലോ?

അതെ. കേരള സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കുമ്പോഴാണ് ഞാന്‍ മുകേഷേട്ടനെ പരിചയപ്പെടുന്നത്. ജനറല്‍ കൗണ്‍സില്‍ അംഗം എന്ന നിലയിലുള്ള പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. അതല്ലാതെ സൗഹൃദസംഭാഷണം പോലും ഉണ്ടായിരുന്നില്ല.


മുകേഷുമായുള്ള വിവാഹത്തിനുള്ള ഓഫറുണ്ടായപ്പോള്‍ എന്തു തോന്നി?

എന്റെ ചില അടുത്ത സുഹൃത്തുക്കളാണ് മുകേഷേട്ടനുമായുള്ള വിവാഹത്തിന്റെ കാര്യം എന്നോട് സൂചിപ്പിച്ചത്. ഇത്തരമൊരു നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ഞാന്‍ പറ്റില്ലെന്നു പറഞ്ഞു.


വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന മുകേഷിന്റെ നിര്‍ദ്ദേശം ദേവിക ഗൗരവത്തോടെ എടുത്തത് എപ്പോഴായിരുന്നു?


മുകേഷേട്ടന്റെ സഹോദരി സന്ധ്യാ രാജേന്ദ്രനും ഭര്‍ത്താവ് ഇ.എ. രാജേന്ദ്രനുമാണ് വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് ആദ്യം എന്നെ കാണാനെത്തിയത്. സത്യം പറഞ്ഞാല്‍ അപ്പോഴാണ് ഞാന്‍ ഇക്കാര്യം സീരിയസായി എടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇരുവരും എന്നെ കാണാന്‍ വന്നിരുന്നത്.


സിനിമാതാരമെന്ന നിലയില്‍ മുകേഷുമായുള്ള വിവാഹാലോചന വന്നപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നോ?

തീര്‍ച്ചയായും. ടെന്‍ഷനുണ്ടായിരുന്നു. ഒരുതരം അപരിചിതത്വമുണ്ടാവുന്നത് സ്വാഭാവികമാണല്ലോ.


മുകേഷിനെ വിവാഹം കഴിക്കാമെന്നു തോന്നിയത് എപ്പോഴായിരുന്നു?

തുടക്കം മുതല്‍ക്കുതന്നെ ഞങ്ങള്‍ മനസ് തുറന്ന് സംസാരിക്കാന്‍ തുടങ്ങി. നൃത്തത്തിലും ജീവിതത്തിലുമുള്ള എന്റെ കാഴ്ചപ്പാടുകളെല്ലാം ഞാന്‍ തുറന്നുപറഞ്ഞു. കഴിഞ്ഞ ആറുമാസമായി ഞങ്ങള്‍ മനസ് തുറന്ന് സംസാരിച്ചതോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.


വിവാഹം കഴിക്കാന്‍ തയാറായപ്പോള്‍ ജാതകം നോക്കിയിരുന്നോ?


തീര്‍ച്ചയായും. എന്റെ അച്ഛനും അമ്മയ്ക്കും ജാതകം നോക്കണമെന്നുണ്ടായിരുന്നു. പ്രശസ്തനായ പാടൂര്‍ പണിക്കരാണ് ജാതകം നോക്കിയത്. നല്ല ചേര്‍ച്ചയുണ്ടെന്നു പറഞ്ഞതോടെ കാര്യങ്ങളൊക്കെ ശുഭകരമായി മാറുകയായിരുന്നു.

ശരിക്കും ആറുമാസം പ്രണയകാലമായിരുന്നോ?

പ്രണയമെന്നൊന്നും പറയാനാവില്ല. എന്തെങ്കിലും സംസാരിക്കുമ്പോള്‍ തന്നെ മുകേഷേട്ടന്‍ അഞ്ചു മിനിറ്റില്‍ കൂടുതല്‍ സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോള്‍ ഒരു വ്യക്തിയെ കൂടുതല്‍ അടുത്തറിയുമ്പോള്‍ ഒരുപക്ഷേ അത് പ്രണയമായി മാറുമായിരിക്കാം.


പാലക്കാട് നിന്നും മരടിലേക്ക് താമസം മാറ്റുമ്പോള്‍ ശ്രീപാദം നാട്യക്കളരിയുടെ പ്രവര്‍ത്തനം?

പാലക്കാട് നിന്നും മരടിലെ മുകേഷേട്ടന്റെ വീട്ടിലേക്ക് താമസം മാറ്റുമ്പോള്‍ ശ്രീപാദം നാട്യക്കളരിയുടെ പ്രവര്‍ത്തനം തടസപ്പെടുകയൊന്നുമില്ല. പിന്നെ ഇരുപത് സ്റ്റുഡന്റ്‌സിനെയാണ് ഞാന്‍ പഠിപ്പിക്കുന്നത്. അത് മാസത്തില്‍ നാലോ, അഞ്ചോ ദിവസം ഇവിടെ വന്ന് പഠിപ്പിക്കാന്‍ നോക്കും.

നൃത്തശാഖയില്‍ ദേവിക നടത്തുന്ന പരീക്ഷണങ്ങള്‍?

മോഹിനിയാട്ടവും കുച്ചിപ്പുഡിയുമാണ് എനിക്കിഷ്ടം. മോഹിനിയാട്ടത്തില്‍ അഗമശാസ്ത്രത്തിലെ ചിഹ്നഹ്‌നങ്ങളെക്കുറിച്ചാണ് ഞാന്‍ റിസര്‍ച്ച് ചെയ്യുന്നത്. പിന്നെ, ദേവദാസി സമ്പ്രദായത്തില്‍ ജീവിക്കുന്ന ദേവദാസികളെ കാണാന്‍ ഞാന്‍ ഒറീസയിലെ ജഗന്നാഥ ടെമ്പിളില്‍ പോയിരുന്നു. എനിക്കത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. എട്ടും പത്തും വയസില്‍ ദൈവങ്ങളെ കല്യാണം കഴിച്ച് അമ്പലങ്ങളില്‍ താമസിക്കുന്നവരാണ് ദേവദാസികള്‍. പ്രായമായവര്‍ക്ക് ദേവന്മാരെ സേവിക്കാനാവില്ല. അമ്പലത്തിനു പുറത്താണ് അവരുടെ സ്ഥാനം. കരിങ്കല്ലില്‍ കൊത്തിയ ദേവന്മാരുമായി അവര്‍ ആത്മസല്ലാപം നടത്തുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ദേവദാസികളുമായി അടുത്തത് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല.


സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം തോന്നിയിരുന്നില്ലേ?

സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് ഓഫര്‍ ലഭിച്ചിരുന്നു. എന്റെ പ്രൊഫഷന്‍ നൃത്തമാണ്. നൃത്തത്തില്‍ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.


നൃത്തശാഖയില്‍ ഇനി ദേവിക നടത്താന്‍ പോകുന്ന പരീക്ഷണങ്ങള്‍?

മലയാളസിനിമയില്‍ നൃത്തത്തിന്റെ പരമ്പരാഗത വഴികളെക്കുറിച്ച് കാര്യമായൊരു വിശകലനം നടന്നിട്ടില്ല. ശാസ്ത്രീയ നൃത്തശാഖയിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പരിണാമങ്ങളെ പഠനവിധേയമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയ്ക്കു പറ്റിയ ഒരുപാട് ഇമോഷന്‍സുള്ള സ്‌ക്രിപ്റ്റുകള്‍ക്ക് നൃത്തത്തില്‍ സാധ്യതയുണ്ട്. പിന്നെ വേദിക് താന്ത്രിക് മുദ്രകളെക്കുറിച്ച് പറയാറുണ്ടെങ്കിലും എന്താണ് മുദ്രകളെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, തമിഴ് സംഘകാല സാഹിത്യത്തിന്റെ അടിസ്ഥാനത്തില്‍ നൃത്തശാഖയുടെ വ്യതിയാനങ്ങളെക്കുറിച്ചും പഠിക്കാനുള്ള തയാറെടുപ്പിലാണ്.


കുടുംബത്തെക്കുറിച്ച്?

അച്ഛന്‍ രാജഗോപാല്‍. അമ്മ മേതില്‍ രാജേശ്വരി. എന്റെ മകന്‍ ദേവാംഗ് രണ്ടാം ക്ലാസില്‍ പഠിക്കുന്നു. മൂത്ത സഹോദരി മേതില്‍ രാധിക അമേരിക്കയിലാണ്. രണ്ടാമത്തെയാള്‍ മേതില്‍ രേണുക ജേര്‍ണലിസ്റ്റാണ്. ഞാനാണ് ഇളയ മകള്‍. എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്‍ അമ്മയുടെ സഹോദരനാണ്. അമ്മയുടെ മൂത്ത സഹോദരി വേദവതി പ്രശസ്ത സാഹിത്യകാരനായ വി.കെ.എന്നിന്റെ ഭാര്യയാണ്. ചലച്ചിത്ര സംവിധായകന്‍ വി.കെ. പ്രകാശ് അച്ഛന്റെ കുടുംബത്തിലെ അംഗമാണ്.


മുകേഷിന്റെ ഭാര്യയുടെ റോളിലേക്ക് കടന്നുവന്നപ്പോള്‍ എന്തു തോന്നുന്നു?

ഒരു കുടുംബത്തില്‍ രണ്ടുപേരും കലാകാരന്മാരാണ്. കലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. പരസ്പരം മനസിലാക്കി ജീവിക്കാനും പ്രത്യേക എനര്‍ജിയോടെ കലയ്ക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions