ലണ്ടന്‍ : ഇന്ന് പെണ്‍കുഞ്ഞു ജനിച്ചാല്‍ അവള്‍ക്കു ആയുസ് നൂറിനപ്പുറം, എന്നാല്‍ ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ സപ്തതി പോലും പിന്നിടാത്ത അവസ്ഥ. പ്രാദേശിക പ്രത്യേകതകള്‍ മൂലം യുകെയില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ വ്യതിയാനം വരുന്നതായി സര്‍ക്കാര്‍ കണക്കുകള്‍. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പിറക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് 100 വയസിന് മുകളില്‍ ആയുസുണ്ടാകുകയെന്ന് 'പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടി'ന്റെ പക്കലുള്ള കണക്കുകള്‍ചൂണ്ടിക്കാട്ടുന്നു.
നോര്‍ത്തംബര്‍ലാന്‍ഡ് നോര്‍ത്ത് ബേണ്‍ എസ്‌റ്റേറ്റില്‍ പിറക്കുന്ന ഒരു പെണ്‍കുട്ടിക്ക് 105 വയസാണ് ആയുര്‍ദൈര്‍ഘ്യം. ബെഗാര്‍വുഡ്, ഡീന്‍ എന്നിവിടങ്ങളില്‍ പിറക്കുന്നവര്‍ക്കാകട്ടെ 104.3ും ആയുസ് പ്രവചിക്കപ്പെടുന്നു. അതേസമയം ഇവിടെ ജനിക്കുന്ന ആണ്‍കുട്ടികള്‍ 67 നപ്പുറം പോകില്ല എന്നതാണ് കണക്കിലെ പ്രധാന പ്രത്യേകത. അതായത് ഇവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മുപ്പതു വയസിലേറെ ആയുസ് കൂടുതലാണ്.
എന്നാല്‍ ലണ്ടന്‍, ക്രൗളി എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍, വെസ്റ്റ് സസെക്‌സ് എന്നിവിടങ്ങളില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ ഭാഗ്യവാന്‍മാരാണ്. കാരണം ഇവിടെആണ്‍കുട്ടികള്‍ക്ക് 98 വയസ് വരെ ആയുസ് രേഖപ്പെടുത്തുന്നുണ്ട്. ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങളില്‍ ജനിക്കുന്ന ആണ്‍കുട്ടികളേക്കാള്‍ 30 വര്‍ഷം അധികം ജീവിക്കാന്‍ ഇവിടെയുള്ളവര്‍ക്ക് ഭാഗ്യം ലഭിക്കുന്നു.
ബ്രാഡ്‌ഫോര്‍ഡ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ പിറക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആയുസ് കുറവാണ്. ഇവിടെ ജനിക്കുന്ന പെണ്‍കുട്ടികള്‍ 73ാം പിറന്നാള്‍ ആഘോഷത്തിലേക്ക് എത്തിപ്പെടാറില്ല എന്നാണു പ്രവചനം. എങ്കിലും പൊതുവെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ജനിക്കുന്ന ആണ്‍കുട്ടികളേക്കാള്‍ 30 വര്‍ഷം വരെ അധികം ജീവിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഭാഗ്യം ലഭിക്കുന്നു. ജീവിത രീതി, മാനസിക സമ്മര്‍ദം എന്നിവയൊക്കെ ആയുസിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.
'പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടി'ലെ പ്രൊഫസര്‍ ജോണ് ന്യൂട്ടണ്‍ പറയുന്നത് 2000 മുതല്‍ 2012 വരെ, ആയുര്‍ദൈര്‍ഘ്യത്തില്‍ ആണ്‍കുട്ടികള്‍ക്ക് 3.2 വര്‍ഷത്തിന്റെയും പെണ്‍കുട്ടികള്‍ക്ക് 2.4 വര്‍ഷത്തിന്റെയും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.